Select Your Language

Notifications

webdunia
webdunia
webdunia
webdunia

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും, നായകന്‍ ജയറാം?

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും, നായകന്‍ ജയറാം?
, തിങ്കള്‍, 6 നവം‌ബര്‍ 2017 (21:22 IST)
സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം വീണ്ടും വരികയാണ്. പതിനാറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവരെത്തുമ്പോള്‍ ആരായിരിക്കും നായകന്‍ എന്ന കാര്യത്തിലും ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം. മോഹന്‍ലാല്‍ എന്ന് ഉത്തരം ലഭിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നതെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് സൂചന. ഈ സിനിമയില്‍ ജയറാം നായകനാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഒപ്പം ശ്രീനിവാസനും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കും. സന്ദേശത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും വരുമ്പോള്‍ പൊളിറ്റിക്കല്‍ സറ്റയര്‍ തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷ.
 
സത്യന്‍ - ശ്രീനി ടീം ഇപ്പോള്‍ ഈ സിനിമയുടെ ഡിസ്കഷനിലാണ്. ഇതുമായി ബന്ധപ്പെട്ട് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കിലെഴുതിയ ഒരു കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം:
 
പൊന്മുട്ടയിടുന്ന താറാവിലെ ഒരു രംഗം ഓര്‍മ്മ വരുന്നു.
 
സ്നേഹലതയുടെ പിറന്നാള്‍ ദിവസം അമ്പലത്തിന്റെ മതിലിനരികില്‍ തട്ടാന്‍ ഭാസ്കരനും സ്നേഹലതയും കണ്ടു മുട്ടി. സ്നേഹലതയുടെ അച്ഛന്‍ പണിയാന്‍ ഏല്‍പ്പിച്ചിരുന്ന രണ്ട് കമ്മലുകള്‍ അതീവ സ്നേഹത്തോടെ അവള്‍ക്ക് നല്‍കിക്കൊണ്ട് ഭാസ്കരന്‍ പറഞ്ഞു - "ഒരു ദിവസം തെറ്റിയാണ് നിന്നെ നിന്റെ അമ്മ പ്രസവിച്ചിരുന്നതെങ്കില്‍ ഇന്ന് നമ്മളിങ്ങനെ ഇവിടെ കണ്ടു മുട്ടുമോ?". രഘുനാഥ് പലേരി എഴുതിയതാണ്.
 
ഇനിയുള്ളത് ഇന്നത്തെ യാഥാര്‍ത്ഥ്യം.
 
തൃശൂരില്‍ ഒരു ഫ്ലാറ്റില്‍ പുതിയ സിനിമയുടെ ചര്‍ച്ചകളിലാണ് ഞാനും ശ്രീനിവാസനും. 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' കഴിഞ്ഞിട്ട് പതിനാറ് വര്‍ഷത്തോളമായി. ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള ഒത്തു ചേരലാണ്. രാവിലെ മുതല്‍ രണ്ടു പേരുടെയും മൊബൈലിലേക്ക് മെസ്സേജുകളുടെ പ്രവാഹം. നാടോടിക്കാറ്റിന്റെ മുപ്പതാം വര്‍ഷമാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു നവംബര്‍ ആറിനാണ് ദാസനും വിജയനും മലയാളികളുടെ മുന്നിലേക്ക് ആദ്യമെത്തിയത്. ഞാന്‍ ശ്രീനിവാസനോട് പറഞ്ഞു -
"ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാണ് നാടോടിക്കാറ്റ് റിലീസ് ചെയ്തതെങ്കില്‍ ഇന്ന് ഇവിടെ വച്ച് ഈ മെസ്സേജുകള്‍ നമുക്ക് ഒരുമിച്ചിരുന്ന് വായിക്കാന്‍ പറ്റുമായിരുന്നോ?"
 
ശ്രീനി ചിരിച്ചു.
 
മുപ്പത് വര്‍ഷങ്ങള്‍ എത്ര പെട്ടന്ന് കടന്നുപോയി ! വിനീതും അരുണും അനൂപും അഖിലുമൊക്കെ അന്ന് പിച്ചവച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ധ്യാന്‍ ജനിച്ചിട്ടേയില്ല. ഇന്ന് അവരൊക്കെ യുവാക്കളായി ഞങ്ങളോടൊപ്പം ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
കാലത്തിന് നന്ദി.
 
ദാസനേയും വിജയനേയും ഹൃദയത്തില്‍ ഏറ്റു വാങ്ങിയ ഓരോ മലയാളിക്കും നന്ദി. നവംബര്‍ ആറ് മധുരമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. പുതിയ സിനിമയ്‍ക്ക് വേണ്ടി ഞാനും ശ്രീനിവാസനും തയ്യാറെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വില്ലന്‍’ തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന പ്രേക്ഷകരുടെ വാശി ഹീനയുക്തി: എ കെ സാജന്‍