Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകൾ ഇനി കാണില്ല: ഹരീഷ് വാസുദേവൻ

അമ്മയുടെ നിലപാടിനോട് എതിർപ്പ് പ്രകടിപ്പിച്ചവരുടെ സിനിമകൾ മാത്രമേ ഇനി കാണൂ: അഭിഭാഷകൻ പറയുന്നു

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകൾ ഇനി കാണില്ല: ഹരീഷ് വാസുദേവൻ
, വ്യാഴം, 28 ജൂണ്‍ 2018 (11:06 IST)
താരസംഘടനയിലെ അഭിപ്രായ വ്യത്യാസവും അമ്മയിൽ നിന്നുള്ള നടിമാരുടെ കൂട്ടരാജിയുമാണ് കേരളക്കര ഒട്ടാകെ ചർച്ച ചെയ്യുന്നത്. രാഷ്‌ട്രീയക്കാർ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. 
 
ഇതിന്റെ ഭാഗമായി മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ആളുകള്‍ ഭാഗമായ ഒരു സിനിമയും ഇനി മുതല്‍ കാണില്ലെന്നും ഈ സിനിമകളുടെ സാറ്റലൈറ്റ് അവകാശം വാങ്ങുന്ന ചാനലുകളുമായി സഹകരിക്കില്ലെന്നും പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. 
 
അമ്മയുടെ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച ആളുകളുടെ ചിത്രങ്ങളെ ഇനി മുതല്‍ കാണുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
അങ്ങേയറ്റം പ്രതിലോമകരമായ, പിന്തിരിപ്പനായ, സ്ത്രീവിരുദ്ധരായ, മലയാള സിനിമാ വ്യവസായത്തിലെ അറുവഷളന്‍ ആള്‍ക്കൂട്ടമാണ് AMMA എന്ന പേരില്‍ സംഘടിച്ചിരിക്കുന്നത്. ഇവരാണ് മലയാളി ഇന്നോളം നേടിയ ലിംഗസമത്വ മൂല്യങ്ങള്‍ക്ക് മേല്‍ പാട്രിയാര്‍ക്കിയുടെ കസേര വലിച്ചിട്ടിരുന്നു കാര്‍ക്കിച്ചു തുപ്പുന്നത്. ഇവരെ പേര്‍ത്തും പേര്‍ത്തും കണ്ടും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും പണം കൊടുത്തും മിന്നുന്ന ‘താരങ്ങള്‍ ആക്കിയ നമ്മള്‍ പ്രേക്ഷകരുടെ മുഖത്താണ് ഇപ്പോള്‍ ആ തുപ്പല്‍ വീഴുന്നത്. ആ കൂട്ടായ്മയുടെ നെറികേടിന്റെ ഭാഗമാകാന്‍ ഇനി ഞങ്ങളില്ല എന്ന് ചില മുന്‍നിര നടിമാര്‍ക്ക് പരസ്യമായി പറയേണ്ടി വന്നത്, അവരുടെ കൂലിതര്‍ക്കങ്ങളുടെ പേരിലോ സ്വാര്‍ത്ഥ ലാഭത്തിനോ അല്ല, മലയാള സിനിമാ വ്യവസായത്തില്‍ പണിയെടുത്ത് ജീവിക്കുന്ന ഓരോ പെണ്ണിനും ഭരണഘടന അനുവദിക്കുന്ന ലിംഗസമത്വം എന്ന അവകാശം പോരാടി നേടുന്നതിനാണ്. സ്വന്തം തൊഴില്‍ ഇടം പ്രതിസന്ധിയിലാക്കിയും ഈ രാജി പ്രഖ്യാപിച്ച ആ നടിമാര്‍ക്ക് പിന്തുണ കൊടുത്തില്ലെങ്കില്‍, ഇന്ന് നാം മൗനം പാലിച്ചാല്‍, നമ്മളും ഈ അനീതിയുടെ ഭാഗമാണെന്ന് കാലം വിധിയെഴുതും.
 
ഒരല്‍പം വൈകാരികമാവാം, എന്നാലും എനിക്ക് എന്റെ പരിമിതികളില്‍ നിന്ന് ചെയ്യാവുന്ന ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. ‘അമ്മ’ എന്ന സംഘടനയുടെ ഭാഗമായ ഒരാളുടെയും ഒരു സിനിമയും ഞാന്‍ കാണില്ല. പരമാവധി സുഹൃത്തുക്കളോടും ഈ ബഹിഷ്‌കരണം തുടങ്ങാന്‍ എന്നാല്‍ കഴിയുംവിധം ഞാന്‍ നിര്ബന്ധിക്കും. ഇവരുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും ഞാന്‍ ഇനി സഹകരിക്കില്ല. അമ്മയുടെ തീരുമാനത്തോട് വിയോജിപ്പ് അറിയിക്കുന്ന നടീനടന്മാരുടെ ചിത്രങ്ങള്‍ മാത്രമാവും ഞാന്‍ ഇനി കാണുക, പ്രോത്സാഹിപ്പിക്കുക.
തീര്‍ന്നില്ല, ക്രിമിനലുകളോട് സന്ധി ചെയ്യുന്ന തീയറ്റര്‍ ഉടമകളെ ഇക്കാര്യം എഴുതി അറിയിക്കും, പാര്‍ക്കിങ് സ്പേസ് മുതല്‍ നികുതിയടവ് വരെ അവരുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷണങ്ങള്‍ ആരംഭിക്കും. താരരാജാക്കന്മാരും അവരെ പിന്തുണയ്ക്കുന്നവരും വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ക്ക് വരുമാന നികുതി അടയ്ക്കുന്നുണ്ടോ എന്നും രേഖാമൂലം അന്വേഷിക്കും. ഈ മാഫിയാ ബന്ധം വളരുന്നത് കണ്ടുനില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.
 
അമ്മ എന്ന കൂട്ടായ്മ തെറ്റു തിരുത്തുംവരെ, മലയാളിയുടെ രാഷ്ട്രീയബോധത്തെ പരസ്യമായി ബഹുമാനിക്കുന്നത് വരെ ഞാനീ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കും. എന്റെ നൂറുരൂപ കോടികളുടെ സിനിമാവ്യവസായത്തില്‍ ഒന്നുമല്ലായിരിക്കാം, എന്നാല്‍ പലരുടെ പല നൂറുരൂപകളാണ് കോടികളായി മാറുന്നത്. സംഭവിച്ചത് നിങ്ങളുടെ പെങ്ങള്‍ക്കോ സുഹൃത്തിനോ കുടുംബാംഗത്തിനോ ആണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളൂ. കഴിയാവുന്നത്ര, ഈ സമരത്തില്‍ നമുക്ക് സ്ത്രീത്വത്തെ പിന്തുണയ്ക്കാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ലഫ്റ്റനന്റ് കേണലിൽ നിന്നും കുറച്ചുകൂടി സംസ്കാരമുള്ള നിലപാട് പ്രതീക്ഷിക്കുന്നു: മോഹൻലാലിനെതിരെ വനിതാ കമ്മിഷൻ