Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് കോടതിയിൽ നടന്നത് എന്തൊക്കെയായിരുന്നു?- ദിലീപിന്റെ ഹര്‍ജിയില്‍ നടന്ന വാദത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകൻ പറയുന്നു

അന്ന് കോടതിയിൽ നടന്നത് എന്തൊക്കെയായിരുന്നു?- ദിലീപിന്റെ ഹര്‍ജിയില്‍ നടന്ന വാദത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകൻ പറയുന്നു

അന്ന് കോടതിയിൽ നടന്നത് എന്തൊക്കെയായിരുന്നു?- ദിലീപിന്റെ ഹര്‍ജിയില്‍ നടന്ന വാദത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകൻ പറയുന്നു
, വ്യാഴം, 6 ഡിസം‌ബര്‍ 2018 (10:23 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.  മിനിറ്റിന് ലക്ഷങ്ങള്‍ വാങ്ങുന്ന മുകുള്‍ റോത്തഗിയാണ് ദിലീപിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. അന്ന് കോടതിയിൽ നടന്ന സംഭവങ്ങൾ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിശദമാക്കുകയാണ് ബാലഗോപാൽ ബി എന്ന മാധ്യമപ്രവർത്തകൻ.
 
കുറിപ്പിന്റെ പൂർണ്ണരൂപം:-
 
"മിസ്റ്റർ റോത്തഗി, വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കോ, അല്ലെങ്കിൽ തോക്കിന്റെ പകർപ്പോ തരണം എന്ന് ആവശ്യപ്പെടുന്നത് പോലെ ആണെല്ലോ ഈ ആവശ്യം" : ജസ്റ്റിസ് ഹേമന്ത് ഗുപ്ത
 
"ലോർഡ്‌ഷിപ്പ്, എനിക്ക് വേണ്ടത് മെമ്മറി കാർഡോ , അതിന്റെ പകർപ്പോ അല്ല. അതിലെ ഉള്ളക്കടക്കം ആണ്" ; ഇടത് കൈയ്യിൽ സാൻഡിസ്കിന്റെ 128 ജി ബി മെമ്മറി കാർഡ് ഉയർത്തി പിടിച്ച് മുകുൾ റോത്തഗിയുടെ മറുപടി.
 
നടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച 
കേസിൽ ദിലീപ് നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ ഇന്ന് നടന്നത്
 
***************************************
 
സിനിമയിലെ കോടതി രംഗം പോലെ തന്നെ ആയിരുന്നു ഇന്ന് നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപിന്റെ ഹർജിയിൽ സുപ്രീം കോടതിയിൽ നടന്ന വാദങ്ങളിലെ രംഗങ്ങൾ.
 
കേസ് ആദ്യം വിളിച്ചപ്പോൾ ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയിൽ ഉണ്ടായിരുന്നില്ല. കേസ് പാസ് ഓവർ ആയി. തൊട്ട് പിന്നാലെ റോത്തഗി കോടതി മുറിയിൽ എത്തി. പിന്നീട് ഏതാണ്ട് അര മണിക്കൂറോളം കോടതി മുറിയിൽ തന്നെ ഇരുന്നു. റോത്തഗിയെ പോലെ മിനിട്ടുകൾക്ക് ഫീസ് ഈടാക്കുന്ന ഒരു അഭിഭാഷകൻ ഇങ്ങനെ കോടതി മുറിയിൽ വെറുതെ മറ്റ് കേസുകളുടെ നടപടികൾ കേട്ട് സമയം കളയുന്നത് വിരളമായ കാഴ്ച.
 
എന്റെ കക്ഷി പ്രശസ്തനായ ഒരു ചലച്ചിത്ര താരം എന്ന ആമുഖത്തോടെ ആണ് റോത്തഗി വാദം ആരംഭിച്ചത്. ആദ്യ വരികൾ തന്നെ പൂർത്തീകരിക്കാൻ റോത്തഗിക്ക് സാധിക്കുന്നതിന് മുമ്പ് തന്നെ ജസ്റ്റിസ് ഖാൻവിൽക്കർ വക ചോദ്യം. "ഈ പകർപ്പ് എങ്ങനെ തരും ? വല്ല പേപ്പറോ മറ്റോ ആണെങ്കിൽ ഫോട്ടോ സ്റ്റാറ്റ് കോപ്പി തരാൻ പറയാമായിരുന്നു. ഇ മെയിൽ ആയിരുന്നു എങ്കിൽ പ്രിന്റ് എടുക്കാം ആയിരുന്നു. ഇത് വീഡിയോ ദൃശ്യം അല്ലേ. അതിന്റെ ഫോട്ടോ കോപ്പി ഒന്നും എടുത്തിട്ട് കാര്യമില്ലല്ലോ." ജസ്റ്റിസ് ഖാൻവിൽക്കറിന് ഒപ്പം ഉണ്ടായിരുന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്തയും ഈ നിലപടിനോട് യോജിച്ച് തല ആട്ടി.
 
ഖാൻവിൽക്കറിന്റെ ചോദ്യം റോത്തഗി പ്രതീക്ഷിച്ചിരുന്നു എന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ ഇടത് കൈ ഇടത് ഭാഗത്തേക്ക് നീങ്ങി. ഇടത് ഭാഗത്ത് ഉണ്ടായിരുന്ന രഞ്ജീത റോത്തഗി ഒരു പുതിയ മെമ്മറി കാർഡ് റോത്തഗിയുടെ കൈയിൽ വച്ചു. ഒരു മജീഷ്യന്റെ വേഗതയോടെ റോത്തഗി സാൻഡിസ്‌ക്കിന്റെ ആ മെമ്മറി കാർഡ് ഉയർത്തി. എന്നിട്ട് കോടതിയിൽ വിശദീകരിച്ചു എന്താണ് മെമ്മറി കാർഡും, എക്സ്റ്റേർണൽ ഹാർഡ് ഡിസ്‌കും തമ്മിൽ ഉള്ള വ്യത്യാസം എന്ന്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യം അടങ്ങിയ മെമ്മറി കാർഡിലെ ദൃശ്യം തന്റെ കക്ഷി ഇത് പോലെ ഒരു മെമ്മറി കാർഡിൽ ക്ളോൺ ചെയ്ത് നൽകിയാൽ മതി എന്നാണ് റോത്തഗിയുടെ വാദം.
 
ഹൈകോടതിയുടെ കണ്ടെത്തൽ ശരി അല്ലേ ? അക്രമിക്കപെട്ട നടിയുടെ സ്വകാര്യതയും വിഷയം അല്ലേ ? ജസ്റ്റിസ് ഖാൻവിൽക്കറിന്റെ ഈ ചോദ്യത്തോട് റോത്തഗിയുടെ മറുപടി ഇങ്ങനെ.
 
ദിലീപിനും നീതിപൂർണ്ണമായ വിചാരണയ്ക്ക് അവകാശം ഉണ്ട്. പ്രതിക്ക് കോടതിയിൽ തന്റെ ഭാഗം വിശദീകരിക്കാൻ കേസിന്റെ തെളിവുകൾ അനിവാര്യം ആണ്. സിആർപിസി യുടെ 207 പ്രകാരം ആ കാർഡിന്റെ പകർപ്പ് നൽകാൻ ആകുമോ എന്നാണ് കോടതി പരിശോധിക്കേണ്ടതെന്ന്.
 
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യുഷൻ കേസ്. പീഡനം നടക്കുമ്പോൾ ട്രാഫിക്ക് ഇല്ലായിരുന്നു എന്നും. എന്നാൽ ദിലീപിന്റെ അഭിഭാഷകരെ പ്രോസിക്യുഷൻ കാണിച്ചിരിക്കുന്നത് നിറുത്തി ഇട്ടിരിക്കുന്ന വാഹനത്തിൽ വച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആണ്. ആ ദൃശ്യങ്ങളിൽ ആകട്ടെ ചിലരുടെ ശബ്ദവും കേൾക്കുന്നുണ്ട്. എഡിറ്റിങ് ഇല്ലാത്ത ഒറ്റ ദൃശ്യം അല്ല കാണിക്കുന്നത്. പല പല ദൃശങ്ങൾ കൂട്ടി ചേർത്ത് ഉണ്ടാക്കിയ ഒരു ദൃശ്യം ആണ് കാണിക്കുന്നത്. ഈ കേസിന്റെ നിർണ്ണായക തെളിവ് ആണ് ഈ ദൃശ്യങ്ങൾ. ആ ദൃശ്യങ്ങൾ ലഭിച്ചാൽ പ്രോസിക്യുഷൻ കേസ് വ്യാജം ആണെന്ന് തെളിയിക്കാം. അത് കൊണ്ട് ഇത് ഒരു മെമ്മറി കാർഡിൽ ക്ളോൺ ചെയ്ത് എന്റെ കക്ഷിക്ക് നൽകണം.
 
"മിസ്റ്റർ റോത്തഗി, വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കോ, അല്ലെങ്കിൽ തോക്കിന്റെ പകർപ്പോ തരണം എന്ന് ആവശ്യപ്പെടുന്നത് പോലെ ആണെല്ലോ ഈ ആവശ്യം. മെമ്മറി കാർഡ് രേഖയല്ലെന്നും നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേ" : ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത
 
" ലോർഡ്‌ഷിപ്പ്, എനിക്ക് വേണ്ടത് മെമ്മറി ഡിസ്ക്കോ, അതിന്റെ പകർപ്പോ അല്ല. അതിലെ ഉള്ളക്കടക്കം ആണ്" ; ഇടത് കൈയ്യിൽ സാൻഡിസ്കിന്റെ 128 ജി ബി മെമ്മറി കാർഡ് ഉയർത്തി പിടിച്ചായിരുന്നു മുകുൾ റോത്തഗിയുടെ മറുപടി.
 
 
'മഞ്ജു വാരിയരുടെ പേര് പറയാതെ പറഞ്ഞ് റോത്തഗി'.
 
എന്റെ കക്ഷിയുടെ മുൻ ഭാര്യയോട് പീഡിപ്പിക്ക പെട്ട പെൺകുട്ടി എന്നെ കുറിച്ച് ചിലത് പറഞ്ഞതിൽ ഉള്ള വൈരാഗ്യം ആണ് ഈ പീഡനത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശനങ്ങൾ ആണ് പീഡനത്തിന് കാരണം എന്നും പ്രോസിക്യുഷൻ പറയുന്നു. പീഡിപ്പിച്ചത് ഞാൻ അല്ല. അങ്ങനെ ഒരു വാദം പൊലീസിന് പോലും ഇല്ല. എന്റെ കക്ഷിയുടെ നിരപരാധിത്വം തെളിയിക്കണം. അതിന് എനിക്ക് ഈ നിർണ്ണായകം ആയ തെളിവ് ആവശ്യമാണ്.
 
മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകുന്നതിനെ ശക്തമായി എതിർത്ത് സർക്കാർ.
 
മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരേൻ രാവലിനെ ആണ് സംസ്ഥാന സർക്കാർ ദിലീപിന്റെ ഹർജിയെ എതിർക്കാൻ രംഗത്ത് ഇറക്കിയത്. പോലീസ് റിപ്പോർട്ടിൽ രേഖയായി മെമ്മറി കാർഡ് ചേർത്തിട്ടില്ല. അതിനാൽ അത് രേഖയെന്ന് പരിഗണിച്ചു ഐപിസി പ്രകാരം നൽകാൻ ആകില്ല എന്നും ഹരേൻ റാവൽ വാദിച്ചു.
 
വെള്ളിയാഴ്ചത്തേക്ക് ആയിരുന്നു ദിലീപിന്റെ ഹർജി പരിഗണിക്കാൻ ആദ്യം മാറ്റി വച്ചത്. എന്നാൽ ഹരേൻ റാവലിന്റെ അസൗകര്യം കണക്കിൽ എടുത്ത് ഡിസംബർ 11 ലേക്ക് ഹർജി പരിഗണിക്കാൻ മാറ്റി വയ്ക്കുക ആണ് ഉണ്ടായത്. അന്ന് ഐടി ആക്റ്റ് അടക്കമുള്ള നിയമങ്ങൾ പ്രകാരം മെമ്മറി കാർഡ് ലഭിക്കാൻ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് കാര്യത്തിൽ കോടതിയിൽ വിശദമായ വാദം നടക്കും.
 
************************
 
കോടതി നടപടികൾ വീക്ഷിക്കാൻ ദിലീപ് സുപ്രീം കോടതിയിൽ എത്തിയിരുന്നില്ല. കോടതിയിൽ ഉണ്ടായിരുന്ന പലർക്കും അപരിചിതൻ ആയ ഒരു മലയാളി ഇന്ന് ആരുടെയും ശ്രദ്ധയിൽ പെടാതെ കോടതി മുറിക്ക് ഉള്ളിൽ ഉണ്ടായിരുന്നു. അദ്ദേഹം ദിലീപിന്റെ ഒരു ബന്ധു ആണെന്ന് പിന്നീട് ചില അഭിഭാഷകർ പറയുന്നത് കേട്ടു. എറണാകുളം ആലുവ ബെൽറ്റിൽ ഉള്ള ചില സുപ്രീം കോടതി അഭിഭാഷകരും ഇന്ന് കേസിന്റെ നടപടികൾ കാണാൻ ഞങ്ങൾക്ക് ഒപ്പം വിസിറ്റേഴ്സ് ഗാലറിക്ക് സമീപത്ത് ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്ത്രിമാര്‍ ജീവനക്കാര്‍ മാത്രം; നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട് - മന്ത്രി കടകംപള്ളി