Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിലെ മീഡിയ ബിസിനസ്

മലയാളത്തിലെ മീഡിയ ബിസിനസ്
, ബുധന്‍, 1 ഡിസം‌ബര്‍ 2010 (11:15 IST)
PRO
PRO
ഇന്ത്യയിലെ ചെറിയൊരു സംസ്ഥാനമാണ് കേരളം. എന്നാല്‍, ഇവിടത്തെ മീഡിയ സ്ഥാപനങ്ങളുടെ എണ്ണം നോക്കിയാല്‍ പ്രമുഖ രാജ്യങ്ങളെ പോലും തോല്‍‌പ്പിക്കുന്നതാണ്. സംസ്ഥാനത്ത് ഓരോ ദിവസവും പുതിയ മീഡിയകള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. ചാനലുകള്‍, പത്രങ്ങള്‍, മാഗസിനുകള്‍, ഓണ്‍ലൈന്‍ സൈറ്റുകള്‍ എല്ലം മികച്ച കുതിപ്പാണ് കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പുതിയ മാധ്യമ സ്ഥാപനങ്ങള്‍ വരുമെന്ന് ഉറപ്പായതോടെ നിലവിലെ സ്ഥാപനങ്ങളും പുതുക്കി പണിയാണുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. നേരത്തെ അച്ചടി മാധ്യമങ്ങള്‍ക്കായിരുന്നു മീഡിയ ബിസിനസുകാര്‍ക്ക് താത്പര്യമെങ്കില്‍ ഇന്നത് ദൃശ്യമാധ്യമങ്ങളിലേക്ക് മാറി കഴിഞ്ഞു. പത്തോളം ചാനലുകള്‍ തുടങ്ങാന്‍ പദ്ധതികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

ഏതാനും ചാനലുകള്‍ കേന്ദ്രത്തില്‍ നിന്നു സംപ്രേഷണാനുമതിക്കായി കാത്തിരിക്കുകയാണ്‌. അടുത്ത വര്‍ഷം തന്നെ മിക്ക ചാനലുകളും പ്രക്ഷേപണം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍ പോലും കേരളത്തിലേക്ക് വരാന്‍ പോകുകയായാണ്.

കേരളകൌമുദി എഡിറ്റര്‍ ഇന്‍ ചീഫ്‌ എം എസ്‌ മണിയുടെ മകന്‍ സുകുമാരന്‍ മണിയുടെ നേതൃത്വത്തില്‍ കലാകൗമുദി മിഡ്‌ ഡേ പത്രമായ ബിഗ്‌ ന്യൂസ്‌ അടുത്തിടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഇവരുടെ തന്നെ ഫ്‌ളാഷ് സായാഹ്ന പത്രം കുറഞ്ഞ കാലത്തിനിടക്ക് ജനപ്രീതി നേടിയിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ ടൈംസ്‌ ഓഫ്‌ ഇന്ത്യയും കേരളത്തിലേക്ക് വരുന്നു. ഇത് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് ടൈംസ് ലക്‍ഷ്യമിടുന്നതെന്നും അറിയുന്നു. കേരളത്തിലെ ദി ഹിന്ദുവിന്റെ മുന്നേറ്റത്തിന് തടയിടാന്‍ വേണ്ടിയാണ് ടൈംസ് എത്തുന്നത് എന്നും സൂചനയുണ്ട്. മാതൃഭൂമിയുമായി ചേര്‍ന്നു ഒന്നിലേറെ സ്ഥലങ്ങളില്‍ തുടങ്ങാനാണ് ടൈംസ്‌ പദ്ധതിയിടുന്നത്.

അച്ചടി മാധ്യമങ്ങള്‍ക്ക് പുറമെ ചാനല്‍ ബിസിനസിനും കേരളം പേരുകേട്ടതാണ്. കേരളകൌമുദിയുടെ കൗമുദി ചാനലിനും എസ് കെ എസ് എസ് എഫ് എന്ന സുന്നി സംഘടനയുടെ ദര്‍ശനയ്ക്കും സംപ്രേഷണാനുമതി ലഭിച്ചിട്ടുണ്ട്. കൌമുദിയുടേത് കറന്റ്‌ അഫയേഴ്‌സ്‌ ചാനലാണ്. എന്നാല്‍, ദര്‍ശന വിനോദത്തിന് പ്രാധാന്യം നല്‍കുന്ന ചാനലായിരിക്കും. 2010ല്‍ നടക്കുന്ന കേരള കൗമുദിയുടെ ശതാബ്‌ദി ആഘോഷവേളയില്‍ കൌമുദി ചാനല്‍ പ്രവര്‍ത്തനം തുടങ്ങാനാണു പദ്ധതിയിടുന്നത്.

ഇ കെ സുന്നികളുടെ ദര്‍ശന കോഴിക്കോട് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂഡല്‍ഹിയിലും സ്റ്റുഡിയോ ഉണ്ടാകും. ഇന്ത്യാവിഷന്റെ മുന്‍ സി ഇ ഒ എം വി നികേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുതിയ വാര്‍ത്താ ചാനല്‍ വരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ കുറ പൂര്‍ത്തിയായി വരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സം‌പ്രേക്ഷണം തുടങ്ങും. ജനുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു അറിയുന്നത്‌. എറണാകുളത്തെ കളമശ്ശേരി കേന്ദ്രീകരിച്ചായിരിക്കും റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തിക്കുക‌.

മാതൃഭൂമിയും ചാനല്‍ തുടങ്ങാന്‍ പോകുകയാണ്. ചാനലിന്റെ അനുമതി നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. കെ മുരളീധരന്റെ നേതൃത്വത്തിലുള്ള ജനപ്രിയ ചാനലും ഉടനെ വരുമെന്നാണ് അറിയുന്നത്. മാധ്യമം പത്രവും ചാനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അടുത്ത വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ലീഗിന്റെ കേബിള്‍ ചാനല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ട് തുടങ്ങിട്ടുണ്ട്. കേബിള്‍ വഴി തുടങ്ങുന്ന ലീഗ് ചാനല്‍ പിന്നീട് സാറ്റ്ലൈറ്റിലേക്കും മാറ്റും.

ഇതിനെല്ലാം പുറമെ, ജയ്‌ഹിന്ദ്‌ ചാനല്‍ സമ്പൂര്‍ണ വാര്‍ത്താചാനല്‍ ആരംഭിക്കാന്‍ ലക്‍ഷ്യമിടുന്നുണ്ട്. മനോരമയുടെ പുതിയ വിനോദ ചാനല്‍ ഉടന്‍ തുടങ്ങിയേക്കും. സൂര്യ ടിവിയും വാര്‍ത്താ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകര്രിക്കാന്‍ പോകുകയാണെന്ന് സൂചന നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam