Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയിലേക്ക് ഐപിഎല്‍; നേടാന്‍ കോടികള്‍!

കൊച്ചിയിലേക്ക് ഐപിഎല്‍; നേടാന്‍ കോടികള്‍!
, ചൊവ്വ, 7 ഡിസം‌ബര്‍ 2010 (12:26 IST)
PRO
PRO
അങ്ങനെ വര്‍ഷങ്ങളോളം ആശിച്ച് ആഗ്രഹിച്ച് കാത്തിരുന്ന മലയാളിക്കും കിട്ടി ഐ പി എല്‍ ട്വന്റി-20 ടീം. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അവസാനം കുറിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി ഐ പി എല്‍ ടീമിന് ബി സി സി ഐ പച്ചക്കൊടി വീശിയത്. മുന്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരുമൊത്ത് അല്‍‌പം ബിസിനസ് മേധാവികള്‍ പണം വാരിവിതറിയാണ് ഐ പി എല്‍ ടീം നേടിയത്. പിന്നീട് ഓഹരി സംബന്ധിച്ച് വിവാദങ്ങളായി. ഐ പി എല്‍ കളിച്ച തരൂരിന്റെ മന്ത്രിസ്ഥാനം വരെ തെറിച്ചു.

എന്നാല്‍, ഇന്ന് എല്ലാ വിവാദങ്ങളും അവസാനിച്ചിരിക്കുന്നു. മാധ്യമങ്ങളും ക്രിക്കറ്റ് ആരാധകരും ആവേശത്തോടെ സ്വീകരിച്ച ഐ പി എല്‍ ടീമിന്റെ കയ്യും കാലും വളരുന്നതിന് നോക്കിയിരിപ്പാണ് ഇപ്പോള് എല്ലാവരും‍. ആരൊക്കെയെ ടീമില്‍ എടുക്കണം, ആരാകണം അംബാസഡര്‍, കളിക്കളങ്ങള്‍ എവിടെ അങ്ങനെ ഒരു നൂറായിരം വാര്‍ത്തകളുമായാണ് ഓരോ ദിനവും മാധ്യമങ്ങള്‍ പുറത്തിറങ്ങുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ ആവേശക്കാഴ്ചകളില്‍ കേരളവും പങ്കാളികളാകുന്നുവെന്നത്‌ ഏറെ സന്തോഷകരമാണെന്ന് മന്ത്രിമാര്‍ പോലും നേരത്തെ അറിയിച്ചിരുന്നു. 1533.32 കോടിക്ക്‌ റൊങ്ദേവു സ്പോര്‍ട്സ്‌ വേള്‍ഡ്‌ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ്‌ ചെന്നൈ അഡയാര്‍ ഷെറാട്ടണില്‍ നടന്ന ഐ പി എല്‍ ലേലത്തില്‍ കേരളത്തിനു വേണ്ടി പകിടയെറിഞ്ഞത്‌. കുട്ടി ക്രിക്കറ്റ് എന്ന വിനോദ വ്യവസായ സാമ്രാജ്യം ലളിത് മോഡി വെട്ടിപ്പിടിച്ചിട്ട്‌ മൂന്നുവര്‍ഷം വിജയകരമായി കൊണ്ടു നടന്നു. അവസാനം അഴിമതിയുടെ പേരില്‍ പുറത്താക്കി. എങ്കിലും ഐ പി എല്‍ എവിടെയും വിജയം മാത്രമാണ് കാണുന്നത്, ലാഭത്തിന്റെ ചിരി മാത്രം.

1998ല്‍ കൊച്ചിയില്‍ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നപ്പോള്‍ ഗ്യാലറിയില്‍ സൂചി കുത്താന്‍ പോലും ഇടമില്ലായിരുന്നു. കേരളത്തിന്റെ കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ നിന്ന് ഇത്രയും വലിയ തുക ലഭിച്ചത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും ഐ പി എല്‍ ടീം വാങ്ങാന്‍ ഇറങ്ങിത്തിരിച്ചത്. എന്നാല്‍, കാശ് തികയാതെ വന്നതോടെ സ്വപ്നം ബാക്കി വച്ച് മടങ്ങുകയായിരുന്നു.

എങ്കിലും മലയാളി ക്രിക്കറ്റ് ആരാധകരുടെ വിളി കേള്‍ക്കാന്‍ ഒരു കൂട്ടം ബിസിനസ് ദൈവങ്ങള്‍ എവിടെ നിന്നോക്കൊയോ എത്തുകയായിരുന്നു. ഇവരെ തെളിക്കാന്‍ സാക്ഷാല്‍ മന്ത്രി ‘ട്വിറ്റര്‍’ തരൂര്‍ കൂടിയെത്തിയതോടെ അതു സഫലമായി. വിവേക്‌ വേണുഗോപാല്‍ എന്ന ഗള്‍ഫ്‌ മലയാളിയോടും ശൈലേന്ദ്ര ഗേയ്ക്‌വാദിന്റെ റൊങ്ദേവു സ്പോര്‍ട്സിനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

കേരളത്തിന് മാത്രമായി ടീം ലഭിച്ചതോടെ ദേശീയ ടീമിലേക്ക് അവസരം ലഭിക്കാതെ കഴിഞ്ഞിരുന്ന നിരവധി താരങ്ങള്‍ക്ക് ഇതൊരു അവസരമായി മാറും. ലോകോത്തര താരങ്ങളോടൊപ്പം കളിക്കാന്‍ കേരളതാരങ്ങള്‍ക്ക് അവസരം ലഭിക്കും. മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ദേശീയ ടീമില്‍ ഇടം നേടുകയും ചെയ്യാം. അടുത്ത ഐ പി എല്‍ ടൂര്‍ണമെന്റ് കഴിയുന്നതോടെ കേരളത്തില്‍ നിന്ന് നിരവധി താരങ്ങള്‍ ദേശീയ ടീമില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

അതേസമയം, സാമ്പത്തികപരമായും ഭൂമിശാസ്ത്രപരമായും പിന്നിലുള്ള കേരളത്തിന് മത്സരിക്കേണ്ടത് മുകേഷ്‌ അംബാനി, ഷാറൂഖ്ഖാന്‍, വിജയ്‌ മല്യ, സഹാറ ഗ്രൂപ്പ് എന്നിവരോടാണ്. കായിക വികസനത്തിന്‌ പണമില്ലെന്ന്‌ പരിതപിക്കുന്ന കേരളത്തിന് ഐ പി എല്‍ നല്‍കുന്നത് പുത്തന്‍ പ്രതീക്ഷകളാണ്.

webdunia
PRO
PRO
നിരവധി ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ മണ്ണടിഞ്ഞു പോയ കേരളത്തില്‍ ലാഭത്തിന്റെ ഐ പി എല്ലിന് ടോസ് വീഴുകയാണ്. ഇനി ഫുട്ബോളില്ല, ഫുട്ബോള്‍ സ്റ്റേഡിയങ്ങളും. നിരവധി തവണ കിരീടം നേടിയ ഫുട്ബോള്‍ ടീമിന് സന്തോഷ് ട്രോഫിക്ക്‌ പോകാന്‍ സെക്കന്റ്‌ ക്ലാസ്‌ ട്രെയിന്‍ ടിക്കറ്റ് നല്‍കിയ കേരള സര്‍ക്കാര്‍ ഐ പി എല്‍ താരങ്ങള്‍ വിമാനത്തില്‍ വന്നിറങ്ങി എ സി ബസ്സുകളില്‍ യാത്രചെയ്യുന്നത് കാണേണ്ടി വരും.

അഹമ്മദാബാദ് ടീമിന് വേണ്ടി നരേന്ദ്രമോഡി രംഗത്തു വന്നപ്പോള്‍ ഗുജറാത്തിലെ ബിസിനസ്‌ ഗ്രൂപ്പ്‌ ബിസിനസുകാരെ സംഘടിപ്പിച്ചു കൊണ്ടാണ് കൊച്ചിക്കു വേണ്ടി ലേലത്തിനിറങ്ങിയത്. നരേന്ദ്ര മോഡിയുടെ സ്വപനങ്ങള്‍ ക്ലീന്‍ ബൌള്‍ഡാക്കി ഗുജറാത്തി ബിസിനസുകാര്‍ കൊച്ചി ടീം നേടിയപ്പോള്‍ സാക്ഷാല്‍ കേരളീയവര്‍ പോലും ഞെട്ടിപോയി.

ഇത്രയും വലിയ തുകയ്ക്ക് ടീം വിളിച്ചെടുക്കുന്നവര്‍ ഇതിന്റെ ലാഭവും മുന്നില്‍ കണ്ടിട്ടുണ്ടാകും. കേരളത്തില്‍ ഐ പി എല്‍ മാമാങ്കം എത്തുന്നതോടെ സംസ്ഥാനത്തിന്റെ ഖജനാവും നിറഞ്ഞു കവിയും. രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ ഒന്നിച്ച് കൊച്ചിയിലേക്ക് ഒഴുകിയെത്തും. ഐ പി എല്‍ മത്സരങ്ങള്‍ 140 രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇവിടെയെല്ലാം കൊച്ചിയുടെയും കേരളത്തിന്റെയും പേരും പെരുമയും എത്തും. ഇതോടെ വ്യാപാര, വാണിജ്യ, ടൂറിസം മേഖലകളില്‍ പുത്തനുണര്‍വിലേക്ക് നയിക്കും.

കൊച്ചിയിലെ വന്‍കിട ഹോട്ടലുകളും റെസ്റ്റോറന്റുകളും കോടികള്‍ വാരിക്കൂട്ടും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറും. ഷോപ്പിംഗ് മാളുകളില്‍ പണമൊഴുകും. അങ്ങനെ കേരളത്തിന്റെയും കീശ നിറയും. വിനോദസഞ്ചാരത്തിനും പ്രകൃതി സൌന്ദര്യത്തിനും പേരു കേട്ട കേരളം ലോകത്തിന്റെ ഇഷ്ട കേന്ദ്രമായി മാറും. കേരളത്തിന്റെ കായലും പ്രകൃതി ഭംഗിയും വേണ്ടവിധം ഉപയോഗപ്പെടുത്താനായാല്‍ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടം തന്നെ പ്രതീക്ഷിക്കാം.

കാഴ്ചയുടെ കൂടി മാമാങ്കമായ ഐ പി എല്‍ വരുന്നതോടെ ഫാഷന്‍, ബോളിവുഡ്‌, ക്രിക്കറ്റ്‌ എന്നിയുടെ സമ്പൂര്‍ണ സങ്കലനത്തില്‍ പങ്കാളിയാകാന്‍ കേരളത്തിനുമാകും. കൊച്ചി ടീം സ്വന്തമാക്കിയവര്‍ക്ക് ക്രിക്കറ്റ് അറിയില്ല, അവര്‍ക്ക് അറിയുന്നത് ബിസിനസ് മാത്രമാണ്. ഇവരുടെ കമ്പനിയുടെ പേര് രാജ്യത്തെ അറിയിക്കുക എന്നത് മാത്രമാണ് ഇതിന് പിന്നിലെ പ്രധാന സൂത്രം.

ഉപഭോഗ സംസ്കാരത്തിന് പേരുകേട്ട മലയാളിയേ തേടി നിരവധി കമ്പനികളില്‍ കേരളത്തില്‍ വിപണി സജീവമാക്കും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങി കൂട്ടുന്ന മലയാളിയുടെ ടീമിന്റെ സ്പോണ്‍സര്‍മാരാകാന്‍ ആഗോള കമ്പനികള്‍ പറന്നുവരുമെന്ന് തന്നെ കരുതാം. ആര്‍ക്കും അറിയാതിരുന്ന വിവേക്‌ വേണുഗോപാലനെ ഒരു സുപ്രഭാതത്തില്‍ പ്രശസ്തനാക്കിയത് ഐ പി എല്ലാണ്. അതുപോലെ കേരളത്തിലെ ഓരോ വ്യക്തിയെയും ഐ പി എല്‍ പ്രശസ്തരാക്കും.

Share this Story:

Follow Webdunia malayalam