Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹലോ ബിബിസി, അയാം കുടിയന്‍ ഫ്രം കേരള!

ദുര്‍ബല്‍ കുമാര്‍

ഹലോ ബിബിസി, അയാം കുടിയന്‍ ഫ്രം കേരള!
, തിങ്കള്‍, 15 മാര്‍ച്ച് 2010 (18:42 IST)
PRO
നാണമില്ലല്ലോ ഇങ്ങനെ കുടിക്കാന്‍. ലോകം മുഴുവന്‍ അറിഞ്ഞു മലയാളിയുടെ ‘കുടി’ സംസ്കാരം. മലയാളിയുടെ കുടിവൈഭവവത്തെക്കുറിച്ച് ഇവിടെയുള്ള ചാനല്‍ പക്ഷികളും പത്രാധിപന്മാരും എഴുതി തളര്‍ന്നിരിക്കുമ്പോഴാണ് അങ്ങ് സായിപ്പിന്‍റെ നാട്ടില്‍ നിന്ന് പുതിയൊരു വാര്‍ത്ത വരുന്നത്. കുടിയനായ മലയാളിയുടെ വൈകിട്ടത്തെ പരിപാടിയെക്കുറിച്ച് വാര്‍ത്ത കൊടുത്തിരിക്കുന്ന ചില്ലറക്കരല്ല. ബി ബി സിയാ...ബി ബിസി. ‘വൈകിട്ടെന്താ പരിപാടിയെന്ന്’ നമ്മുടെ പ്രിയതാരം ലാലേട്ടന്‍ എല്ലാ സന്ധ്യയ്ക്കും സ്വീകരണ മുറിയില്‍ അനുവാദമില്ലാതെ വന്നു ചോദിക്കുമായിരുന്നല്ലോ? അതിനെയും കൊന്നു കൊല വിളിച്ചു ബി ബി സിക്കാര്‍. കേരളത്തിന് ആല്‍ക്കഹോളിനോട് വലിയ ലൌ അഫയര്‍ ആണെന്നാണ് ഇവര്‍ കണ്ടെത്തിയത്. കാര്യം ശരി തന്നെയാ. ‘കേരളാസ് ലൌ അഫയര്‍ വിത്ത് ആല്‍ക്കഹോള്‍’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കുള്ള വാര്‍ത്തയിലാണു കുടിച്ചു മുടിയുന്ന മലയാളിയെക്കുറിച്ച് ബി ബി സി പ്രത്യേക ഫീച്ചര്‍ തയ്യാറാക്കിയത്.

ദൈവത്തിന്‍റെ സ്വന്തം നാട് മദ്യ വില്പനയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. കൂടാതെ, മദ്യ വില്പനയിലൂടെ ഒരു സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സംസ്ഥാനവുമാണ് പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം. ഇതു വല്ലതും പരശുരാമന്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മഴുപോയിട്ട് ഒരു മൊട്ടുസൂചി പോലും അറബിക്കടലിലേക്ക് എറിയില്ലായിരുന്നു. കേരളത്തിലെ ഒരു ബിവറേജസ് ഷോപ്പില്‍ ഒരു ദിവസം 8000 കുടിയന്മാര്‍ വരെ എത്തുന്നുണ്ടെന്നാണ് ബി ബി സി കണക്ക്. കേരളത്തില്‍ മദ്യപാനത്തിനായി വെറും 337 ഷോപ്പുകളാണുള്ളത്. തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട്ടിലാകട്ടെ എണ്ണായിരത്തോളം ഷോപ്പുകളും. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. കുടിച്ചു സ്വയം മുടിഞ്ഞ് സര്‍ക്കാരിനെ നന്നാക്കുന്ന കാര്യത്തില്‍ കേരളത്തെ കടത്തിവിട്ടാന്‍ മാത്രം ഈ ഇന്ത്യാ മഹാരാജ്യത്ത് ആരും വളര്‍ന്നിട്ടില്ല. കേരളത്തില്‍ ചെലവാകുന്ന മദ്യത്തിന്‍റെ പകുതിപോലും തമിഴ്നാട്ടില്‍ ചെലവാകുന്നില്ലെന്നതാണ് സത്യം.

കേരളത്തില്‍ വെള്ളമടിച്ചു കൊതി തീര്‍ക്കുന്നതിന് കോര്‍പ്പറേഷന്‍റെ ഷോപ്പുകള്‍ കൂടാതെ 600 ബാറുകളും 5000 കള്ളുഷാപ്പുകളുമാണുള്ളത്. ഒന്നും നഷ്ടത്തിലല്ല, നഷ്ടത്തിലാകാന്‍ മലയാളി സമ്മതിക്കില്ല എന്നതാണ് ന്യായം. ഇതൊന്നും പോരാഞ്ഞിട്ട് പട്ടാളത്തില്‍ വല്ല അകന്ന ബന്ധുവും പോയിട്ടുണ്ടെങ്കില്‍ അവധിക്കു വരുന്ന അവന്‍റെ അടുത്തും മലയാളി എത്തും. മിലിട്ടറി ക്വോട്ട, വിദേശത്തു നിന്നു കൊണ്ടുവരുന്നവ, വ്യാജ സ്പിരിറ്റ്, വ്യാജ വാറ്റ് തുടങ്ങിയവ എല്ലാം ചേര്‍ത്തൊരു കണക്ക് വിളമ്പിയാല്‍ ലോകം ഞെട്ടും..ബട്ട്.. മലയാളി ഞെട്ടില്ല. ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവമല്ലേ മുഖത്ത്.

മദ്യപിച്ചു മദോന്മത്തരായി നടക്കുന്ന മലയാളി ഉണ്ടാക്കുന്ന കോലാഹലങ്ങളുടെ കണക്കും ബി ബി സി കണ്ടെത്തിയിട്ടുണ്ട്. 2008-2009ല്‍ 4000 റോഡപകടങ്ങള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലുണ്ടാവാന്‍ കാരണം നമ്മുടെ ഈ കുടിയാസക്തി മാത്രമായിരുന്നു. പണ്ടു വ്യാജന്‍ അടിച്ചു വീട്ടില്‍ ചെല്ലുന്നവന്‍ കെട്ടിയവളെ തല്ലിച്ചതയ്ക്കുമായിരുന്നെങ്കില്‍ ബ്രാന്‍ഡഡ് ഐറ്റംസ് എത്തിയതോടെ അവിടെയും പുതുഫാഷനായി. ഡൈവോഴ്സ്! എന്തോന്ന് ഫാമിലി അളിയാ, ഇവനല്ലേ എല്ലാം എന്ന് പറയുന്നവരാണ് പുതു കുടിയന്‍‌മാരില്‍ കൂടുതലും. കാലം മാറിയപ്പോള്‍ മലയാളി പോയൊരു പോക്കേ! കുടുംബം മാത്രമല്ല, കുടിച്ചു കൂത്താടി ജോലി കളയുന്നവരും ഏറിവരികയാണ്.

പ്രതിരോധമന്ത്രി അന്തോണിച്ചന്‍റെ നാട്ടില്‍ ഒരുവന്‍(മലയാളിയല്ല, ബീഹാറിയാണ്) കഴിഞ്ഞദിവസം മനസു നിറഞ്ഞ് മദ്യപിക്കാന്‍ 22,000 രൂപ വിലയുള്ള മൈക്രോസ്കോപ് എടുത്തു പണയം വച്ചു. ജോലി ചെയ്യുന്ന ഓഫീസിലെ മൈക്രോസ്കോപ് ആണ് മദ്യപിച്ച് റിലാക്സ് ചെയ്യുന്നതിനായി 60 രൂപയ്ക്ക് പണയം വെച്ചത്. കക്ഷി പണ്ട് ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വെള്ളമടിച്ച് ഓഫീസ് ഒന്നു പൊളിച്ചടുക്കിയതിന്‍റെ ഫലമായിരുന്നു ചേര്‍ത്തലയിലേക്കുള്ള സ്ഥലം മാറ്റമെന്നത് വേറെ കാര്യം. ഉള്ളതു പറയുകയാണെങ്കില്‍ ലോകവിപണിയില്‍ ഇന്ത്യന്‍ കഥകള്‍ക്കും മലയാളികള്‍ക്കും നല്ല മൂല്യമാണ്. സ്ലം ഡോഗ് മില്യണയറിലൂടെ ഡാനി ബോയ്ല്‍ ഇന്ത്യന്‍ കഥ പറഞ്ഞപ്പോള്‍ കിട്ടിയത് എട്ട് ഓസ്കര്‍ അവാര്‍ഡുകള്‍. ഏതായാലും മലയാളിയുടെ കുടിഭ്രാന്ത് ബി ബി സിയുടെ ടാം റേറ്റിങ്ങിനെ അതിന്‍റെ പരകോടിയിലെത്തിക്കുമായിരിക്കും.

Share this Story:

Follow Webdunia malayalam