Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെയ് രാജാ വെയ്....

ജി കെ.

വെയ് രാജാ വെയ്....
, വ്യാഴം, 29 ഒക്‌ടോബര്‍ 2009 (19:28 IST)
PRO
ഒന്ന് വെച്ചാല്‍ പത്ത് പത്തു വെച്ചാല്‍ നൂറ്..വെയ് രാ‍ജ വെയ്...ലേലം പൊടി പൊടിക്കുകയാണ്. സ്ഥലം കേന്ദ്ര മന്ത്രിസഭയായത് കൊണ്ടും പറച്ചിലിന് ഒരു തമിഴ് ചുവയുള്ളത് കൊണ്ടും കുലുക്കിക്കുത്തുക്കാരനെ ഒന്നു സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്. പേരില്‍ തന്നെ രാജാവയ ഒരു മന്ത്രി ഇരുന്ന് സ്പെക്ട്രം ലേലം നടത്തുകയാണ്. ഇടക്കിടെ ‘തിരക്ക് കൂട്ടല്ലെ.. ആദ്യം വന്നവര്‍ക്ക് ആദ്യം’ എന്നൊക്കെ കക്ഷി വിളിച്ചു പറയുന്നുണ്ട്. സംഗതി കണ്ടപ്പോള്‍ കൊള്ളാമെന്ന് രാജ്യത്തെ മൊബൈല്‍ ഏമാന്‍‌മാര്‍ക്കും തോന്നി.

പലരും വെച്ചു. ഒന്നും പത്തുമൊന്നുമല്ല. ആയിരവും പതിനായിരവും(എല്ലാം കോടിയാണ്). അങ്ങനെ കളത്തില്‍‌ വെച്ചവര്‍ക്കെല്ലാം സ്പെക്ട്രം വാരിക്കോരി കൊടുത്തു. പന്തിയില്‍ പക്ഷഭേദം പാടില്ലെങ്കിലും ചിലര്‍ മറ്റവന് കൂടുതല്‍ കിട്ടി എനിക്കു കുറഞ്ഞു പോയി എന്നൊക്കെ പരാതി പറഞ്ഞപ്പോള്‍ ഉള്ളതു കൊണ്ട് ഓണം..അല്ല പൊങ്കല്‍ പോലെ എന്ന് പറഞ്ഞു മന്ത്രി സമാധാനിപ്പിച്ചു. എന്നിട്ടും ചിലരുടെ മുറുമുറുപ്പ് അവിടവിടെ അവശേഷിച്ചുവെങ്കിലും രാജമന്ത്രി എല്ലാം സൈലന്‍റ്മോഡില്‍ കൈകാര്യം ചെയ്തു.

ലേലത്തിലൂടെ 9500 കോടി രൂപ സര്‍ക്കാരിന്‍റെ പണപ്പെട്ടിയില്‍ നിറച്ചു കൊടുത്തത്തോടെ സാമ്പത്തികത്തില്‍ അല്‍പ്പം വിവരവുമുണ്ടെന്ന് വിചാരിച്ച മന്‍‌മോഹനും തലകുലുക്കി. ഇവന്‍ രാജയല്ല. ബെല്ലാരി രാജയാണെന്ന്. എന്നാല്‍ ‘സ്പെക്ട്രം’ കൈയ്യില്‍ കിട്ടിയതോടെ പലരും പോത്തുകച്ചവടത്തിനിറങ്ങി. ആയിരത്തി അഞ്ഞൂറിന് വാങ്ങിയവന്‍ നാലായിരത്തി അഞ്ഞൂറിന് (എല്ലാം കോടികളാണേ) മറിച്ചുവിറ്റു.

13 സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നേടിയ 'സ്വാന്‍' എന്നൊരു കമ്പനി 1537 കോടി രൂപക്ക് സ്വന്തമാക്കിയ സ്പെക്ട്രം ഒരാഴ്ചയ്ക്കുള്ളില്‍ 45 ശതമാനം ഓഹരികള്‍ യു എ ഇ യിലെ ടെലികോം ഭീമന്‍‌മാരായ എറ്റിസലാറ്റിന് 4500 കോടി രൂപക്ക് മറിച്ചു വിറ്റു സ്വാഹയടിച്ചു.

'യൂണിടെക്' എന്നൊരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്കാരനാവട്ടെ 1651 കോടി രൂപയ്ക്കു വാങ്ങിയ സ്പെക്ട്രം ലൈസന്‍സിന്‍റെ 60 ശതമാനം ആഴ്ചകള്‍ക്കുള്ളില്‍ 'ടെലിനോര്‍' എന്ന നോര്‍വീജിയന്‍ കമ്പനിക്ക് 6200 കോടി രൂപക്ക് വിറ്റു. ഈ വര്‍ണരാജിയില്‍ മന്ത്രിയുടേതൊഴികെ മറ്റ് പലരുടെയും കാഴ്ച പോയി. അപ്പോഴും നമ്മുടെ ബെല്ലാരി രാജ കുലുങ്ങിയില്ല.

webdunia
PRO
അല്ലെങ്കിലും അങ്ങിനെയൊന്നും കുലുങ്ങുന്ന ആളല്ല അദ്ദേഹം. മുമ്പ് പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ ആ വകുപ്പില്‍ വരുത്തിവെച്ച മലിനീകരണം കാരണം ഇനി ഈ പടികയറേണ്ടെന്ന് സര്‍ദാര്‍ജി പറഞ്ഞില്ലെന്നേയുള്ളു. അതോര്‍ത്താണ് രണ്ടാമതും മന്ത്രിപ്പണി വേണം എന്ന് പറഞ്ഞ് കലൈഞ്ജര്‍ കരഞ്ഞു കാലുപിടിച്ചപ്പോള്‍ സര്‍ദാര്‍ജി ടെലികോം വകുപ്പ് തന്നെ തീറെഴുതികൊടുത്തത്. എന്നാല്‍ അതിത്ര വലിയ പുലിവാലാകുമെന്ന് അന്ന് വിചാരിച്ചില്ല.

എല്ലാറ്റിനും ആ ബി ജെപിക്കാരെയും സി പി എമ്മിനെയും കുറ്റം പറഞ്ഞാല്‍ മതിയല്ലോ. അവന്‍‌മാരാണ് ആദ്യം ഒച്ചപ്പാടുണ്ടാക്കിയത്. ഇതു കേട്ട സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ എന്നൊരു ഏമാന്‍ സ്വയമങ്ങ് അന്വേഷണം തുടങ്ങുകയും ചെയ്തു. ചോദിച്ചു ചോദിച്ചു വന്നപ്പോഴാണ് മേലേ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കമ്മിഷണര്‍ക്ക് ബോധ്യമായത്. അദ്ദേഹം കേസ് ഉടനെ സര്‍ദാര്‍ജിക്ക് കീഴിലുള്ള സി ബി ഐക്ക് കൈമാറി.

കഴിഞ്ഞ ആഴ്ച സി ബി ഐ ഏമാന്‍‌മാരുടെ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് ടെലികോം ഓഫീസുകളില്‍ റെയ്ഡ് നടത്തിയതോടെ രാജ മന്ത്രി ചെറുതായി കുലുങ്ങിത്തുടങ്ങിയെന്ന് എതിരാളികള്‍ അടക്കം പറഞ്ഞു. അല്ലെങ്കില്‍ മാര്‍ക്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യംകിട്ടാനായി ‘ഏതോ ഒരു മന്ത്രി സ്വാധീനിച്ചുവെന്ന് എതോ ഒരു ജഡ്ജി’ പറഞ്ഞപ്പോഴേ പലരും പുരികം ഉയര്‍ത്തി രാജ മന്ത്രിയെ നോക്കിയതാണ്. അന്ന് കണ്ണടച്ചുകാണിച്ചാണ് രക്ഷപ്പെട്ടത്.

എന്നാല്‍ ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. കോടികള്‍ മറിഞ്ഞതാണ്. അതുകൊണ്ട് രാജുമോന്‍ വീട്ടിലിരിക്കട്ടെയെന്ന് കോണ്‍ഗ്രസില്‍ വംശനാശഭീഷണി നേരിടുന്ന ചില ആദര്‍ശവാദികള്‍ പ്രസ്താവന തയ്യാറാക്കി തുടങ്ങിയതാണ്. എന്നാല്‍ രാജമന്ത്രി അതിനു മുമ്പേ ഓഫീസില്‍ ചായകൊണ്ടു വരുന്ന പയ്യന്‍റെ കൈയ്യില്‍ ഒരു പ്രസ്താവന തയ്യാറാക്കി എല്ലാ പത്ര ഓഫീസുകളിലും എത്തിക്കാന്‍ കൊടുത്തുവിട്ടു. കച്ചവടത്തിന് മന്‍‌മോഹന്‍ജിയുടെ എല്ലാ ആശീര്‍വാദവും അനുഗ്രഹവുമുണ്ടായിരുന്നുവെന്ന്.

അതോടെ കോണ്‍ഗ്രസിലെ ആദര്‍ശവാദികളുടെ തരംഗദൈര്‍ഘ്യം കുറഞ്ഞു. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ചില സ്വകാര്യവ്യക്തികള്‍ക്കും കമ്പനികള്‍ക്കും എതിരെ മാത്രമാക്കി സി ബി ഐ കേസൊതുക്കി. ഇതു കണ്ട് തമിഴ്നാട്ടിലെ എ ഐ എ ഡി എം കെ നേതാക്കള്‍ പോലും മൂക്കത്തുവിരല്‍ വെച്ചു സമ്മതിച്ചു. ഇത് ബെല്ലാരി രാജയല്ല. യു പി എയുടെ എല്ലൂരി രാജയാണെന്ന്.

Share this Story:

Follow Webdunia malayalam