Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാശിയുണ്ടെങ്കിലും ആര്‍എസ്പിക്ക് പിടിവാശിയില്ല

ദുര്‍ബല്‍ കുമാര്‍

വാശിയുണ്ടെങ്കിലും ആര്‍എസ്പിക്ക് പിടിവാശിയില്ല
തിരുവനന്തപുരം , വ്യാഴം, 11 മാര്‍ച്ച് 2010 (17:25 IST)
PRO
സീറ്റു കിട്ടിയില്ലെന്ന് വിചാരിച്ച് ഞങ്ങള്‍ മുന്നണി വിടുമെന്നൊന്നും ആരും വിചാരിക്കണ്ട എന്നാണ് ആര്‍ എസ് പിയിലെ ഒരു വലിയ വിഭാഗം ഇപ്പോള്‍ മനസ്സില്‍ പറയുന്നത്. തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണെങ്കിലും എല്ലാം സഹിച്ചും പൊറുത്തും മുന്നണിയുടെ പിന്നാമ്പുറങ്ങളില്‍ ഒതുങ്ങിക്കഴിയാനാണ് ആര്‍ എസ് പി തീരുമാനം.

സീറ്റു കിട്ടിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണമെന്നും മുന്നണി വിടണമെന്നുമൊക്കെ പാര്‍ട്ടിയില്‍ നിന്ന് ചിലരെങ്കിലും ആവശ്യപ്പെട്ടെങ്കിലും ആര്‍ എസ് പി അതിനൊന്നും ചെവി കൊടുത്തില്ല. അല്ലെങ്കിലും കിട്ടുമെന്ന് കരുതി ചാടിയതല്ല. ‘കിലുക്കം’ സിനിമയില്‍ ജഗതി പറയുന്നതു പോലെ കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി എന്നു മാത്രമേ സോഷ്യലിസ്റ്റുകള്‍ കരുതിയുള്ളു. പിന്നെ ചട്ടി തന്നെ കിട്ടുമെന്ന് ഉറപ്പാണെങ്കിലും വല്യേട്ടനായ സി പി എമ്മുമായി കുറച്ചുനേരം സൊറ പറഞ്ഞിരിക്കാമെന്ന് കരുതി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന ചര്‍ച്ച ചെയ്തുവെന്നേയുള്ളു.

സീറ്റ് ലഭിക്കില്ലെന്ന് ആര്‍ എസ് പിക്ക് ചര്‍ച്ചയ്ക്ക് മുന്‍പേ ഉറപ്പായിരുന്നു. പിന്നെ എന്തെങ്കിലും കാട്ടി ഭീഷണിപ്പെടുത്താമെന്ന് വെച്ചാല്‍ കാര്യമായി കൈയിലൊന്നുമില്ല. ആകെയുള്ളത് ഒരു മന്ത്രിയെന്ന ഒരു ഓലപാമ്പും ഭരണത്തിന് കൊടുക്കുന്ന പിന്തുണയുമാണ്. ഇതു രണ്ടും പിന്‍വലിച്ചാലും മുന്നണിക്കോ സി പി എമ്മിനോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ചുരുക്കത്തില്‍ ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല, കക്ഷത്തിലുള്ളത് പോകുകയും ചെയ്യും എന്ന അവസ്ഥ വരും. ഏതായാലും കൈയിലുള്ളത് വെറുതേ കളയണ്ടെന്നാണ് ആര്‍ എസ് പി നേതാക്കള്‍ വിചാരിച്ചുവെങ്കില്‍ അതിനെ കുറ്റം പറയാ‍ന്‍ പറ്റില്ല.

സീറ്റിനായുള്ള ബാക്കി സമ്മര്‍ദ്ദങ്ങള്‍ ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ നടത്തിയേക്കും. രണ്ട് സീറ്റും സി പി എം ഏറ്റെടുക്കുകയാണെങ്കില്‍ കടുത്ത പ്രതിഷേധം ആയിരിക്കും ആര്‍ എസ് പി അറിയിക്കുക. ആര്‍ എസ് പി പ്രതിഷേധിച്ചാല്‍ എവിടം വരെ എന്നാണ് സി പി എം ചോദിക്കുന്നത്. രണ്ടും സീറ്റും സി പി എം ഏറ്റെടുത്തതില്‍ ആര്‍ എസ് പിക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറയണമെന്ന് ആര്‍ എസ് പി ആവശ്യപ്പെടും.

ഇതിന് തയ്യാറല്ലെങ്കില്‍ സ്വന്തം നിലയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധിക്കാനാണ് ആര്‍ എസ് പി ഇപ്പോള്‍ തയ്യാറെടുക്കുന്നത്. പ്രതിഷേധിച്ച് കഴിഞ്ഞാലോ എന്ന് ചോദിക്കരുത്. കാരണം കഥയില്‍ ചോദ്യമില്ലല്ലോ.

Share this Story:

Follow Webdunia malayalam