Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവിയെത്തേടി രായിരനെല്ലൂര്‍ മലയിലേക്ക്!

ദേവിയെത്തേടി രായിരനെല്ലൂര്‍ മലയിലേക്ക്!
, ബുധന്‍, 19 ഒക്‌ടോബര്‍ 2011 (10:26 IST)
PRO
PRD
നാറാണത്ത് ഭ്രാന്തന് ദേവീദര്‍ശനം ലഭിച്ചതിന്റെ സ്മരണ പുതുക്കിക്കൊണ്ട് ചൊവ്വാഴ്ച പതിനായിരങ്ങള്‍ രായിരനെല്ലൂര്‍ മലകയറി. നാറാണത്തു ഭ്രാന്തന് ദുര്‍ഗാദേവീ ദര്‍ശനം ലഭിച്ചതിന്‍െറ സ്മരണയിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിന് മലകയറ്റം. സംസ്ഥാനത്തിന്‍െറ അകത്തുനിന്നും പുറത്തുനിന്നുമായി പതിയായിരക്കണക്കിന് ആളുകളാണ് ചൊവ്വാഴ്ച പ്രഭാതം തൊട്ട് പ്രദോഷം വരെ മലകയറിയത്.

വരരുചിയുടെ 12 മക്കളില്‍ ശ്രേഷ്‌ഠനും മാനവഹൃദയങ്ങളില്‍ മായാതെ നിലനില്‍ക്കുന്ന ചരിത്രപുരുഷനുമാണ്‌ നാറാണത്തുഭ്രാന്തന്‍. വേദപഠനത്തിനായി തിരുവേഗപ്പുറ അഴകപ്രമനയില്‍ (അഴോപ്പറ) താമസമാക്കിയ കാലയളവിലാണ്‌ രായിരനെല്ലൂര്‍ മലയും രണ്ടുകിലോമീറ്റര്‍ മാറിയുള്ള ഭ്രാന്താചലവും നാറാണത്തിന്റെ വിഹാരകേന്ദ്രങ്ങള്‍ ആയത്. ഒരു തുലാമാസം ഒന്നിനു ദുര്‍ഗാദേവി നാറാണത്തുഭ്രാന്തനു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ അനുഗ്രഹിച്ചെന്നാണ്‌ ഐതിഹ്യം. ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ മലകയറുന്നത്.

മുട്ടറുക്കലാണ് ഇവിടത്തെ പ്രധാന വഴിപാട്. വിവിധ കാര്യ സാധ്യങ്ങള്‍ക്കായി വ്യത്യസ്ത വഴിപാടുകളുണ്ട്. സന്താനലബ്ധിക്ക് സ്വര്‍ണം, വെള്ളി, ഓട് എന്നിവയില്‍ തീര്‍ത്ത കിണ്ടിയും ഓടവും കമിഴ്ത്തുന്നതാണ് വിശേഷപ്പെട്ട മറ്റൊരു വഴിപാട്. ആണ്‍ സന്താനത്തിന് കിണ്ടിയും പെണ്‍ സന്താനത്തിന് ഓട്ടുകിണ്ടിയുമാണ് കമിഴ്ത്തുക. ഇതിന് പുറമെ വിവിധ പുഷ്പാഞ്ജലികള്‍, മലര്‍പ്പറ, നെയ്‌വിളക്ക്, പായസം തുടങ്ങിയ വഴിപാടുകളുമുണ്ട്. മലകയറ്റത്തിന്‍െറ മുന്നോടിയായി ശനിയാഴ്ച തുടങ്ങിയ ദ്വാദശാക്ഷരീ മന്ത്ര ലക്ഷാര്‍ച്ചന ചൊവ്വാഴ്ചത്തെ മലകയറലോടെ അവസാനിച്ചു. ആമയൂര്‍ മനയിലെ വലിയ അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

(ചിത്രങ്ങള്‍ക്ക് കടപ്പാട് - നാട്ടുപച്ച ഡോട്ട് കോം, തണല്‍‌ട്രീ ഡോട്ട് ബ്ലോഗ്സ്പോട്ട് ഡോട്ട് കോം)

അടുത്ത പേജില്‍ വായിക്കുക, ‘രായിരനെല്ലൂരും നാറാണത്തുഭ്രാന്തനും തമ്മിലെന്ത്?’

webdunia
PRO
PRO
ഏകദേശം ആയിരത്തിയഞ്ചൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതായി സങ്കല്‍‌പിക്കപ്പെടുന്ന പന്തിരുകുലത്തിലെ അഞ്ചാമനാണ് നാറാണത്ത് ഭ്രാന്തന്‍. നാറാണത്ത് മംഗലത്ത് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രാഹ്മണകുടുംബം എടുത്തുവളര്‍ത്തിയ അദ്ദേഹത്തിന്റെ ബാല്യകാലം ചെത്തലൂര്‍ ഗ്രാമത്തിലായിരുന്നു. തിരുവേഗപ്പുറയിലെ അഴോപ്പറ എന്ന മനയില്‍ താമസിച്ചുകൊണ്ട് വേദപഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പത്തുവയസുകാരനായ നാറാണത്ത് ഭ്രാന്തന് ചിത്തഭ്രമം ഉണ്ടാകുന്നത്. കുട്ടിക്ക് വലതുകാലില്‍ മന്തും ഉണ്ടായിരുന്നു.

ചിത്തഭ്രമം സംഭവിച്ച അദ്ദേഹം അവസാനം എത്തിപ്പെട്ടത്‌ രായിരനെല്ലൂര്‍ മലയുടെ താഴ്വരയിലാണ്. അഞ്ചൂറ് അടിയിലേറെ ഉയരമുള്ളതും നേരെ കുത്തനയുള്ളതുമായ ഒരു വലിയ കുന്നാണ്‌ രായിരനെല്ലൂര്‍ മല. ദിവസവും പ്രഭാതത്തില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ എടുത്ത് മലയുടെ താഴ്വരയില്‍ നിന്ന് വളരെ പ്രയാസപെട്ട് മലയുടെ മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും മുകളില്‍ എത്തികഴിഞ്ഞാല്‍ ആ കല്ല്‌ താഴേക്ക് തള്ളിയിടുകയുമായിരുന്നു നാറാണത്ത് ഭ്രാന്തന്റെ ഇഷ്ടവിനോദം. ഇതൊക്കെക്കണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ ഭ്രാന്തന്‍ എന്ന് വിളിച്ചു. അങ്ങനെയാണ് നാറാണത്ത് മംഗലത്തെ നാരായണന്‍ എന്നത് നാറാണത്ത് ഭ്രാന്തന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

നിത്യവും മലയുടെ മുകളിലേയ്ക്ക് കല്ല്‌ ഉരുട്ടികേറ്റുന്ന തൊഴില്‍ ഭംഗിയായി നിര്‍വഹിച്ചു പോരുന്ന നാറാണത്ത് ഭ്രാന്തനെ രായിരനെല്ലൂര്‍ മലയുടെ മുകളില്‍ കുടികൊള്ളുന്ന ദുര്‍ഗാദേവി ശ്രദ്ധിച്ചുപോന്നു. എന്നാല്‍ ദേവി അവിടെയുള്ള കാര്യം നാറാണത്ത് ഭ്രാന്തന്‍ അറിഞ്ഞതുമില്ല. ഒരിക്കല്‍ മലമുകളിലെത്തിയ ഭ്രാന്തനെക്കണ്ട് മലമുകളിലെ ആല്‍മരത്തില്‍ ഊഞ്ഞാല്‍ ആടുകയായിരുന്ന ദുര്‍ഗാദേവി ഭൂമിയിലേക്ക് മറിഞ്ഞുവെന്നാണ് ഐതിഹ്യം. ദുര്‍ഗാദേവിയെ നാറാണത്ത് ഭ്രാന്തന്‍ കണ്ട സ്ഥലത്താണ് രായിരനെല്ലൂര്‍ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പഴക്കം ആയിരത്തി അഞ്ചൂറ് വര്‍ഷത്തിലേറെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

(ചിത്രങ്ങള്‍ക്ക് കടപ്പാട് - നാട്ടുപച്ച ഡോട്ട് കോം, തണല്‍‌ട്രീ ഡോട്ട് ബ്ലോഗ്സ്പോട്ട് ഡോട്ട് കോം)

അടുത്ത പേജില്‍ വായിക്കുക “നാറാണത്ത് മംഗലത്ത് മനയ്ക്ക് എന്തുപറ്റി”

webdunia
PRO
PRO
നാറാണത്ത് ഭ്രാന്തന് മുമ്പില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ടു എന്ന് അറിഞ്ഞയുടന്‍ രായിരനെല്ലൂര്‍ മലയില്‍ പൂജയും മറ്റും തുടങ്ങി. നാറാണത്ത് ഭ്രാന്തനെ എടുത്തുവളര്‍ത്തിയെന്നു വിശ്വസിക്കുന്ന നാരായണമംഗലത്ത്‌ എന്ന ആമയൂര്‍ മനയില്‍ നിന്ന് ഒരു ബ്രാഹ്മണനെയാണ് പൂജയ്ക്കായി നാട്ടുകാര്‍ നിയോഗിച്ചത്. പിന്നീട് രായിരനെല്ലൂര്‍ മലയടിവാരത്ത് ഒരു ഇല്ലം തന്നെ പണിക്കഴിച്ച് കുടുംബാംഗങ്ങള്‍ അങ്ങോട്ട്‌ താമസം മാറ്റി. ആ ഇല്ലത്തിന്റെ പേര് ‘നാരായണ മംഗലത്തെ ആമയൂര്‍ മന’ എന്നാണ്. ആമയൂര്‍ മനയിലെ കാരണവരായ അഷ്‌ടമൂര്‍ത്തി ഭട്ടതിരിയാണ് ഇപ്പോഴത്തെ മുഖ്യകാര്‍മികന്‍.

“പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രത്തില്‍ ദേവിയുടെ പാദമുദ്രയിലാണ് പൂജ നടത്തുന്നത്. ഇന്നും ഇവിടെ എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍ക്കുന്നത് ആറാമത്തെ കാലടി കുഴിയില്‍ അനുസ്യൂതമായി ഊറുന്ന ശുദ്ധജലമാണ്. ദേവി അദ്ദേഹത്തിന് ദര്‍ശനം നല്‍കിയത്‌ തുലാം മാസം ഒന്നാം തീയതിയായത് കൊണ്ട് ഈ ദിവസം ഇവിടെ വളരെ ഗംഭീരമായിട്ടാണ് ആഘോഷിക്കുന്നത്. നാരാണത്ത് ഭ്രാന്തന്റെ തലമുറക്കാര്‍ എന്ന് പറയുന്നതില്‍ അഭിമാനവും സന്തോഷവും ആമയൂര്‍ മനക്കാര്‍ക്കുണ്ട്” - അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാട് പറയുന്നു.

കൊപ്പം - വളാഞ്ചേരി റൂട്ടില്‍ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളില്‍ വാഹനമിറങ്ങി മലമുകളിലെത്താം. ചെത്തല്ലൂര്‍ തൂതപ്പുഴയോരത്ത് മലമുകളിലെ കൂറ്റന്‍ ശില്‍പം ആകര്‍ഷകമാണ്. ഇവിടെനിന്ന് ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രമുണ്ട്. ഇവിടെ നാറാണത്തുഭ്രാന്തന്‍ ദേവിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തിയതായി ഐതിഹ്യമുണ്ട്. ഇരുപത്തഞ്ചടിയോളം ഉയരമുള്ള ഒറ്റ ശിലാകൂടമാണ് ഭ്രാന്തന്‍കല്ല്. ഇതിനു മുകളിലാണ് ക്ഷേത്രം. ഇവിടത്തെ കാഞ്ഞിരമരവും അതിലെ ചങ്ങലയും നാറാണത്തുഭ്രാന്തന്‍െറ സാന്നിധ്യത്തിന്‍െറ പ്രതീകമായാണ് കരുതപ്പെടുന്നത്. അഞ്ഞൂറടിയിലേറെ ഉയരമുള്ള ചെങ്കുത്തായ മലമുകളില്‍ ഇപ്പോഴും മുടക്കം കൂടാതെ പൂജയുണ്ട്. രായിരനെല്ലൂര്‍ മലയ്ക്ക് താഴെ ദുര്‍ഗാദേവിയുടെ മറ്റൊരു ക്ഷേത്രവുമുണ്ട്.

(ചിത്രങ്ങള്‍ക്ക് കടപ്പാട് - നാട്ടുപച്ച ഡോട്ട് കോം, തണല്‍‌ട്രീ ഡോട്ട് ബ്ലോഗ്സ്പോട്ട് ഡോട്ട് കോം)

Share this Story:

Follow Webdunia malayalam