Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞ് കരയുന്നതെന്തിന്?

കുഞ്ഞ് കരയുന്നതെന്തിന്?
കുഞ്ഞു കരഞ്ഞാല്‍ പിടയുന്നത് മാതാപിതാക്കളുടെ മനസ്സാണ്. കുഞ്ഞ് കരയുന്നതിന് കാരണം പലപ്പോഴും ദേഹാസ്വസ്ഥതയായിരിക്കാം. കുഞ്ഞുങ്ങള്‍ക്ക് അസുഖമുണ്ടോയെന്ന് കണ്ടെത്താന്‍ ചില വഴികളുണ്ട്. പക്ഷെ കുഞ്ഞിന് ചെറിയ അസുഖം തോന്നുമ്പോള്‍തന്നെ ഡോക്ടറെ കാണിക്കുകയാണ് ഉത്തമം.

വയറുവേദന

1) കുഞ്ഞിനെ തോളില്‍ ചേര്‍ത്ത് കിടത്തുമ്പോഴോ കമഴ്ത്തി കിടത്തുമ്പോഴോ കരച്ചില്‍ കുറയുകയാണെങ്കില്‍ കുഞ്ഞിന് വയറു വേദനയാകാം.

2) കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുമ്പോള്‍ വായു അതോടൊപ്പം ഉള്ളില്‍പ്പോകും. ഈ വായു കുഞ്ഞിന് വയറുവേദന ഉണ്ടാക്കും. ഇത് ഒഴിവാക്കുവാന്‍ അമ്മമാര്‍ ഇരുന്നു വേണം കുഞ്ഞുങ്ങളെ മുലയൂട്ടുവാന്‍. എന്നിട്ട് കുഞ്ഞിന് തോളില്‍ കിടത്തി പുറത്തു തട്ടണം. ഏമ്പക്കം പോയാല്‍ കുഞ്ഞിന് വയറിന് ആശ്വാസം ലഭിയ്ക്കും. അതൊടൊപ്പം കുട്ടി പാല്‍ ഛര്‍ദ്ദിക്കാതെയും ഇരിക്കും.
ജന്നി

കരഞ്ഞു കരഞ്ഞു തളര്‍ന്ന് ഉറങ്ങുക, വിയര്‍ക്കുക, കണ്ണിന്‍റെ കൃഷ്ണമണി കുറേനേരം ഒരേപോലെ നില്‍ക്കുക, കൃഷ്ണമണിയുടെ ചലനങ്ങള്‍ വല്ലാതെ ആകുക, മുഖം ചുമക്കുക എന്നിവ ജന്നിയുടെ(ഫിറ്റ്സ്) ലക്ഷണമാണ്.

മൂത്രതടസ്സം

1) ആണ്‍കുട്ടികള്‍ ആയാസപ്പെട്ട് മൂത്രമൊഴിക്കുന്നുണ്ടെങ്കില്‍ അത് മൂത്രടസ്സം മൂലമായിരിക്കും. മൂത്രം തുള്ളി തുള്ളിയായി ഒഴിയ്ക്കുന്നതും കാലില്‍ കൂടി ഒഴുകുന്ന രീതിയില്‍ ഒഴിക്കുന്നതും ഇതിന്‍റെ ലക്ഷണങ്ങളാണ്.

2) പെണ്‍കുഞ്ഞുങ്ങളില്‍ ലക്ഷണങ്ങള്‍ അത്ര വ്യക്തമല്ല. എന്നാല്‍ അല്പാല്പമായി മൂത്രമൊഴിക്കുകയാണെങ്കില്‍ മൂത്രതടസ്സമാകാം കാരണം.

3) മൂത്രതടസ്സം ചിലപ്പോള്‍ ആന്തരികാവയവങ്ങളുടെ തകരാറു മൂലമാകും . അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് മൂത്രതടസ്സമുണ്ടെങ്കില്‍ നിസാരമായി കാണരുത്.

മൂക്കടപ്പ്

മൂക്കടപ്പ് കാരണം കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ വരും. എന്നാല്‍ ഡോക്ടറിനെ സമീപിയ്ക്കാതെ കുഞ്ഞിന്‍റെ മുക്കില്‍ തുള്ളി മരുന്നുകള്‍ ഒഴിയ്ക്കുന്നത് അപകടമാണ്.

പകരം ഉപ്പിട്ട വെള്ളം തിളപ്പിച്ച് ആറ്റി അത് ഒന്നോ രണ്ടോ തുള്ളി കുഞ്ഞിന്‍റെ മൂക്കില്‍ ഒഴിയ്ക്കുക. അല്ലെങ്കില്‍ ഈ വെള്ളം പഞ്ഞിയില്‍ മുക്കി മൂക്ക് വൃത്തിയാക്കുക. കുഞ്ഞിന് ആശ്വാസം ലഭിയ്ക്കും.

ചെവിവേദന

ചെറിയ മൂക്കൊലിപ്പും തുടര്‍ന്ന് രാത്രി കാതില്‍ പിടിച്ച് കരച്ചിലും ഉണ്ടെങ്കില്‍ കുഞ്ഞിനെ ചെവിവേദന അലട്ടുന്നുണ്ടാവാം.

ചെവിവേദന തുടക്കത്തില്‍ തന്നെ ഡോക്ടറെ കാണിക്കണം. അല്ലെങ്കില്‍ ചെവിയില്‍നിന്ന് പഴുപ്പ് ഒഴുകുവാന്‍ ഇടയുണ്ട്. ചെവിവേദനയുടെ മരുന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയാല്‍ വേദന തീര്‍ന്നാലും മരുന്ന് നിര്‍ത്തരുത്. ആ കോഴ്സ് തീരുന്നതുവരെ തുടരണം.

മലബന്ധം

1) മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മലബന്ധം ഉണ്ടാകാറില്ല. വയറ്റില്‍ നിന്നും പോകുന്നില്ലെങ്കില്‍ കുഞ്ഞിന് കൂടുതല്‍ മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ ശ്രദ്ധിയ്ക്കണം. വെള്ളവും ധാരാളം കൊടുക്കണം..

2) ഉണക്കമുന്തിരിങ്ങ വെള്ളത്തിലിട്ട് അതിന്‍റെ സത്ത് കുഞ്ഞുങ്ങള്‍ക്ക് മലബന്ധം മാറ്റാന്‍ നല്‍കാറുണ്ട്. പക്ഷെ മുന്തിരിങ്ങാ നല്‍കുമ്പോള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമേ സത്തെടുത്തു നല്‍കാവു..

വയറിളക്കം

കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വയറിളക്കം സ്വാഭാവികമാണ് എന്നാല്‍ വയറിളക്കവും ഛര്‍ദ്ദിയും ഒരുമിച്ച് ഉണ്ടെങ്കിലും മലബന്ധത്തോടൊപ്പം ചളിയും ചോരയും ഉണ്ടെങ്കിലും ഉടനെ കുഞ്ഞിനെ ഡോക്ടറെ കാണിക്കണം

1) വയറിളക്കമുണ്ടായാല്‍ ശരീരത്തിലെ വെള്ളം നഷ്ടപ്പെടും. അതുകൊണ്ട് കുഞ്ഞിന് ധാരാളം വെള്ളം കൊടുക്കണം. പക്ഷെ ഇത് രോഗപരിഹാരമല്ല.

2) കുഞ്ഞിന്‍റെ വയറ്റില്‍ നിന്നു പോയാല്‍ തുടര്‍ച്ചയായി തുണികൊണ്ട് തുടച്ചെടുക്കരുത്. കുഞ്ഞുങ്ങളുടെ മാര്‍ദ്ദവമുള്ള തൊലിയില്‍ വീണ്ടു വീണ്ടും തുടയ്ക്കുന്നത് നീറ്റലുണ്ടാക്കും. അതൊഴിവാക്കാന്‍ വയറ്റില്‍ നിന്നും പോയാല്‍ തുണികൊണ്ട് ഒപ്പിയെടുക്കുന്നതാണ് നല്ലത്.
പനി

1) കാലാവസ്ഥ മാറുന്നതോടൊപ്പം വൈറല്‍ പനി കുഞ്ഞുങ്ങള്‍ക്ക് പിടിപെടാറുണ്ട്. വീട്ടില്‍ പനിയുള്ളവരുമായുള്ള സമ്പര്‍ക്കം പുലര്‍ത്താതെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാല്‍ പനി പടരുന്നത് ഒഴിവാക്കാം.

2) പനിയും ശക്തമായ തലവേദനയും ഛര്‍ദ്ദിയും മെനിഞ്ചൈറ്റിസിന്‍റെ ലക്ഷണങ്ങളാണ്. പനിയുള്ളപ്പോള്‍ കുഞ്ഞിന്‍റെ മുഖം വല്ലാതെ ചുമന്നാല്‍ തലവേദനയുടെ ലക്ഷണമാണ്

3) അഞ്ചാം പനിയാണെങ്കില്‍ ദേഹത്തു ചുമന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടും. ചിക്കന്‍പോക്സ് പിടിപെട്ടാലും ദേഹത്തു കുമിളകള്‍ ഉണ്ടാകും.

4) പനിയൊടൊപ്പം കുഞ്ഞുങ്ങള്‍ക്ക് ഹൃദയമിടിപ്പ് കൂടിയാല്‍ ശ്വാസമെടുക്കുമ്പോള്‍ കുഞ്ഞിന് നെഞ്ചു വേദന അനുഭവപ്പെടാം.

ചുമ

കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ചുമയും ചെറിയ ശ്വാസം മുട്ടലും സ്വാഭാവികമാണ്. അത് ആസ്തമ ആണെന്ന ഭീതി വേണ്ട. പക്ഷെ ഒരു വയസ്സിനുശേഷം ആസ്തമ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam