Select Your Language

Notifications

webdunia
webdunia
webdunia
webdunia

“നോട്ട് പിന്‍വലിക്കല്‍”: ഈ മാസത്തെ വിവാഹങ്ങള്‍ അടുത്ത മാസം നടത്തിയാല്‍ മതിയോ ! ?

നോട്ട് പിന്‍വലിക്കലിന്റെ ആഘാതത്തില്‍ കേരളത്തിലെ കുടുംബങ്ങള്‍

“നോട്ട് പിന്‍വലിക്കല്‍”: ഈ മാസത്തെ വിവാഹങ്ങള്‍ അടുത്ത മാസം നടത്തിയാല്‍ മതിയോ ! ?
, വെള്ളി, 11 നവം‌ബര്‍ 2016 (16:32 IST)
കള്ളപ്പണവും ഭീകരതയും തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 500 രൂപ 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിവാഹ ചടങ്ങുകളിലും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. വിവാഹ ഒരുക്കങ്ങള്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ക്കുമെല്ലാം കൈയ്യില്‍ കാഷ് ഇല്ലാത്ത അവസ്ഥയാണുള്ളത്. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പിന്‍‌വലിച്ച തുകകളെല്ലാം 500ന്റേയും 1000ന്റേയും നോട്ടുകളായതിനാല്‍ എന്തുചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് കുടുംബങ്ങള്‍.
 
നിശ്ചയിച്ച് ഉറപ്പിച്ച പല വിവാഹങ്ങള്‍ക്കും ആഡംബരം എന്ന പതിവു ശൈലിയില്‍ നിന്ന് വിട്ട് അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താന്‍ പല കുടുംബങ്ങള്‍ക്കും കഴിയുന്നില്ല. സദ്യയും പന്തലുമെല്ലാം ഒരുക്കുന്നതിനും മറ്റുമായി ഇനിയെന്തു ചെയ്യും എന്ന ചിന്തയാണ് പല കുടുംബങ്ങളേയും അലട്ടുന്നത്. പണം മാറ്റി വാങ്ങുന്നതിനു എല്ലാ ബാങ്കുകള്‍ക്ക് മുന്നിലും നീണ്ട നിരയാണുള്ളത്. എടിഎമ്മുകളില്‍ നിന്ന് ഇന്നുമുതല്‍ പണം പിന്‍‌വലിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനും കഴിയാത്ത അവസ്ഥയാണുള്ളത്. കൂടാതെ ആര്‍ബിഐ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണവും സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്.   
 
ഇനി നിശ്ചയിച്ച് ഉറപ്പിച്ച വിവാഹങ്ങള്‍ മാറ്റി വച്ചാലും ഈ സ്ഥിതിയില്‍ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ഒരു ദിവസം 4000 രൂപമാത്രമേ പിന്‍‌വലിക്കാന്‍ കഴിയുയെന്നുള്ള നിയന്ത്രണമാണ് അവിടെയും ആളുകള്‍ക്ക് തിരിച്ചടിയാകുകയാണ്. ഒരാള്‍പ്പോലും പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. കാഷിനു പകരം ചെക്ക് നല്‍കിയാല്‍ അതും സ്വീകാരിക്കാന്‍ ആളുകള്‍ തയ്യാറാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാരണങ്ങളാല്‍ വിവാഹ ആഘോഷങ്ങള്‍ വേണ്ടെന്ന് വെക്കേണ്ട അവസ്ഥയാണ് നാട്ടുകാരില്‍ പലര്‍ക്കുമുള്ളത്. വിവാഹം മുടങ്ങുമെന്ന ചിന്തമൂലം പല ആളുകളും മാനസികമായി തകര്‍ന്ന നിലയിലാണുള്ളത്.
 
വിവാഹ ആവശ്യങ്ങള്‍ക്കായി വലിയ തുകകള്‍ ബാങ്കുകളില്‍ നിന്ന് എടുത്തുവെച്ചവരും കുറവല്ല. അവയും 500ന്റേയും 1000ന്റേയും നോട്ടുകളായതിനാല്‍ അതും ചിലവഴിക്കാനും അവര്‍ക്ക് സാധിക്കില്ല. മക്കളുടെ വിവാഹ ദിവസങ്ങളില്‍ ബാങ്കുകളില്‍ പോയി നോട്ടുമാറാന്‍ ക്യൂ നില്‍ക്കേണ്ട ദുരവസ്ഥയൂണ്ടായ മാതാപിതാക്കളുടെ എണ്ണവും കുറവല്ല. വിവാഹത്തെ ബാധിക്കുന്ന പോലെതന്നെയാണ് ആശുപത്രി കാര്യങ്ങളുടേയും അവസ്ഥ. പല ആശുപത്രികളിലും കടുത്ത പ്രതിസന്ധിയാണ് ആളുകള്‍ നേരിടുന്നത്. ഈ അരക്ഷിതാവസ്ഥ എന്ന് തീരുമെന്നാണ് ഒരോ ആളുകളും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരും മുറുമുറുക്കേണ്ട; നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് അമിത് ഷാ