Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ശ്രീരാമന്‍, രാമായണത്തിന്‍റെ ത്യാഗോജ്ജ്വല ഗാഥ സിനിമയായപ്പോള്‍

മമ്മൂട്ടി ശ്രീരാമന്‍, രാമായണത്തിന്‍റെ ത്യാഗോജ്ജ്വല ഗാഥ സിനിമയായപ്പോള്‍
, ബുധന്‍, 28 നവം‌ബര്‍ 2018 (15:31 IST)
മമ്മൂട്ടിക്ക് മലയാളി കുടുംബങ്ങള്‍ക്കിടയില്‍ ശ്രീരാമന് തുല്യമായ സ്ഥാനമാണ്. സ്നേഹസമ്പന്നനായ ജ്യേഷ്ഠനും ഭര്‍ത്താവുമൊക്കെയായി എന്നും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. ഇതിലും ഉത്തമനായ ഒരു ഭര്‍ത്താവിനെയോ വല്യേട്ടനെയോ സ്ക്രീനില്‍ മറ്റാരിലും ദര്‍ശിച്ചിട്ടുമില്ല മലയാളികള്‍.
 
മമ്മൂട്ടിയുടെ ഈ ശ്രീരാമഭാവം തന്നെയായിരുന്നു ‘വാത്സല്യം’ എന്ന ചിത്രത്തിന്‍റെ കഥയായി തിരക്കഥാകൃത്ത് ലോഹിതദാസ് തെരഞ്ഞെടുത്തതും. കൊച്ചിന്‍ ഹനീഫയായിരുന്നു സംവിധായകന്‍. അനുജന് വേണ്ടി സര്‍വവും ഉപേക്ഷിച്ച് യാത്രയാകുന്ന മേലേടത്ത് രാഘവന്‍ നായര്‍ ശ്രീരാമന്‍റെ തനിപ്പകര്‍പ്പ് തന്നെയാണ്. രാമായണകഥ തന്നെയാണ് വാത്സല്യത്തിന്‍റെ കഥയ്ക്ക് പച്ചിലവളമായി ലോഹി സ്വീകരിച്ചതും. 
 
വാത്സല്യത്തേക്കുറിച്ച് എന്നും കൊച്ചിന്‍ ഹനീഫ അഭിമാനം കൊണ്ടിരുന്നു. ഒരു സിനിമ കൂടി ലോഹിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യാന്‍ ആലോചിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ലോഹിതദാസിനെ മരണം കവര്‍ന്നത്. പിന്നീട് ഹനീഫയും മരണത്തിന് കീഴടങ്ങി. എന്നാല്‍ ഇരുവരും സൃഷ്ടിച്ച വാത്സല്യം അനശ്വരമായി നില്‍ക്കുന്നു. 1993 ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 
 
വാത്സല്യത്തിന്‍റെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു സംഭവം അന്ന് അവിടെയുണ്ടായിരുന്ന പലരും ഓര്‍ക്കുന്നുണ്ട്. ലോഹിതദാസ് തിരക്കഥ പൂര്‍ത്തിയാക്കിയിട്ടില്ല. ചിത്രീകരണത്തിനൊപ്പം അടുത്ത് ഒരു ലോഡ്ജിലിരുന്ന് ലോഹി തിരക്കഥയെഴുതിക്കൊണ്ടിരുന്നു. 
 
ഒരു ദിവസം ലൊക്കേഷനില്‍ കൊച്ചിന്‍ ഹനീഫ താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ലോഹിതദാസ് കടന്നു വരികയാണ്. കയ്യില്‍ പൂര്‍ത്തിയാക്കിയ തിരക്കഥയടങ്ങിയ കടലാസുകെട്ടും ഉയര്‍ത്തിപ്പിടിച്ചാണ് വരവ്. ഒപ്പം ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറയുന്നുമുണ്ട് - “കൊച്ചിന്‍ ഹനീഫേ നേതാവേ... ധീരതയോടെ നയിച്ചോളൂ...”
 
വീടുപേക്ഷിച്ചുപോയ ജ്യേഷ്ഠനെ അനുജന്‍ കാണാന്‍ വരുന്നതായിരുന്നു വാത്സല്യത്തിന്‍റെ ക്ലൈമാക്സ്. നെന്‍‌മാറയിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചത്. അത്രയും ലളിതമായൊരു ക്ലൈമാക്സ് എഴുതാനും അത് മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റാനും ഒരു ലോഹിതദാസിന് മാത്രമേ കഴിയൂ. വാത്സല്യം മലയാളികളുടെ നെഞ്ചിലെ നീറുന്ന ഒരോര്‍മ്മയാണ്. മേലേടത്ത് രാഘവന്‍‌നായര്‍ സ്നേഹത്തിന്‍റെ പൊന്‍‌തിളക്കമുള്ള പ്രതീകവും.
 
കേരളത്തിലെ തിയേറ്ററുകളില്‍ 250ലേറെ ദിവസം വാത്സല്യം ഓടി. ഒരു മികച്ച കഥയുടെ ഗംഭീരമായ ചിത്രീകരണമായിരുന്നു ആ സിനിമ. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍, ഒന്നാന്തരം ഗാനങ്ങള്‍ എല്ലാം ആ സിനിമയിലുണ്ടായിരുന്നു. എസ് പി വെങ്കിടേഷായിരുന്നു സംഗീതം. ഗാനരചന കൈതപ്രവും. അലയും കാറ്റിന്‍ ഹൃദയം, താമരക്കണ്ണനുറങ്ങേണം, ഇന്നീക്കൊച്ചുവരമ്പിന്‍‌മേലേ എന്നീ ഗാനങ്ങള്‍ ഇന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടവയാണ്.
 
സംവിധായകന്‍ കൊച്ചിന്‍ ഹനീഫ ‘ഇന്നീക്കൊച്ചുവരമ്പിന്‍‌മേലേ...’ എന്ന ടൈറ്റില്‍ സോംഗില്‍ മാത്രമാണ് അഭിനയിച്ചത്. ഈ സിനിമയ്ക്കൊപ്പം അപ്പോള്‍ പാലക്കാട് ചിത്രീകരണം നടന്ന ‘ദേവാസുര’ത്തിലും ഒരു കഥാപാത്രത്തെ കൊച്ചിന്‍ ഹനീഫ അവതരിപ്പിക്കുന്നുണ്ടായിരുന്നു. വാത്സല്യം ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെയാണ് നായികയായ ഗീതയ്ക്ക് ആകാശദൂതിലെ നായികയാവാന്‍ ഓഫര്‍ വരുന്നത്. എന്നാല്‍ വാത്സല്യം പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ ഗീത ആകാശദൂത് വേണ്ടെന്നുവച്ചു. അത് അവരുടെ കരിയറിലെ വലിയ നഷ്ടമാകുകയും ചെയ്തു.
 
1993ല്‍ വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ വാത്സല്യം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. വാത്സല്യത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പലതവണ വിസ്മയിപ്പിച്ച മമ്മൂട്ടി, പേരൻപ് പോലൊന്ന് മലയാളത്തിന് സാധിക്കാത്തതെന്ത്?