Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ്ഗോപിക്കായി സംവിധായകന്‍ നിന്നു, മമ്മൂട്ടി വേണമെന്ന് മോഹന്‍ലാലും; ഒടുവില്‍ മോഹന്‍ലാല്‍ വിജയിച്ചു!

സുരേഷ്ഗോപിക്കായി സംവിധായകന്‍ നിന്നു, മമ്മൂട്ടി വേണമെന്ന് മോഹന്‍ലാലും; ഒടുവില്‍ മോഹന്‍ലാല്‍ വിജയിച്ചു!
, ചൊവ്വ, 7 നവം‌ബര്‍ 2017 (18:01 IST)
‘നീ പോ മോനേ ദിനേശാ...’ എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ കേരളക്കര ആകെ ഇളകിമറിഞ്ഞു. അതൊരു തരംഗമായി മാറിയപ്പോള്‍ ‘നരസിംഹം’ റെക്കോര്‍ഡ് വിജയമായി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആദ്യമായി നിര്‍മ്മിച്ച സിനിമ കളക്ഷനില്‍ ചരിത്രം സൃഷ്ടിച്ചു. മലയാളത്തില്‍ മോഹന്‍ലാലിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നു.
 
ആ സിനിമ ഇന്ന് ഓര്‍ക്കുമ്പോള്‍ മറ്റൊരു കാര്യം സ്മരിക്കാതെ വയ്യ. മഹാനടനായ മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. കഥയുടെ ഒരു നിര്‍ണായക ഘട്ടത്തില്‍ കടന്നുവരികയും പിന്നീട് മിനിട്ടുകള്‍ മാത്രം നീളുന്ന രംഗങ്ങളില്‍, എന്നാല്‍ തിയേറ്ററുകളെ പൊട്ടിത്തരിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളില്‍ നിറഞ്ഞാടിയ നന്ദഗോപാല്‍ മാരാര്‍ എന്ന മമ്മൂട്ടിക്കഥാപാത്രം. നരസിംഹത്തിന്‍റെ ഹൈലൈറ്റായിരുന്നു അത്.
 
നന്ദഗോപാല്‍ മാരാരായി സുരേഷ്ഗോപിയെയാണ് ഷാജി കൈലാസ് മനസില്‍ കണ്ടിരുന്നത്. നേരത്തേ ‘ദി കിംഗ്’ എന്ന സിനിമയില്‍ സുരേഷ്ഗോപി ചെയ്ത കാമിയോ കഥാപാത്രം ആ സിനിമയ്ക്ക് കുറച്ചൊന്നുമല്ല ഊര്‍ജ്ജം പകര്‍ന്നത്. അതിന്‍റെ ഓര്‍മ്മയില്‍ നരസിംഹത്തിലും സുരേഷ്ഗോപി മതിയെന്ന് ഷാജി തീരുമാനിച്ചു. എന്നാല്‍ മോഹന്‍ലാലിന്‍റെയും തിരക്കഥാകൃത്ത് രഞ്ജിത്തിന്‍റെയും മനസില്‍ നന്ദഗോപാല്‍ മാരാരായി സാക്ഷാല്‍ മമ്മൂട്ടിയല്ലാതെ മറ്റാരുമായിരുന്നില്ല.
 
മമ്മൂട്ടിയെപ്പോലെ ഒരു വലിയ താരത്തെ ഒരു മാസ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ മധ്യത്തില്‍ എങ്ങനെ അവതരിപ്പിക്കും എന്നൊരു ആശങ്ക ഷാജി കൈലാസിനുണ്ടായിരുന്നു. എന്നാല്‍ അതിന് പറ്റിയ ഡയലോഗ് താന്‍ എഴുതിത്തരാമെന്നും ആ പ്രശ്നം പരിഹരിക്കാമെന്നും രഞ്ജിത്ത് ഷാജിക്ക് ധൈര്യം കൊടുത്തു. ‘ഫ...’ എന്നൊരു ആട്ടാണ് മമ്മൂട്ടി സ്ക്രീനിലെത്തുന്ന ഉടനെ പറയുന്ന ഡയലോഗിന്‍റെ തുടക്കം. മമ്മൂട്ടി എത്തുമ്പോള്‍ കൂവണമെന്ന് കരുതി കാത്തിരുന്നവരെ പോലും ഞെട്ടിച്ച ഡയലോഗ്.
 
“ഫ... നിര്‍ത്തെടാ.. എരപ്പാളികളേ... നിന്‍റെയൊക്കെ ശബ്ദം പൊങ്ങിയാല്‍ രോമത്തിന് കൊള്ളുകേലെന്‍റെ... നന്ദഗോപാല്‍ മാരാര്‍ക്ക് വിലയിടാന്‍ അങ്ങ് തലസ്ഥാനത്ത്, ദില്ലിയിലും ഒരുപാട് ക്ണാപ്പന്‍‌മാര് ശ്രമിച്ചുനോക്കിയതാ. നാസിക്കിലെ റിസര്‍വ് ബാങ്കിന്‍റെ നോട്ടടിക്കുന്ന പ്രസുണ്ടല്ലോ, കമ്മട്ടം... അതെടുത്തോണ്ടുവന്ന് തുലാഭാരം തൂക്കിയാലും മാരാരിരിക്കുന്ന തട്ട് താണുതന്നെയിരിക്കും... മക്കളേ, രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റിവിടല്ലേ...” - എന്ന ഡയലോഗില്‍ കിടുങ്ങിപ്പോയ മലയാള പ്രേക്ഷകസമൂഹം പിന്നെ മമ്മൂട്ടിയുടെ ആ പ്രശസ്തമായ കോടതിരംഗവും ആര്‍പ്പുവിളികളോടെയും കൈയടിയോടെയും സ്വീകരിച്ചു.
 
നന്ദഗോപാല്‍ മാരാരാകാന്‍ മമ്മൂട്ടിതന്നെ വേണമെന്ന മോഹന്‍ലാലിന്‍റെയും രഞ്ജിത്തിന്‍റെയും വാശി വിജയം കണ്ടപ്പോള്‍ മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ആവേശഭരിതമായ മാസ് രംഗങ്ങളാണ് നരസിംഹത്തില്‍ പിറന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാമ്പ്, തവള, കഴുകൻ, കാള.... മോഹൻലാലിന്റെ പുതിയ വേഷപകർച്ചകൾ!