Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമലയെ മതില്‍ ചാടിച്ചപ്പോള്‍ മെഗാഹിറ്റ്, പ്രായശ്ചിത്തം ചെയ്തപ്പോള്‍ അതും വന്‍ ഹിറ്റ്!

അമലയെ മതില്‍ ചാടിച്ചപ്പോള്‍ മെഗാഹിറ്റ്, പ്രായശ്ചിത്തം ചെയ്തപ്പോള്‍ അതും വന്‍ ഹിറ്റ്!
, വെള്ളി, 1 ജൂണ്‍ 2018 (18:41 IST)
‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളില്‍ ഒന്നാണ്. എല്ലാവരും അഭിനന്ദിച്ചപ്പോഴും ആ സിനിമയെക്കുറിച്ച് ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളെക്കൊണ്ട് ഹോസ്റ്റലിന്‍റെ മതില്‍ ചാടിച്ചു എന്നായിരുന്നു ഒരു വിമര്‍ശനം.
 
ആ സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായ ചില സംഭവങ്ങളും അരങ്ങേറിയതോടെ ഫാസിലിന് നേരെ വിമര്‍ശനം ശക്തമായി. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഫാസില്‍ മറുപടി പറഞ്ഞത് ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെയാണ്.
 
മാതാപിതാക്കളുടെ സ്നേഹത്തിന്‍റെ വിലയറിയുന്നവരാണ് മക്കളെന്ന് ലോകത്തോട് വിളിച്ചുപറയുന്ന സിനിമയായിരുന്നു അനിയത്തിപ്രാവ്. സൂര്യപുത്രിയിലൂടെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്കെല്ലാം അനിയത്തിപ്രാവിലെ ശാലിനിയിലൂടെ ഫാസിലിന് പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞു. ഓരോ കുടുംബവും ആഗ്രഹിച്ചുപോകുന്ന സ്വഭാവവിശേഷങ്ങളുള്ള കഥാപാത്രമായിരുന്നു ശാലിനി ആ സിനിമയില്‍ അവതരിപ്പിച്ച മിനി.
 
അനിയത്തിപ്രാവ് വന്‍ ഹിറ്റായി. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അവിടെയും ചരിത്രവിജയം. നന്‍‌മയുടെയും സ്നേഹത്തിന്‍റെയും കഥ അങ്ങനെ ഭാഷകള്‍ക്കതീതമായ ആഘോഷമായി മാറി.
 
ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിട്ടും ഷൂട്ടിംഗ് തുടങ്ങാറായിട്ടും പേര് കണ്ടെത്താനായിരുന്നില്ല. അപ്പോഴാണ് ചിത്രത്തിനുവേണ്ടി എസ് രമേശന്‍ നായര്‍ എഴുതിയ ഒരു പാട്ട് മദ്രാസില്‍ നിന്ന് ഫാസിലിന് അയച്ചുകിട്ടുന്നത്. അത് ഇങ്ങനെയായിരുന്നു - ‘അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്...’
 
വായിച്ച ഉടന്‍ ഫാസിലിന്‍റെയും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍റെയും മനസില്‍ ബള്‍ബ് കത്തി. ‘അനിയത്തിപ്രാവ്’ എന്ന പ്രയോഗമാണ് ഇരുവരെയും ആകര്‍ഷിച്ചത്. ചിത്രത്തിന് ഇടാന്‍ പറ്റിയ പേര്.
 
പാട്ടുകേള്‍ക്കാനിരുന്നവരോടൊക്കെ ഫാസില്‍ ആരാഞ്ഞു - ‘അനിയത്തിപ്രാവ് എന്ന് പേരിട്ടാല്‍ എങ്ങനെയുണ്ടാവും?’.
 
അതുകേട്ട ഒരാള്‍ പറഞ്ഞു - ‘അനിയത്തിക്കോഴി എന്ന പേരില്‍ വി ഡി രാജപ്പന്‍റെ ഒരാല്‍ബമുണ്ട്. അതിന്‍റെ പാരഡിയായി തോന്നും”. അതുപറഞ്ഞ ആള്‍ക്ക് മാത്രമല്ല, കേട്ട പലര്‍ക്കും ‘അനിയത്തിപ്രാവ്’ എന്ന പേരിഷ്ടമായില്ല. പക്ഷേ ഫാസില്‍ അതുതന്നെ ഉറപ്പിച്ചു.
 
അനിയത്തിപ്രാവ് എന്ന പേരും സിനിമയും മലയാളികളുടെ ഹൃദയം കവര്‍ന്നത് ചരിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകൻ കൃഷിന്റെ വിവാഹമോചനത്തിന് പിന്നിൽ നടി പ്രഗ്യ ?