Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോസഫിന്റെ ശീതസമരം; കുലുക്കമില്ലാതെ മാണി - തിരിച്ചടി ഭയന്ന് കോണ്‍ഗ്രസ്

ജോസഫിന്റെ ശീതസമരം; കുലുക്കമില്ലാതെ മാണി - തിരിച്ചടി ഭയന്ന് കോണ്‍ഗ്രസ്
, ചൊവ്വ, 12 മാര്‍ച്ച് 2019 (16:21 IST)
കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ (എം) ശക്തമായ തര്‍ക്കത്തെ ഭയന്ന് കോണ്‍ഗ്രസ് നേതൃത്വം. വര്‍ക്കിംഗ് പ്രസിഡ‍ന്റും മുതര്‍ന്ന നേതാവുമായ പിജെ ജോസഫ് മത്സരിക്കണമെന്ന ആവശ്യം തുറന്ന് പറഞ്ഞിട്ടും സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടനെ പാര്‍ട്ടി ചെയര്‍മാര്‍ന്‍ കെഎം മാണി നിശ്ചയിച്ചതാണ് നിലവിലെ കലഹങ്ങള്‍ക്ക് കാരണം.

പിളര്‍പ്പിന്റെ വക്കിലെന്ന് പറയുമ്പോഴും നിലവിലെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് രണ്ടാകില്ല. നിലവിലെ രാഷ്‌ട്രീയസാഹചര്യം ജോസഫിനെ കടുത്ത നീക്കങ്ങളില്‍ നിന്ന് പിന്നോക്കം വലിക്കും. ഇക്കാര്യം മാണിക്കും വ്യക്തമായി അറിയാം.

എന്നാല്‍ ഇരു വിഭാഗവും തമ്മിലുള്ള തര്‍ക്കം തെരഞ്ഞെടുപ്പ് സാധ്യതകളില്‍ കരിനിഴല്‍ വീഴ്‌ത്തുമെന്ന സന്ദേഹം കോണ്‍ഗ്രസിലുണ്ട്.  ജോസഫ് ശക്തനായ നേതാവാണെന്ന കോണ്‍ഗ്രസിന്റെ തുറന്നു പറച്ചില്‍ ഇതിന്റെ സൂചനയാണ്. പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് ഇടപെടുന്നത് ജോസഫ് വിഭാഗത്തെ തണുപ്പിക്കാനാണ്.

പ്രശ്‌നം പരിഹരിക്കണമെന്ന യുഡിഎഫ് നേതാക്കളുടെ സന്ദേശം കെപിസിസി നിര്‍വാഹകസമിതിയംഗവും ഇടുക്കി മുൻ ഡിസിസി പ്രസി‍ഡന്റുമായ റോയ് കെ പൗലോസ് ജോസഫിനു കൈമാറി. പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ യുഡിഎഫ് നേതൃത്വം ഇടപെടുമെന്ന് കണ്‍വീനര്‍ ബെന്നി ബഹനാനും വ്യക്തമാക്കി. ഈ നീക്കങ്ങള്‍ മാ‍ണിക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

അപമാനിതനായി ജോസഫ് കേരള കോണ്‍ഗ്രസില്‍ തുടരുമോ എന്ന ആശങ്ക മാണി വിഭാഗത്തിനും കോണ്‍ഗ്രസിനുമുണ്ട്. കടുത്ത തീരുമാനങ്ങളുമായി ജോസഫ് നീങ്ങിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും. സീറ്റ് തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ കൈകഴുകുന്ന നയമായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. കേരള കോണ്‍ഗ്രസിലെ പ്രശ്‌നം അവര്‍ പരിഹരിക്കട്ടെ എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.

ഇതോടെ സ്ഥനാര്‍ഥി നിര്‍ണയം മുതല്‍ ജയസാധ്യതവരെ മാണിക്ക് നിര്‍ണായകമായി. ഒടുവില്‍ ജോസഫിനെ തഴഞ്ഞ് തോമസ് ചാഴികാടന് സീറ്റ് നല്‍കിയതോടെ പാ‍ര്‍ട്ടി ചെയര്‍മാന് ‘പണി’ ഇരട്ടിയയി. തര്‍ക്കങ്ങള്‍ പരിഹരിച്ച് ജോസഫിനെ ഒപ്പം നിര്‍ത്തേണ്ടത് മാണിയുടെ കടമയായി. മറിച്ച് സംഭവിച്ചാല്‍ എല്‍ ഡി എഫ് അത് നേട്ടമാക്കും.

പാര്‍ട്ടിയില്‍ ജോസ് കെ മാണി പിടിമുറുക്കുന്നതും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാത്തതുമാ‍ണ് ലോക്‍സഭ സീറ്റ് എന്ന ആ‍ഗ്രഹത്തിലേക്ക് ജോസഫിനെ നയിച്ചത്. എംപിയായാല്‍ പാര്‍ട്ടിയില്‍ ശക്തനാകാമെന്നായിരുന്നു  വിശ്വാസം. ഇതോടെ ജോസ് കെ മാണി അപ്രസക്തനാകുമെന്നും കരുതി. എന്നാല്‍, ഒരു മുഴം മുമ്പേ എറിഞ്ഞ മാണിയും ജോസ് കെ മാണിയും ജോസഫിന്റെ നീക്കങ്ങള്‍ ഒറ്റ രാത്രികൊണ്ട് തകര്‍ത്തെറിഞ്ഞു.

ഈ സാഹചര്യം തണുപ്പിക്കാന്‍ പ്രശ്‌ന പരിഹാരം മാത്രമേ മാര്‍ഗമുള്ളൂ എന്ന് കോണ്‍ഗ്രസിനും മാണിക്കുമറിയാം. തുടര്‍ ചര്‍ച്ചകള്‍ വിജയം കണ്ടില്ലെങ്കില്‍ ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തി നിലകൊള്ളും. ഇത് മാണിക്ക് മാത്രമല്ല കോണ്‍ഗ്രസിനും ക്ഷീണം ചെയ്യും. ഇതാണ് ആശങ്കയുണ്ടാക്കുന്ന ഘടകം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പബ്ജി ആരാധകരുടെ ശ്രദ്ധക്ക്, പബ്ജി കളിച്ചാൽ ഇനി ജെയിലിൽ കിടക്കേണ്ടിവരും !