Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dooradarshan Newsreader Hemalatha Interview: ദൂരദര്‍ശനും ഇന്നത്തെ വാര്‍ത്താ ചാനലുകളും; മനസ്സുതുറന്ന് ഹേമലത (അഭിമുഖം)

നീണ്ട 39 വര്‍ഷക്കാലത്തെ ദൂരദര്‍ശന്‍ ജീവിതം ഏറെ തൃപ്തികരവും സന്തോഷകരവും ആയിരുന്നെന്ന് ഹേമലത പറയുന്നു

Hemalatha, Dooradarshan, Interview Hemalatha, Nelvin Gok, Dooradarshan News reader Hemalatha Interview

Nelvin Gok

, വെള്ളി, 5 ജനുവരി 2024 (19:31 IST)
News Reader Hemalatha

Nelvin Gok / [email protected] 
Dooradarshan Newsreader Hemalatha Interview: ഒച്ചപ്പാടും ബഹളവുമില്ലാതെ വസ്തുതകള്‍ മാത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വാര്‍ത്താ ശൈലി ഇപ്പോഴും തുടരുന്ന ചാനലാണ് ദൂരദര്‍ശന്‍. കഴിഞ്ഞ 39 വര്‍ഷമായി ദൂരദര്‍ശന്റെ ഭാഗമായിരുന്നു മലയാളികള്‍ക്ക് സുപരിചിതയായ മാധ്യമപ്രവര്‍ത്തക ഹേമലത. ജീവിതത്തിന്റെ ഏറിയ പങ്കും ന്യൂസ് റൂമില്‍ ചെലവഴിച്ച ഹേമലത ഇപ്പോള്‍ ദൂരദര്‍ശനില്‍ നിന്ന് സൈന്‍ ഓഫ് ചെയ്തിരിക്കുകയാണ്. മാറിയ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചും വാര്‍ത്താസംസ്‌കാരത്തെ കുറിച്ചും ഹേമലത വെബ് ദുനിയ മലയാളത്തോട് സംസാരിക്കുകയാണ്. 
 
നീണ്ട 39 വര്‍ഷക്കാലത്തെ ദൂരദര്‍ശന്‍ ജീവിതം ഏറെ തൃപ്തികരവും സന്തോഷകരവും ആയിരുന്നെന്ന് ഹേമലത പറയുന്നു. 'ഇനിയെന്ത്' എന്നതിനെ കുറിച്ച് തല്‍ക്കാലത്തേക്ക് യാതൊരു പദ്ധതിയും ആലോചിച്ചിട്ടില്ല. എന്തെങ്കിലും ചിന്തിക്കാനുള്ള സമയം കിട്ടിയിട്ടില്ലെന്ന് പറയാം. മാധ്യമ മേഖലയില്‍ തന്നെ തുടരണോ എന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും ഹേമലത പറഞ്ഞു. 
 
വിളിച്ചുവരുത്തിയ അതിഥിയെ മാനിക്കാതെ ഒച്ചവയ്ക്കുന്നത് എന്ത് മാധ്യമപ്രവര്‍ത്തനമാണ് ! 
 
വാര്‍ത്താ സംസ്‌കാരത്തിലും ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തനത്തിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒരു മോശം സംസ്‌കാരമെന്ന് പൂര്‍ണമായി പറയുന്നില്ല. എങ്കിലും നല്ലതല്ലാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. കൃത്യമായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ദൂരദര്‍ശന്റെ എക്കാലത്തെയും ലക്ഷ്യം. ആ ഒരു അന്തരീക്ഷത്തില്‍ നിന്ന് വന്നത് കൊണ്ട് മാത്രമല്ല, ഇപ്പോഴത്തെ നെഗറ്റീവ് മാധ്യമപ്രവര്‍ത്തനത്തോട്, അഗ്രസീവ് മനോഭാവത്തോട് വ്യക്തിപരമായി എനിക്ക് യോജിക്കാന്‍ കഴിയില്ല. ഇത് സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഒരുപക്ഷേ വളരെ മോശമായിരിക്കും. 

webdunia
News Reader Hemalatha
 
വിളിച്ചു വരുത്തിയ ഒരു അതിഥിയെ മാനിക്കാതെ ഒച്ച വെക്കുകയല്ലല്ലോ ഒരു ചര്‍ച്ച നിയന്ത്രിക്കുന്ന ആള്‍ ചെയ്യേണ്ടത്. ഒരു നല്ല കേള്‍വിക്കാരന്‍/കേള്‍വിക്കാരി ആവണം ഓരോ മാധ്യമ പ്രവര്‍ത്തകരും. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ കേട്ടാല്‍ മാത്രമേ നമ്മില്‍ സ്വന്തമായി ഒരു കാഴ്ചപ്പാട് രൂപപ്പെടൂ. മറ്റുള്ളവരെ കേള്‍ക്കാനും ബഹുമാനിക്കാനും സന്നദ്ധതയുള്ള ഒരാള്‍ക്ക് മാത്രമേ ഒരു ചര്‍ച്ച ഫലപ്രദമായി നയിക്കാന്‍ സാധിക്കൂ. എല്ലാവരും ഒരുമിച്ചു ഒച്ചവെച്ചാല്‍ പ്രേക്ഷകര്‍ക്ക് എന്ത് മനസിലാകും ? 
 
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വിമര്‍ശനങ്ങളില്‍ കാമ്പുണ്ട് 
 
ചില മാധ്യമപ്രവര്‍ത്തകരുടെ നിക്ഷിപ്ത താല്‍പര്യങ്ങളാണ് ഈ മേഖലയ്‌ക്കെതിരെ ഇത്രയും വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം. മാധ്യമ വിചാരണയും സ്വന്തം അജണ്ട നടപ്പിലാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായ 'ചില' മാധ്യമ പ്രവര്‍ത്തകരുമാണ് എല്ലാവരുടെയും പേര് ചീത്തയാക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 
 


മാധ്യമപ്രവര്‍ത്തനവും വൈകാരികതയും 
 
ദൂരദര്‍ശന്‍ എപ്പോഴും ഒരു നിഷ്പക്ഷ ശൈലിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. അവതരണത്തിലും അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. മനുഷ്യന്റെ വൈകാരികതെ എങ്ങനെ ഉപയോഗിക്കാം എന്നതില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ മത്സരത്തിലാണ്. ഒരു അപകടമായാലും അരിക്കൊമ്പന്‍ വിഷയമായാലും അതെല്ലാം മാധ്യമങ്ങളുടെ വൈകാരിക ചൂഷണത്തിന്റെ ഭാഗമാകുന്നുണ്ട്. ഓരോ സമയത്ത് ഓരോ 'ആഘോഷങ്ങള്‍' എന്ന രീതിയിലേക്ക് വാര്‍ത്താ സംസ്‌കാരം മാറിയിട്ടുണ്ട്. 
 
ആദ്യ വായനയും അവസാന വായനയും 
 
ആദ്യത്തെ വായന ടെന്‍ഷന്‍ ഒന്നുമില്ലാതെ ചെയ്തു എന്ന് അന്നത്തെ ന്യൂസ് പ്രൊഡ്യൂസര്‍ ചാമിയാര്‍ സാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ എന്താണ് വായിച്ചത് എന്നൊന്നും ഓര്‍മയില്ല. അവസാനത്തെ ന്യൂസ് ബുള്ളറ്റിന്‍ ഒരു സമ്മിശ്ര വികാരത്തോടെയായിരുന്നു വായിച്ചത്. ന്യൂസ് റീഡര്‍ ആയി തുടങ്ങിയത് കൊണ്ട്, 2013 മുതല്‍ എഡിറ്റര്‍ കൂടി ആയി. ന്യൂസ് വായിച്ചു തന്നെ അവസാനിപ്പിക്കാം എന്നത് ന്യൂസ് ഹെഡ് ആയ അജയ് ജോയ് സാറിന്റെ ഐഡിയ ആയിരുന്നു. പേഴ്‌സണല്‍ സൈന്‍ ഓഫ് കൂടി ആകാം എന്നതും സാറിന്റെ ഐഡിയ ആണ്. ആ ഓഫിലെ എന്റെ വൈകാരികത മനസിലാക്കാന്‍ പ്രേക്ഷകര്‍ക്കും കഴിഞ്ഞു എന്നും മനസിലായി..!
 
ജനങ്ങള്‍ക്ക് അറിയേണ്ടത് ഒരു വശം മാത്രമല്ല ! 
 
രാഷ്ട്രീയം, സ്വകാര്യ മാനേജ്‌മെന്റുകള്‍ എന്നിവയുടെ സ്വാധീനം വാര്‍ത്തകളില്‍ കടന്നുവന്നിട്ടുണ്ട്. മിക്ക ചാനലുകളും ഇപ്പോള്‍ ഒരു വശം മാത്രമാണ് കാണുന്നത്, റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊളിറ്റിക്കല്‍ അജണ്ടയാണ് എല്ലാവരേയും നയിക്കുന്നത്. അതു തന്നെയാണ് പെയ്ഡ് ന്യൂസ് കാലം ഉണ്ടാകാനും കാരണം. ജനങ്ങള്‍ക്ക് അറിയേണ്ടത് ഒരു വശം മാത്രമല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി; അടുത്ത നാലുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത