Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഡ്ഡിദിനം പൊലിപ്പിച്ച കംഗാരുക്കള്‍

വിഡ്ഡിദിനം പൊലിപ്പിച്ച കംഗാരുക്കള്‍
മെല്‍ബണ്‍ , ബുധന്‍, 1 ഏപ്രില്‍ 2009 (15:57 IST)
PRO
ഇക്കുറി വിഡ്ഡിദിനം ഓസ്ട്രേലിയക്കാര്‍ നന്നായി പൊലിപ്പിച്ചു. ഒന്നും രണ്ടും പേര്‍ക്കല്ല അമളി പറ്റിയത്. കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കരുതെന്ന് കംഗാരുക്കള്‍ നന്നായി മനസിലാക്കി. ക്രിക്കറ്റിന് പേരുകേട്ട ഓസീസിലെ ക്രിക്കറ്റ് ആരാധകരാണ് ഇതിന് ഇരയായതെന്നതാണ് ഏറെ കൌതുകം.

ക്രിക്കറ്റ് കളികള്‍ക്ക് പ്രസിദ്ധമായ സിഡ്നിയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിന്‍റെ പേരിടീല്‍ അവകാശം ഒരു ചൈനീസ് കമ്പനി സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് ക്രിക്കറ്റ് പ്രേമികളെ പ്രകോപിപ്പിച്ചത്. ദ ഹെറാള്‍ഡ് സണിന്‍റെ വെബ്സൈറ്റിലായിരുന്നു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എക്സ്ക്ലൂസീവെന്ന പേരും കണ്ടതോടെ പലരും വാര്‍ത്ത വെള്ളം ചേര്‍ക്കാതെ തന്നെ വിഴുങ്ങി.

അവകാശം സ്വന്തമാക്കിയ ചൈനക്കാര്‍ ഒരു ചൈനീസ് പേരും (മെക്കോംഗ് ക്രിക്കറ്റ് ഗ്രൌണ്ട്) സ്റ്റേഡിയത്തിന് ഇട്ടതായി വാര്‍ത്തയില്‍ പറഞ്ഞു. പോരേ പൂരം!. ഓസ്ട്രേലിയയുടെ രണ്ടാമത്തെ വലിയ നഗരമായ മെല്‍‌ബണിന്‍റെ തിലകക്കുറിയാണ് ഈ സ്റ്റേഡിയം. ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഏറെ പ്രസിദ്ധവുമാണ്.

വാര്‍ത്ത കണ്ട ഉടനെ തന്നെ കംഗാരുക്കളുടെ ദേശീയവികാരം തിളച്ചുമറിഞ്ഞു. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഓസ്ട്രേലിയയിലെ ഖനന മേഖല ചൈനീസ് കമ്പനികള്‍ കയ്യേറുന്ന വാര്‍ത്ത അവിടുത്തെ പ്രധാന ചര്‍ച്ചാ വിഷയമാണിപ്പോള്‍. ചൈനക്കാര്‍ ക്രിക്കറ്റിലും ഖനനം തുടങ്ങിയെന്ന് ഉറപ്പിച്ച് രോഷാകുലരായ കംഗാ‍രുക്കള്‍ വാര്‍ത്തയുടെ കമന്‍റ് ബോക്സിലൂടെ ഉടന്‍ പ്രതികരിച്ചു തുടങ്ങി.

webdunia
PRO
ഉച്ചയ്ക്ക് മുമ്പ് ഏതാണ്ട് ഇരുന്നൂറിലധികം പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അധികം പേരും അവസരം പാഴാക്കിയില്ല. സ്ഫോടനാത്മകമായിത്തന്നെ പ്രതികരിച്ചു.

രാജ്യം മൊത്തമായി ഏഷ്യക്കാര്‍ക്ക് അടിയറ വെയ്ക്കാനായിരുന്നു ഒരാളുടെ പ്രതികരണം. ഓസ്ട്രേലിയുടെ ആത്മാവിനെയാണ് കച്ചവടം ചെയ്യുന്നതെന്നായി മറ്റൊരാള്‍. അങ്ങനെ കമന്‍റുകള്‍ നീണ്ടു.

ഇതിനിടെ ഒരു വായനക്കാരന്‍ വാര്‍ത്തയ്ക്ക് മറ്റൊരു ലിങ്കും കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ ഖനന കമ്പനികളില്‍ ചൈനീസ് കമ്പനികളുടെ ഓഹരി കയ്യേറ്റമായിരുന്നു ഈ വാര്‍ത്ത.

ഓസ്ട്രേലിയയുടെ മേല്‍ ചൈനീസ് കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം ആരംഭിച്ചെന്നായിരുന്നു കാം എന്ന വായനക്കാരന്‍റെ നിരീക്ഷണം. ചൈനീസ് കമ്പനികള്‍ ഓഹരികള്‍ സ്വന്തമാക്കിയ ഓസ്ട്രേലിയന്‍ ഖനന കമ്പനികളുടെ പട്ടികയും ഇയാള്‍ അക്കമിട്ടു നിരത്തി. പിന്നെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിന്‍റെ പേരു പരാമര്‍ശിച്ച് ഒരു ചോദ്യവും, ഇനി അടുത്തത് എന്താണ്?

ഏതായാലും വാര്‍ത്ത സത്യമല്ലെന്ന് മനസിലാക്കാന്‍ കംഗാരുക്കള്‍ ഏറെ സമയമെടുത്തു. ഇപ്പോഴും പലര്‍ക്കും സംശയം ബാക്കിയാണത്രെ. ഇനി ശരിക്കും മെല്‍ബണ്‍ ഗ്രൌണ്ടിന്‍റെ പേരെങ്ങാനും മാറ്റിയോ?

Share this Story:

Follow Webdunia malayalam