Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാമ്പ്യന്‍സ് ലീഗ് നഷ്ടക്കച്ചവടം

ചാമ്പ്യന്‍സ് ലീഗ് നഷ്ടക്കച്ചവടം
ന്യൂഡല്‍ഹി , ശനി, 24 ഒക്‌ടോബര്‍ 2009 (18:23 IST)
PRO
തൊട്ടതെല്ലാം പൊന്നാക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ രാജകുമാരന്‍ ലളിത് മോഡിക്ക് ആദ്യമായി ചുവട് പിഴച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന പണംവാരി പടത്തിന്‍റെ ചേട്ടന്‍ ലീഗെന്ന രീതിയില്‍ അവതരിപ്പിച്ച ചാമ്പ്യന്‍സ് ലീഗ് വേണ്ടത്ര പണംവാരിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ആകെ 12 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്‍റില്‍ ഐ പി എല്ലിലെ മൂന്നു ടീമുകളില്‍ ഒറ്റ ടീം പോലും സെമി കാ‍ണാതെ പുറത്താവുകയും കളി നിലവാരം വളരെ താഴേക്ക് പോകുകയും ചെയ്തതൊടെ ടെലിവിഷന്‍ സം‌പ്രേക്ഷണ കരാര്‍ ഏറ്റെടുത്തിരുന്ന ഇ എസ് പി എന്‍-സ്റ്റാര്‍ സ്പോര്‍ട്സ് വെള്ളത്തിലായെന്നാണ് റിപ്പോര്‍ട്ട്.

ഐ പി എല്‍ സീസണിലെ നഷ്ടം ചാമ്പ്യന്‍സ് ലീഗിലൂടെ നികത്താ‍മെന്ന ഇ എസ് പി എന്നിന്‍റെ മോഹങ്ങളാണ് ടി വി പ്രേക്ഷകര്‍ കൈയ്യോഴിഞ്ഞതോടെ അതിര്‍ത്തി കടന്നത്. മത്സരങ്ങള്‍ക്കിടയില്‍ നല്‍കിയ പരസ്യങ്ങള്‍ പലതും കൃത്യമായി പ്രേക്ഷകരില്‍ എത്താതിരുന്നതോടെ ഇ എസ് പി എന്നോട് പല പരസ്യക്കമ്പനികളും നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഭാവിയിലെ മത്സരങ്ങള്‍ക്ക് നല്‍കുന്ന പരസ്യനിരക്കുകളില്‍ ഇളവ് അനുവദിക്കണമെന്നാണ് പരസ്യക്കമ്പനികളുടെ ആ‍വശ്യം.

പരസ്യക്കമ്പനികളുടെ കണക്കനുസരിച്ച് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ ടി ആര്‍ പി റേറ്റിംഗ് 0.4-മുതല്‍ 1 ശതമാനം മാത്രമാണ്. ടൂര്‍ണമെന്‍റിന്‍റെ ആകെ റേറ്റിംഗ് ആകട്ടെ 1-1.5 ശതമാനവും. എന്നാല്‍ ടൂര്‍ണമെന്‍റ് 66 മില്യണ്‍ ജനങ്ങള്‍ വീക്ഷിച്ചുവെന്നാണ് ഇ എസ് പി എന്‍ സാക്‍ഷ്യപ്പെടുത്തുന്നത്. എന്നാല്‍ കണ്ടത് എത്രയായാലും പരസ്യക്കമ്പനിക്കാര്‍ക്ക് ഇ എസ് പി എന്നിന്‍റെ കണക്കുകളില്‍ അത്ര മതിപ്പ് പോരാ.

ഇ എസ് പി എന്നുമായുളള പരസ്യക്കരാര്‍ ഒരുവര്‍ഷത്തേക്ക് മാത്രമായിരുന്നു എന്നത് മാത്രമാണ് പ്രമുഖ ബ്രാന്‍ഡുകളുടെ ഇപ്പോഴത്തെ ഏക ആശ്വാസം. എന്നാല്‍ ഇ എസ് പി എന്നുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ട ഭാര്‍തി എയര്‍ടെല്ലിനോ കൊക്ക കോളക്കോ ഇത്തരത്തിലും ആശ്വാസിക്കാന്‍ വകയില്ല.

ഐ പി എല്‍ ചാമ്പ്യന്‍‌മാരായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്സും റണ്ണറപ്പുകളായിരുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും മൂന്നാം സ്ഥാനക്കാരായിരുന്ന ഡെല്‍ഹി ഡെയര്‍ഡെവിള്‍സും ടൂര്‍ണമെന്‍റിന്‍റെ സെമിപോലും കാണാതെ പുറത്തായതു പ്രേക്ഷപ്രീതിയെ കാര്യമായി ബാധിച്ചു.

975 മില്യണ്‍ ഡോളറിനാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 യുടെ 10 വര്‍ഷത്തെ സം‌പ്രേക്ഷണാവകാശവും ഗ്രൌണ്ട് സ്പോണ്‍സര്‍ഷിപ്പും റൂപ്പര്‍ട്ട് മര്‍ഡോക്കിന്‍റെ കീഴിലുള്ള ഇ എസ് പി എന്‍-സ്റ്റാര്‍ സ്വന്തമാക്കിയത്. ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്നുളള ടീമുകളായിരുന്നു ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്.

Share this Story:

Follow Webdunia malayalam