Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹരോഗികളേ ഹാപ്പിയാകൂ, നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത!

പ്രമേഹരോഗികളേ ഹാപ്പിയാകൂ, നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത!
, വ്യാഴം, 10 ജനുവരി 2019 (16:23 IST)
ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് പ്രമേഹം. അല്‍പ്പം ചിലകാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍, അത് വരാതിരിക്കാനും വന്നവര്‍ക്ക് കുഴപ്പങ്ങളൊന്നും കൂടാതെ ജീവിക്കുവാനും സാധിക്കും. അതിനായി ഇതാ ചില കാര്യങ്ങള്‍:
 
പ്രമേഹരോഗം വരാതിരിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായി ചെയ്യേണ്ടത് പ്രഭാത ഭക്ഷണം മറക്കാതിരിക്കുക എന്നതാണ്. എന്തെങ്കിലും രാവിലെ കഴിച്ചാല്‍ മാത്രം പോരാ, സമീകൃതവും ആരോഗ്യദായകവുമായ പ്രഭാതഭക്ഷണമാണ് അതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ശരീരഭാരം 30% വരെ കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
ലോകത്ത് ഉണ്ടാകുന്ന 80% ടൈപ്പ് 2 പ്രമേഹത്തിനും കാരണമായി കണ്ടെത്തിയിരിക്കുന്നത് അമിതവണ്ണവും ശരീരഭാരത്തിലെ വര്‍ദ്ധനവുമാണ്. ശരീരഭാരം ആവശ്യത്തില്‍ അധികാമാകാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. ശരീരഭാരം കുറച്ചാല്‍ ടൈപ്പ് 2 പ്രമേഹം തടയാം.
 
പ്രഭാതഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലത്. കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, പുട്ട് എന്നിവ പ്രഭാതഭക്ഷണമായി ഉപയോഗിക്കാം. ഒപ്പം ഒരു ചെറിയ പാത്രം നിറയെ പച്ചക്കറികള്‍, കുറച്ചു പഴങ്ങള്‍. ഇവ കൂടിയായാല്‍ സമീകൃതമായ ആഹാരമായി. പ്രഭാതഭക്ഷണം പ്രമേഹരോഗനിയന്ത്രണത്തിന് മാത്രമല്ല, തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുകൂടി അത്യാവശ്യമാണ് എന്ന് അറിഞ്ഞിരിക്കുക.
 
പ്രഭാതഭക്ഷണത്തിന് ശേഷം അളവുകുറച്ച് കൃത്യസമയത്ത് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ചോറ്‌ കുറവായും കറി കൂടുതലായും കഴിക്കാം. ബേക്കറി പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ ആഹാരം, സോഫ്റ്റ്ഡ്രിങ്ക്സ്, കൃത്രിമമധുരം എന്നിവ പരമാവധി ഒഴിവാക്കാം. മദ്യം ഉപയോഗിക്കാനേ പാടില്ല. പച്ചക്കറികളും പഴങ്ങളും സ്വയം കൃഷിചെയ്ത് ഒരുക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. കീടനാശിനിമുക്തമായ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മാത്രമാകട്ടെ നമ്മുടെ ഊണുമേശകളില്‍ സ്ഥാനം.
 
കുട്ടികള്‍, പ്രത്യേകിച്ച് കൌമാരക്കാര്‍ കളികള്‍ക്കും വ്യായാമത്തിനും സമയം കണ്ടെത്തണം. വിദ്യാലയങ്ങളില്‍ ദിവസവും വ്യായാമം നിര്‍ബന്ധമാക്കണം. 15 - 20 പ്രായക്കാരിലെ ടൈപ്പ് 2 പ്രമേഹം കൂടുന്നതിന് കാരണം അമിതഭക്ഷണവും വ്യായാമക്കുറവുമാണ്. അശാസ്ത്രീയമായ പ്രസവാനന്തര ശുശ്രൂഷ, വ്യായാമക്കുറവ്, ഗര്‍ഭിണികള്‍ക്ക് ആവശ്യത്തിലേറെ ആഹാരം കൊടുക്കുന്ന പ്രവണത തുടങ്ങിയവ പ്രമേഹത്തിന് കാരണമാകും. രോഗത്തെ ഗൌനിക്കാത്തത് മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന അനുബന്ധപ്രശ്നങ്ങളും കൂടുതല്‍.
 
പ്രമേഹം ഉള്ളവര്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ല. ഇത്തരക്കാര്‍ പഴച്ചാറ് കുടിക്കുന്നത് നിയന്ത്രിക്കണം. പഴച്ചാറില്‍ പഞ്ചസാര കൂടുതലും നാര് കുറവുമായിരിക്കും. വിദഗ്ധരുടെ ഉപദേശമനുസരിച്ചേ കഴിക്കുന്ന പഴത്തിന്റെ അളവ് നിശ്ചയിക്കാവൂ. തുടക്കത്തിലേ കണ്ടെത്തിയാല്‍ പ്രമേഹത്തെ പൂര്‍ണമായും മാറ്റുന്ന മരുന്നുകള്‍ ലഭ്യമാണ്. പ്രമേഹം വിവാഹബന്ധത്തിനും പ്രസവത്തിനും തടസ്സമല്ല. പ്രമേഹ ചികില്‍സ ശാസ്ത്രീയമായും കൃത്യമായും നടത്തിയാല്‍ കുഴപ്പമൊന്നുമുണ്ടാകില്ല.
 
നമ്മള്‍ കൃത്യമായി ചെയ്യേണ്ട കാര്യങ്ങള്‍:
 
1. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അരമണിക്കൂറെങ്കിലും നടക്കണം. പ്രമേഹരോഗികള്‍ ഒരിക്കലും നടപ്പ് മുടക്കരുത്.
 
2. പ്രമേഹരോഗികള്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം
 
3. മാനസിക സമ്മര്‍ദം പരമാവധി കുറയ്ക്കണം. അനാവശ്യ ദേഷ്യം പ്രമേഹത്തെ കൂടുതല്‍ അപകടകരമാക്കും.
 
4. ഏതുപ്രായക്കാരാണെങ്കിലും രോഗം രഹസ്യമായി വയ്ക്കരുത്.
 
5. കൃത്യമായി രക്തപരിശോധന നടത്തുക, ചികില്‍സിക്കുക.
 
തീന്‍മേശയില്‍ പ്രമേഹരോഗിക്ക് ഒരു ഭക്ഷണവും മറ്റുള്ളവര്‍ക്കു മറ്റൊന്നും വേണ്ട. എല്ലാവര്‍ക്കും സ്വീകാര്യമായ ആരോഗ്യഭക്ഷണം ശീലമാക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത സുരക്ഷിത ഔഷധങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പണമില്ലാത്തവര്‍ക്കു പോലും രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള ഫലപ്രദചികില്‍സ ഉറപ്പാക്കാന്‍ കഴിയും. ചെലവ് കൂടുതല്‍ പ്രമേഹചികില്‍സയ്ക്കല്ല, അനുബന്ധ രോഗങ്ങള്‍ ചികില്‍സിക്കുന്നതിനാണ്. ഈ രോഗങ്ങളെ പ്രതിരോധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മല്ലിയിലയെ മലയാളി വീട്ടമ്മമാർ ഒഴിവാക്കുന്നതെന്ത് കൊണ്ട്?