Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതീക്ഷയുടെ പ്രത്യാശയുടെ ചിത്രങ്ങള്‍

രാജേഷ് അതിയന്നൂര്‍

പ്രതീക്ഷയുടെ പ്രത്യാശയുടെ ചിത്രങ്ങള്‍
കാര്‍മേഘപടലത്തിലെ വെള്ളിരേഖപോലെ പ്രതീക്ഷയുടെ നാമ്പുകള്‍, കനവുകളുടെ തുടിപ്പുകള്‍, പ്രത്യാശയുടെ മുദ്രകള്‍, മിടിക്കുന്ന ചിത്രങ്ങള്‍, അതാണ് ബിനിയുടെ പെയിന്‍റിംഗുകളുടെ സവിശേഷത.

മിക്ക ചിത്രങ്ങളിലും അരുണിമയാര്‍ന്ന താമരയുടെ സജ-ീവത ദൃശ്യമാണ്. ഭാരതീയതയുടെ ചിഹ്നമാണ് താമര. ഊര്‍ദ്ധ്വന്മുഖതയുടെ സൂചനയാണ്. പ്രതീക്ഷയുടെ പ്രതീകമാണ്. ബൗദ്ധ തത്വചിന്തയിലും താമരയ്ക്ക് സ്ഥാനമുണ്ട്.

പഠനകാലത്ത് തന്നെ ചിത്രകലയില്‍ ഒതുക്കാനാവാത്ത അഭിനിവേശം കാണിച്ച മലയാളി ചിത്രകാരി ബിനിക്ക് കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ഈയിടെ തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്നു.

തീവ്രമായ വൈകാരിക വേദനയും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന ആളുകളുടെ ആവിഷ്കാരമാണ് ബിനിയുടെ പെയിന്‍റിംഗുകള്‍. ഇതിവൃത്തത്തിലും പശ്ഛാത്തലത്തിലും സാധാരണ ജീവിതം തകര്‍ന്ന മനുഷ്യരുടെ അനുഭവതലമാണ് കാണുക.

അടിച്ചമര്‍ത്തലിന്‍റെ വേദനയും നല്ലനാളേയ്ക്ക് വേണ്ട പ്രതീക്ഷയും ബിനിയുടെ ചിത്രങ്ങളില്‍ കണ്‍മിഴിക്കുന്നു. പെയിന്‍റിംഗിലെ കുട്ടികളുടെ മുഖവും രൂപവും വളരെ വാചാലമാണ്. ഏറെ അനുഭവിക്കേണ്ടിവരുന്നവരും എന്നാല്‍ അതിനെക്കുറിച്ച് അറിവില്ലാത്തവരുമാണ് കുട്ടികള്‍ - ബിനി പറയുന്നു.

കവണയുമായി നില്‍ക്കുന്ന ആണ്‍കുട്ടി, താമരയുമായി നില്‍ക്കുന്ന പെണ്‍കുട്ടി, പട്ടം പറത്തുന്നവര്‍, കൃഷിക്കാരന്‍ തുടങ്ങിയവ ബിനിയുടെ ഹൃദയ സ്പര്‍ശിയായ സൃഷ്ടികളില്‍ ചിലതാണ്. മൂന്ന് വിധവകള്‍ എന്ന ചിത്രത്തിനാണ് അക്കാദമി അവാര്‍ഡ് കിട്ടിയത്.

പ്രകൃതിയേയും പൂക്കളേയും മനുഷ്യനേയും ഇണക്കിയാണ് ബിനി ചിത്രങ്ങള്‍ മെനയുന്നത്. താമരപ്പൂവുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ പ്രതീക്ഷയ്ക്കാണ് ഊന്നല്‍. പശ്ഛാത്തലത്തിലുള്ള നീലാകാശം യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്നു.

ബിനിയുടെ ചിത്രങ്ങളുടെ പശ്ചാത്തലം മിക്കപ്പോഴും കമ്പോഡിയ പോലുള്ള ഏഷ്യന്‍ രാജ-്യങ്ങളാണ്. എന്നാല്‍ അവയിലും ഭാരതീയ തനിമയുടെ ചാരുത ചാര്‍ത്താന്‍ ബിനിക്ക് കഴിഞ്ഞിട്ടുണ്ട്. ഐ.ടി.മിഷന്‍ ഡയറക്ടര്‍ ഡോ.റോയ് മാത്യുവിന്‍റെ ഭാര്യയാണ് ബിനി.

വിവാഹത്തിന് ശേഷം വടക്കേ ഇന്ത്യയിലും കംബോഡിയയിലുമായി കുറേനാള്‍ കഴിഞ്ഞ ബിനിക്ക് കലാരംഗത്ത് നിന്നും ഇടയ്ക്കൊന്നു മാറിനില്‍ക്കേണ്ടിവന്നെങ്കിലും ഒരു ഉള്‍വിളി പോലെ ചിത്രരചനയിലേക്കും കലാകാരന്മാരുടെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്കും ബിനി എത്തിച്ചേരുകയായിരുന്നു.

Share this Story:

Follow Webdunia malayalam