Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രമെഴുത്ത് നമ്പൂതിരി

നമ്പൂതിരി രേഖകള്‍ക്ക് അരനൂറ്റാണ്ട്

ചിത്രമെഴുത്ത് നമ്പൂതിരി
ഇന്ത്യന്‍ ചിത്രമെഴുത്തിന്‍റെ സൗഭാഗ്യമാണ് നമ്പൂതിരി. അദ്ദേഹം ചിത്രമെഴുത്തും വരയും തുടങ്ങിയിട്ട് 6 പതിറ്റാണ്ടയെങ്കിലുമായിക്കാണും.

എന്നാല്‍ രേഖാചിത്രകാരന്‍ എന്ന നിലയില്‍ കഥയ്ക്കോ, സ്ഥാപനത്തിനോ വേണ്ടി നമ്പൂതിരി ആദ്യമായി ചിത്രം വരച്ചത് 1955 ലാണ്. ആ നിലയ്ക്ക് നമ്പൂതിരി രേഖാചിത്രരചനയില്‍ 2005 ല്‍ അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.

അനായാസമായാണ് നമ്പൂതിരിയുടെ രചന. വേഗത്തില്‍ എഴുതിപ്പോകുന്നതുപോലെ ബ്രഷുകൊണ്ടും പേനകൊണ്ടും അദ്ദേഹം രേഖാചിത്രങ്ങള്‍ ചമയ്ക്കുന്നു. അവയ്ക്ക് വള്ളുവനാടിന്‍റെ പരിപ്രേക്ഷ്യമുണ്ട്. കേരളത്തിന്‍റെ തനിമയുണ്ട്. അതൊരു സാംസ്കാരിക പൈതൃകത്തില്‍ വേരൂന്നി നില്‍ക്കുന്നു. കേരളത്തിലെ പൗരാണിക ചുമര്‍ചിത്രരചനാ ശൈലിയോട് ആഭിമുഖ്യമുണ്ട്.

നമ്പൂതിരി ചിത്രങ്ങള്‍ക്ക് രൂപമാനങ്ങളുടെ കാര്യത്തില്‍ അല്‍പം അതിശയോക്തിയുണ്ട്. അതാണവയുടെ അനന്യമായ സവിശേഷത. നാണിയമ്മയും ലോകവും എന്ന പഴയകാല മാതൃഭൂമി പോക്കറ്റ് കാര്‍ട്ടൂണില്‍പോലും ഈ വിശേഷത തുടിച്ചുനില്‍ക്കുന്നു.

സ്ത്രീ സൗന്ദര്യ ദര്‍ശനത്തിലും ആവിഷ്കാരത്തിലും നമ്പൂതിരി ചിത്രങ്ങള്‍ക്ക് പ്രത്യേകതയുണ്ട്. മുഖലാവണ്യത്തേക്കാള്‍ അംഗലാവണ്യമാണ് നമ്പൂതിരി രചനയെ തരളമാക്കുന്നത്-പ്രത്യേകിച്ച് മുലകളും നിതംബങ്ങളും. പൗരാണിക ക്ഷേത്ര ശില്‍പങ്ങളിലും ഇവയ്ക്ക് പ്രാധാന്യമുണ്ടായിരുന്നല്ലോ.

രാജാ രവി വര്‍മ്മ കഴിഞ്ഞാല്‍ ഭാരതീയ ജനതയെ ഇത്രയേറെ സ്വാധീനിച്ച മലയാളി ചിത്രകാരന്‍ നമ്പൂതിരിയല്ലാതെ മറ്റാരുമുണ്ടാവില്ല. ഇന്ത്യയിലെ രേഖാ ചിത്രങ്ങളുടെ കുലപതിയാണ് അദ്ദേഹം- ഇന്നും എന്നും.


വെളുപ്പിലും കറുപ്പിലും മാത്രമല്ല നിറക്കൂട്ടുകളിലും നമ്പൂതിരിയുടെ മനസ്സ് അഭിരമിക്കാറുണ്ട്. തടി, കളിമണ്ണ്, സിമന്‍റ്, ലോഹം എന്നിങ്ങനെയുള്ള വിവിധ മാദ്ധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ശില്‍പരചനയിലും നമ്പൂതിരിയുടെ സര്‍ഗ്ഗ പ്രതിഭ വ്യാപരിക്കുന്നു. ആ നിലയ്ക്ക് നോക്കിയാല്‍ ശില്‍പത്തിലും ചിത്രത്തിലും ഒരേ പോലെ കൃതഹസ്തതയുള്ള നമ്പൂതിരിക്ക് സമന്മാരില്ല എന്ന് പറയേണ്ടിവരും.

കുതിരകളും യൂറോപ്യന്മാരും

നന്നേ ചെറുപ്പത്തിലേ വരയ്ക്കലും പ്രതിമയുണ്ടാക്കലുമായിരുന്നു നമ്പൂതിരിയുടെ പണി. രേഖാചിത്രങ്ങളുടെ ലോകത്തേക്ക് അദ്ദേഹം പ്രൊഫഷണലായി കടന്നുവരുന്നത് 1955 ലാണ്.

മദ്രാസ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്‍റെ ഒരു നോവലിന്‍റെ സംക്ഷിപ്ത രൂപത്തിനാണ് നമ്പൂതിരി ആദ്യമായി രേഖാചിത്രം വരച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ വിദേശവനിതയായിരുന്നു പുസ്തകം സംക്ഷിപ്തമാക്കി പ്രസിദ്ധീകരിച്ചത്. ഇതിലെ ആദ്യത്തെ ചിത്രം കുതിരകളെയും യൂറോപ്യന്‍ വേഷം ധരിച്ച കുറേ ആളുകളെയും ഉള്‍ക്കൊള്ളിച്ചുള്ളതായിരുനു.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ രേഖാ ചിത്രകാരനായി പ്രവര്‍ത്തിച്ച നമ്പൂതിരിയുടെ വരകള്‍ ഒരു കാലത്ത് യേശുദാസിന്‍റെ പാട്ടുപോലെ മലയാളിയുടെ മനസ്സില്‍ നിറഞ്ഞുനിന്നു. മാതൃഭൂമിയില്‍ നിന്ന് വിട്ടെങ്കിലും കൗമുദിയിലും ഭാഷാ പോഷിണിയിലും മലയാളത്തിലും അദ്ദേഹത്തിന്‍റെ രേഖാചിത്രങ്ങള്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

മലയാളത്തിലെ പ്രമുഖ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങള്‍ നമ്പൂതിരിയുടെ വരകളിലൂടെ എഴുത്തുകാര്‍ സങ്കല്‍പ്പിക്കാത്ത തലങ്ങളിലേക്ക് ഉയര്‍ന്നു. വി.കെ.എന്നിന്‍റെ പയ്യന്‍ കഥകളും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകളും എം.ടി യുടെ രണ്ടാമൂഴവും മറ്റും ചില ഉദാഹരണങ്ങള്‍ മാത്രം.

നമ്പൂതിരിയുടെ അഭിപ്രയത്തില്‍ ചിത്രം വരയ്ക്കുന്നതിന്‍റെ മറ്റൊരു രൂപമാണ് ശില്‍പനിര്‍മ്മാണം. ശില്‍പത്തെ ഒരു ത്രിമാന ഡ്രായിംഗ് ആയാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

ശില്‍പ്പത്തില്‍ പരിപൂര്‍ണ്ണതയ്ക്കാണ് അദ്ദേഹം ശ്രദ്ധ കൊടുക്കുന്നത്. തിരുവനന്തപുരത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ആസ്ഥാനത്തിന് മുന്‍പിലെ അമ്മയും കുഞ്ഞും എന്ന കൂറ്റന്‍ ശില്‍പം, കൊല്ലത്തെ ടി.കെ.ദിവാകരന്‍ സ്മാരകം എന്നിവ പ്രധാനപ്പെട്ടതാണ്.

എം.ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, വി.കെ.എന്‍., സി.വി.ശ്രീരാമന്‍ എന്നിവരാണ് നമ്പൂതിരിയുടെ പ്രിയപ്പെട്ട എഴുത്തുകാര്‍. മലയാളത്തില്‍ പ്രസിദ്ധീകരിച്ച നല്ലതും അല്ലാത്തതുമായ ധാരാളം കഥകളുടെയും നോവലുകളുടെയും ആദ്യ വായനക്കാരിലൊരാള്‍ നമ്പൂതിരിയായിരുന്നു. കാരണം അവ നന്നായി വായിച്ചുള്‍ക്കൊണ്ട ശേഷമേ അദ്ദേഹം കഥാ പാത്രങ്ങളെ വരയ്കുമായിരുന്നുള്ളു.

വിഖ്യാത ചിത്രകാരനായ ലിയോനാഡോ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം എന്ന ചിത്രം ലോഹത്തില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് നമ്പൂതിരിയിപ്പോള്‍. എറണാകുളം സ്വദേശികളായ രവിചന്ദ്രനും സുനിയും സഹായത്തിനായി അദ്ദേഹത്തിനോടൊപ്പമുണ്ട്.




Share this Story:

Follow Webdunia malayalam