Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേടിക്കുമെന്നല്ല, പേടിച്ചുവിറച്ച് പനിപിടിക്കും - ‘എസ്ര’ !

എസ്ര - നിരൂപണം

പേടിക്കുമെന്നല്ല, പേടിച്ചുവിറച്ച് പനിപിടിക്കും - ‘എസ്ര’ !

അനില്‍ വര്‍ഗീസ് ഈസ

, വെള്ളി, 10 ഫെബ്രുവരി 2017 (15:32 IST)
മലയാള സിനിമയിലെ ലക്ഷണമൊത്ത ഹൊറര്‍ ചിത്രം ഏതാണ്? പുതിയ തലമുറ മണിച്ചിത്രത്താഴിലേക്ക് നോക്കുന്നതിന് മുമ്പുതന്നെ പറഞ്ഞേക്കാം - അത് ‘ഭാര്‍ഗവീനിലയം’ ആണ്. എന്നാല്‍ പൃഥ്വിരാജിന്‍റെ സിനിമ ‘എസ്ര’ കണ്ടതിന് ശേഷം പഴയ തലമുറയിലുള്ളവരും അഭിപ്രായം മാറ്റിയേക്കാം.
 
‘എസ്ര’ പൂര്‍ണമായും ഒരു ഹൊറര്‍ മൂവി ആണ്. സാധാരണ ഹൊറര്‍ സിനിമ കാണാന്‍ പോകുന്ന ദുര്‍ബല ഹൃദയര്‍ക്ക് ആശ്വാസം അതിലെ കോമഡി സീനുകളായിരിക്കും. കാരണം മലയാളത്തിലും തമിഴിലുമൊക്കെ ഹൊറര്‍ ചിത്രം എന്നാല്‍ ഹൊറര്‍ കോമഡികളാണല്ലോ. ആ ഒരു ആത്മവിശ്വാസത്തോടെ എസ്രയ്ക്ക് പോകേണ്ടതില്ല. പേടിച്ചുവിറച്ച് പനിപിടിക്കുമെന്ന് ഉറപ്പ്. 
 
സാമാന്യയുക്തിക്ക് അപ്പുറം നടക്കുന്ന അതീന്ദ്രീയ പ്രതിഭാസങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കാന്‍ പാടാണ്. എന്നാല്‍ അങ്ങനെ വിശ്വസിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ജയ് കെ എന്ന സംവിധായകന്‍. ഈ വര്‍ഷത്തെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാം എസ്ര. അതില്‍ എല്ലാമുണ്ടല്ലോ.
 
കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ് എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നു എന്ന് തിയേറ്ററുകളില്‍ നിന്ന് കണ്ടുതന്നെ അറിയുക. പതിവ് ഹൊറര്‍ ചിത്രങ്ങളുടെ രീതിയില്‍ തന്നെ പേടിപ്പിക്കല്‍ കലാപരിപാടികളിലൂടെ തുടങ്ങുമെങ്കിലും പിന്നീടങ്ങോട്ട് കാത്തിരിക്കുന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന അവിശ്വസനീയ കാഴ്ചകളുടെ സംഗമമാണ്.
 
അതിഗംഭീരമായ തിരക്കഥ തന്നെയാണ് എസ്രയുടെ നട്ടെല്ല്. അതുകൊണ്ടുതന്നെ മലയാള ഹൊറര്‍ സിനിമാചരിത്രത്തില്‍ ഒന്നാം സ്ഥാനം ഇനി എസ്രയ്ക്കാണെന്ന് നിസ്സംശയം പറയാം. സംവിധായകന്‍ നവാഗതനാണെന്ന് സിനിമ കണ്ടുകഴിഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അത്ര ബ്രില്യന്‍റായാണ് മേക്കിംഗ്. സുജിത് വാസുദേവിന്‍റെ ക്യാമറാചലനങ്ങള്‍ ഭീതിയുടെ രാസനില ഉയര്‍ത്തുന്നു. സുഷിന്‍ ശ്യാമിന്‍റെ പശ്ചാത്തല സംഗീതം ത്രസിപ്പിക്കുന്നതാണ്.
 
പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് എസ്രയിലേത്. രഞ്ജന്‍ മാത്യു എന്ന കഥാപാത്രത്തെ അസാധാരണ വൈഭവത്തോടെ പൃഥ്വി അവതരിപ്പിച്ചിരിക്കുന്നു. പ്രിയ ആനന്ദും തന്‍റെ റോള്‍ മനോഹരമാക്കി. വിജയരാഘവന്‍, ടൊവിനോ തോമസ്, ബാബു ആന്‍റണി, സുദേവ് നായര്‍ എന്നിവര്‍ ഗംഭീരമായി.
 
തിയേറ്ററില്‍ ഭയന്നുകിടുങ്ങി സീറ്റില്‍ മുറുകെപ്പിടിച്ചിരുന്ന് കണ്ടുവരവേ പെട്ടെന്ന് എസ്ര അവസാനിക്കുന്നു. തികച്ചും അപ്രതീക്ഷിതമായ എന്‍ഡിംഗ്. ഒരര്‍ത്ഥത്തില്‍ അത് ത്രില്ലിംഗാണ്. മറ്റൊരര്‍ത്ഥത്തില്‍ അത് അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.
 
എസ്ര കാണൂ. 101 ശതമാനം നിങ്ങളെ അത് ഭയപ്പെടുത്തും. അതുതന്നെയാണല്ലോ ഒരു ഹൊറര്‍ ചിത്രം പ്രാഥമികമായി ചെയ്യേണ്ടതും.
 
റേറ്റിംഗ്: 4.5/5

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ട താടിയും ചുണ്ടിൽ സിഗരറ്റുമായി ഡേവിഡ് നൈനാൻ, ഇതൊരു ഒന്നൊന്നര വരവ് തന്നെ!