Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയാതുരമായ് കഥക് നൃത്തസന്ധ്യ

ജാനകി എസ് നായര്‍

പ്രണയാതുരമായ് കഥക് നൃത്തസന്ധ്യ
PROPRO
വടക്കേന്ത്യയുടെ ക്ലാസിക്കല്‍ നൃത്തരൂപമായ കഥകിന്‍റെ ചലന സൗന്ദര്യം അനന്തപുരി നിവാസികളിലേക്ക്‌ കുടിയേറിയ ദിവസമായിരുന്നു സൂര്യ നൃത്തോത്സവത്തിന്‍റെ അഞ്ചാം ദിനം.

പാകിസ്ഥാന്‍റെ ദേശീയ നൃത്തരൂപമെന്ന പദവിയുള്ള കഥക്‌ കേരളത്തിലെ വേദികളില്‍ അവതരിപ്പിക്കപ്പെടുന്നത്‌ അപൂര്‍വ്വമായാണ്‌. ഇന്ത്യയുടെ കഥക്‌ പാരമ്പ്യം നിലനിര്‍ത്താന്‍ അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ന്യൂഡല്‍ഹി കഥക്‌ കേന്ദ്രയാണ്‌ ടാഗോര്‍ തിയേറ്ററിലെ സൂര്യവേദിയില്‍ ചലന-താള വിസ്‌മയങ്ങള്‍ തീര്‍ത്തത്‌.

ഇന്ത്യന്‍ കഥക്‌ സമ്പ്രദായത്തിലെ പ്രധാന വഴിത്തിരുവുകളായ ജയ്‌പ്പൂര്‍ ഖരാനയിലും ലക്‌നൗ ഖരാനയിലും ഉള്ള നൃത്ത ഇനങ്ങള്‍ അവതരിപ്പിച്ചതിനൊപ്പം കഥക്‌ നൃത്തരൂപത്തെ കുറിച്ച്‌ ആചാര്യന്‍ രാജേന്ദ്ര ഗംഗാനി സോദാഹരണ പ്രഭാഷണം നടത്തിയത്‌ കാണികള്‍ക്ക്‌ നവ്യാനുഭവമായി.

കഥക്‌ എന്ന പാരമ്പര്യ നൃത്ത രൂപത്തെ കൂടുതള്‍ ഉള്‍കാഴ്‌ചയോടെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ കരുത്തു പകരുന്നതായിരുന്നു രാജേന്ദ്ര ഗംഗാനിയുടെ നൃത്താവതരണം.

“കഥക്‌ എന്നാല്‍ കഥ പറയുക എന്നാണ്‌, മന്ദതാളത്തില്‍ നിന്നു ക്രമാനുഗതമായി ദ്രുതതാളത്തിലേക്കും പിന്നീട്‌ നാടകീയമായി ക്ലൈമാക്‌സിലേക്കും എത്തിച്ചേരുകയാണ്‌ പാരമ്പര്യ കഥക്‌ നൃത്തത്തിന്‍റെ ശൈലി”- രാജേന്ദ്ര ഗംഗാനി പറഞ്ഞു.

webdunia
PROPRO
കാലുകളുടെ ചലനങ്ങളാണ്‌ കഥകില്‍ ഏറെ പ്രധാനം. വാദ്യോപകരണങ്ങള്‍ക്ക്‌ ഒപ്പം ഗുജല്‍ബന്ധി ഒരുക്കുന്ന നൃത്തച്ചുവടുകളും കഥകില്‍ ഉണ്ട്‌. സംഗീതത്തിന്‍റെ കാലത്തിന്‌ അനുസരിച്ച്‌ മുറുകുകയും അയയുകയും ചെയ്യുന്ന ചുവടുകളാണ്‌ ഇവിടെ നര്‍ത്തകന്‍ ആവിഷ്‌കരിക്കുന്നത്‌.

അമ്പാടിയില്‍ ശ്രീകൃഷ്‌ണന്‍ വെണ്ണ കട്ടു തിന്നുന്നതടക്കമുള്ള കഥാസന്ദര്‍ഭങ്ങളും രാജേന്ദ്ര ഗംഗാനി കഥക്‌ രൂപത്തിള്‍ ഭാവരസ പ്രദാനമായി അവതരിപ്പിച്ചു. കഥക് നൃത്ത ആസ്വാദനം പൂര്‍ണ്ണമാകാന്‍ രാജേന്ദ്ര ഗംഗാനി പകര്‍ന്നു നല്‍കിയ അറിവ് ഉപകരിച്ചു.

ജയ്‌പൂര്‍ ഖരാന, ലക്‌നൗ ഖരാന, ബനാറസ്‌ ഖരാന തുടങ്ങിയ നൃത്ത സമ്പ്രദായങ്ങളാണ്‌ ആധുനിക കഥകില്‍ പ്രധാനമായും പ്രചാരത്തിലുള്ളത്‌‌. ഇതില്‍ ആദ്യ രണ്ടു വിഭാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ നൃത്ത ഇനങ്ങളാണ്‌ സൂര്യവേദിയില്‍ അവതരിപ്പിക്കപ്പെട്ടത്‌.

ഗണേശ സ്‌തുതിയോടെയാണ്‌ നൃത്ത സന്ധ്യക്ക്‌‌ നാന്ദികുറിച്ചത്‌. ശാസ്‌ത്രീയവും ആധുനികവുമായ കഥക്‌നൃത്തരൂപങ്ങള്‍ പരസ്‌പരം കോര്‍ത്തിണക്കിയാണ്‌ ന്യൂഡല്‍ഹി കഥക്‌ കേന്ദ്ര അവതരിപ്പിച്ചത്‌.

പതിനാറാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ സ്വാധീനത്തോടെ മുഗള്‍ രാജകൊട്ടാരങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന കഥകിന്‍റെ വകഭേദമായിരുന്നു ‘ഷാഫി മെഹ്‌ഫല്’‍. അനുവാചകരില്‍ പ്രണയാതുര ഭാവം നിറയ്‌ക്കുന്ന ഈ നൃത്തം ചിട്ടപ്പെടുത്തിയത്‌ ജയ്‌കൃഷ്‌ണ മഹാരാജ്‌ ആയിരുന്നു.

ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രചാരകനായിരുന്ന സൂര്‍ദാസിന്‍റെ കൃതികള്‍ കോര്‍ത്തിണക്കി രാജേന്ദ്ര ഗംഗാനി ചിട്ടപ്പെടുത്തിയ ‘സൂര്‍ശ്യാം’ കാണികളെ പ്രാര്‍ത്ഥനാ നിര്‍ഭരരാക്കിയപ്പോള്‍ ശൃംഗാരപ്രധാനമായ ‘ഉല്ലാസ്‌’ പ്രണയലഹരി വിതറി.

രാധയും കൃഷ്‌ണനും തമ്മിലുള്ള പ്രണയം ഏറെ വാഴ്‌ത്തപ്പെട്ടിട്ടുള്ളതിനാല്‍, കൃഷ്‌ണന്‌ തന്‍റെ മുരളികയോടുള്ള അസാധാരണ പ്രണയമാണ് കഥക്‌ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടത്.

എന്നും കണ്ണന്‍റെ ചുണ്ടോട്‌ ചേര്‍ന്നിരിക്കാന്‍ അനുവാദം ലഭിച്ച മുരളികയുടെ നിര്‍വൃതി അനുവാചകരിലേക്ക്‌ പടര്‍ത്തിയാണ്‌ കഥക്‌ നൃത്ത സന്ധ്യക്ക്‌ വിരാമമായത്‌.

Share this Story:

Follow Webdunia malayalam