Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാടകാചാര്യനായ ഒ.മാധവന്‍

നാടകാചാര്യനായ ഒ.മാധവന്‍
നാടകാചാര്യനായ ഒ.മാധവന്‍ അന്തരിച്ചിട്ട് ഇന്ന് 3 വര്‍ഷം തികയുന്നു. 2005 ഓഗസ്റ്റ് 19 നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

എഴുത്തിലൂടെയും സംവിധാനത്തിലൂടെയും കേരളത്തിന് പുതിയൊരു നാടക സംസ്കാരം സമ്മാനിച്ച മാധവന്‍ ഇടതുപക്ഷ സഹയാത്രികനുമായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി സുഹൃത്ബന്ധം പുലര്‍ത്തിയിരുന്ന മാധവന്‍റെ നാടക കളരികളിലൂടെയാണ് തിലകന്‍ ഉള്‍പ്പടെയുള്ള നിരവധി അഭിനയ പ്രതിഭകള്‍ എത്തിയത്. വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സജീവ നാടകവേദിയില്‍ നിന്ന് ഏറെ നാളായി അകന്നു നിന്ന മാധവന്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

രണ്ടായിരത്തില്‍ ശരത്തിന്‍റെ സായാഹ്നം എന്ന സിനിമയില്‍ അഭിനയിച്ചതിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. തിക്കോടിയന്‍ പുരസ്കാരം, ടി.എന്‍. പുരസ്കാരം എന്നിവ മാധവനെത്തേടിയെത്തിയ ബഹുമതികളാണ്.

നാടക നടി കൂടിയായ വിജയകുമാരിയാണ് ഭാര്യ. പ്രശസ്ത സിനിമാനടന്‍ മുകേഷ് മകനാണ്. സിന്ധു, സന്ധ്യ എന്നിവരാണ് മറ്റ് മക്കള്‍.


കെ.പി.എ.സിയുടെ ആദ്യകാല നാടകങ്ങളിലൂടെ രംഗത്തെത്തിയ മാധവന്‍ എണ്ണായിരത്തിലധികം നാടക വേദികളില്‍ അഭിനയിച്ചു. സ്വന്തം നാടക സംഘം തുടങ്ങി. 1924ല്‍ മാവേലിക്കര ചുനക്കരയിലാണ് ഒ.മാധവന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അണ്ണാമല സര്‍വ്വകലാശാല, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദം നേടി.

1946ല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലെത്തി. 1949ല്‍ കമ്യൂണിസ്റ്റ് അനുഭാവിയായി എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹിയായി. 18 വര്‍ഷം കൊല്ലം വടക്കേവിള പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.

തന്‍റെ പ്രവര്‍ത്തന മണ്ഡലം രാഷ്ട്രീയമല്ല കലാപ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ മാധവന്‍ കെ.പി.എ.സിയിലെത്തി. എട്ടു വര്‍ഷം നടനായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍ എന്നീ നാടകങ്ങളിലൂടെ മാധവന്‍റെ പ്രതിഭ ജനങ്ങളറിഞ്ഞു.

പിന്നീട് സ്വന്തം നാടകട്രൂപ്പായ കാളിദാസ കലാകേന്ദ്രം സ്ഥാപിച്ചു. ഭാര്യയും സഹോദരിയും മക്കളും അതിന്‍റെ ഭാഗമായി.


Share this Story:

Follow Webdunia malayalam