Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാമണ്ഡലം ഗോപിക്ക് 71

പീസിയന്‍

കലാമണ്ഡലം ഗോപിക്ക് 71
ജീവിച്ചിരിക്കുന്ന കഥകളി കലാകാരന്മാരില്‍ ഏറ്റവും പ്രഗത്ഭന്‍ എന്ന വിശേഷണം ഏറ്റവും ചേരുക ഒരു പക്ഷെ, കലാമണ്ഡലം ഗോപിക്കായിരിക്കും. കഥകളിയിലെ പച്ച വേഷത്തെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച നടന്മാര്‍ വേറെയുണ്ടാവില്ല.അദ്ദേഹത്തിനു 71 വയസ്സായി.

കേരളത്തിലെ സുന്ദരമായ അഞ്ച് വസ്തുക്കളില്‍ ഒന്ന് കലാമണ്ഡലം ഗോപിയുടെ പച്ച വേഷമാണെന്ന് ആര്‍ട്ടിസ്റ്റ് നന്പൂതിരി ഒരിക്കല്‍ വിലയിരുത്തിയിരുന്നു.

സംഗീത നാടക അക്കാഡമി അവാര്‍ഡ്, തന്‍റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എടുത്ത് അന്തര്‍ദ്ദേശീയ തലത്തില്‍ അവതരിപ്പിച്ച ഡോക്യുമെന്‍ററി എന്നിവ അടുത്ത കാലത്ത് അദ്ദേഹത്തെ ജനശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടുവന്നു.

1937 മേയില്‍ പൊന്നാനിക്കടുത്ത കോതച്ചിറ ഗ്രാമത്തിലാണ് വടക്കാമനലത്ത് ഗോവിന്ദന്‍ നായര്‍ എന്ന കലാമണ്ഡലം ഗോപിയുടെ ജനനം. നിത്യ ദാരിദ്ര്യത്തില്‍ നിന്ന് കഥകളിയുടെ അക്ഷയ യശസ്സിലേക്ക് ഗോപി ഉയര്‍ന്നുവന്നത് ഈശ്വരേച്ഛയും കഠിനാധ്വാനവും കൊണ്ടാണ്.

കഥകളി പാരന്പര്യം ഒട്ടുമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് കഥകളിയോട് ഒരു താത്പര്യവും തോന്നാതിരുന്ന ഒരാള്‍ ഒടുവില്‍ കഥകളിയുടെ ഏറ്റവും പ്രശസ്തനായ അവതാരകനും ഗുരുനാഥനും ആയിമാറിയതാണ് ഗോപിയുടെ ജീവിത കഥ.


ടി.രാവുണ്ണി നായര്‍, ഗുരു രാമന്‍ കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, കുമാരന്‍ നായര്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്‍റെ ഗുരുനാഥന്മാര്‍. കഥകളിയിലെ എല്ലാ വേഷങ്ങളും അദ്ദേഹത്തിന് പഥ്യമാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ പച്ച വേഷമാണ് കഥകളി ഭ്രാന്തന്മര്‍ക്ക് ഇഷ്ടം.

ഭീമന്‍, അര്‍ജ്ജുനന്‍, നളന്‍ എന്നീ വേഷങ്ങള്‍ ബഹു കേമമാണ്. കഥകളിയുടെ വടക്കന്‍ ചിട്ടയുടെ ആചാര്യന്മാരില്‍ ഒരാളാണ് കലാമണ്ഡലം ഗോപി.

1958 മുതല്‍ അദ്ദേഹം കലാമണ്ഡലത്തില്‍ പഠിപ്പിക്കുകയും ചെയ്തു. കലാമണ്ഡലം ഗോപിക്ക് ഉണ്ടായിരുന്ന ഒരു പ്രധാന ദോഷം കടുത്ത മദ്യപാനം ആയിരുന്നു. അത് അദ്ദേഹത്തിന്‍റെ കലാജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയില്ലെങ്കില്‍ പോലും ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു.

2007 മേയ് 25 നായിരുന്നു കലാമണ്ഡലം ഗോപിയുടെ70 മത് പിറന്നാള്‍ ആഘോഷിച്ചത്.

ഗോപിയുടെ എഴുപതാം പിറന്നാള്‍ ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മേയ് 26, 27 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗോപിയേയും ഭാര്യ ചന്ദ്രികയേയും നെറ്റിപ്പട്ടം കെട്ടിയ ആനകളുടേയും പെരുവനം കുട്ടന്‍ മാരാരുടെയും കലാമണ്ഡലം പരമേശ്വരന്‍റെ പഞ്ചവാദ്യത്തോടെയുമാണ് ഹാളിലേക്ക് ആനയിച്ചത്.

ഗുരുവായൂര്‍ തന്ത്രി ചേന്നാസ് രാമന്‍ നന്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒട്ടേറെ ശിഷ്യന്മാര്‍ ഗുരുപൂജ നടത്തി. ഗുരുക്കന്മാരും സുഹൃത്തുക്കളുമായ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍, കുറൂര്‍ വാസുദേവന്‍ നന്പൂതിരി, കോതച്ചിറ നാരായണന്‍ നന്പീശന്‍, കിളിമംഗലം വാസുദേവന്‍ നന്പൂതിരി, ആര്‍ട്ടിസ്റ്റ് നന്പൂതിരി എന്നിവര്‍ അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.

മന്ത്രി എം.എം ബേബിയും ഒ.എന്‍.വി.കുറുപ്പും ചടങ്ങില്‍ പങ്കെടുത്തു.


ഒരുകാലത്ത് കലാമണ്ഡലം ഗോപിയും കോട്ടയ്ക്കല്‍ ശിവരാമനും യഥാക്രമം പച്ച - സ്ത്രീ വേഷങ്ങളാടി കേരളത്തിലെ കഥകളി അരങ്ങുകളെ ത്രസിപ്പിച്ചിരുന്നു. കഥകളിയിലെ പ്രേം നസീറും ഷീലയുമാണ് ഇവരെന്ന് അന്ന് തമാശയായി പറഞ്ഞിരുന്നത് അവരുടെ ജനപ്രീതിയുടെ മകുടോദാഹരണമാണ്.

വാസ്തവത്തില്‍ ഓട്ടന്‍ തുള്ളല്‍ പഠിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് ഗോപി കടന്നുവന്നത്.

വടക്കത്ത് വീട്ടില്‍ ഗോപാലന്‍ നായരും മണലത്ത് ഉണ്യാതിയമ്മയും ആയിരുന്നു മാതാപിതാക്കള്‍. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് അവര്‍ മകനെ തേക്കിന്‍ കാട്ടില്‍ രാവുണ്ണിനായരുടെ കീഴില്‍ കഥകളി പഠിക്കാനയച്ചത്.

കലാമണ്ഡലത്തില്‍ പത്മനാഭന്‍ നായരുടെ കീഴിലായിരുന്നു പഠനം. ആശാന്‍ ചൊല്ലിയാട്ടം ആയിരുന്നു ആദ്യം അഭ്യസിപ്പിച്ചിരുന്നത്. നളചരിതം, കര്‍ണ്ണ ശപഥം, രുഗ്മാംഗദ ചരിതം എന്നീ കഥകളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

അറുപതുകളില്‍ മാലി മാധവന്‍ നായരുടെ കര്‍ണ്ണ ശപഥം കഥകളി ജനപ്രിയമാക്കിയത് ഇവര്‍ ഇരുവരുമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. സന്താന ഗോപാലത്തിലെ അര്‍ജ്ജുനന്‍, കല്യാണ സൗഗന്ധികത്തിലെ ഭീമന്‍, ദുര്യോധന വധത്തിലെ രൗദ്രഭീമന്‍ എന്നിവ കലാമണ്ഡലം ഗോപിയുടെ മികച്ച വേഷങ്ങളാണ്.

സാത്വിക അഭിനയം അവതരിപ്പിക്കുന്നതില്‍ ഗോപിക്കുള്ള മികവാണ് മറ്റ് നടന്മാരില്‍ നിന്ന് അദ്ദേഹത്തെ വിഭിന്നനാക്കിയത്. സന്താന ഗോപാലത്തിലെ അര്‍ജ്ജുനനായി അദ്ദേഹം ഗുരു പത്മനാഭന്‍ നായരുമൊത്താണ് (ബ്രാഹ്മണന്‍) ഏറെയും.


കല്യാണ സൗഗന്ധികത്തില്‍ ഗുരു രാമന്‍ കുട്ടി നായര്‍ ഹനുമാനായപ്പോള്‍ ഗോപിയായിരുന്നു ഭീമന്‍ കെട്ടിയത്.

ശൃംഗാരം, വീരം, കരുണം എന്നീ രസങ്ങള്‍ ആടുന്നതിലും മനോധര്‍മ്മം ആടുന്നതിലും അദ്ദേഹം അനിതര സാധാരണമായ മികവ് പ്രകടിപ്പിച്ചു. കുറച്ചു കാലം മുന്പ് ഒരു സിനിമയിലും കലാമണ്ഡലം ഗോപി വേഷമിട്ടു. ഷാജി കരുണിന്‍റെ വാനപ്രസ്ഥത്തില്‍ മോഹന്‍ ലാലിന്‍റെ ഭാര്യയുടെ അച്ഛനായ കഥകളി നടനായി വേഷമിട്ടത് അദ്ദേഹമായിരുന്നു.

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കാലത്ത് പുഴയില്‍ ചാടി ചാവണമെന്ന് കരുതിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് കലാമണ്ഡലം ഗോപിക്ക്. നീന്തല്‍ അറിയാവുന്നതു കൊണ്ട് പുഴയില്‍ ചാടിയാലും ചാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഒരിക്കല്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്‍തിരിഞ്ഞത് എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നു.

മദ്യപാനം കലശലായത് കൊണ്ടുള്ള മഞ്ഞപ്പിത്തം മൂന്നു വര്‍ഷം മുന്പ് അദ്ദേഹത്തിന്‍റെ ജീവന്‍ എടുക്കേണ്ടതായിരുന്നു. അന്ന് തിരുവനന്തപുരത്തു കാരിയായ രൂപ എന്ന യുവതിയാണ് ചികിത്സയ്ക്ക് വേണ്ട പണം നല്‍കി അദ്ദേഹത്തെ രക്ഷപെടുത്തിയത് എന്ന് അദ്ദേഹം ഓര്‍ക്കുന്നു.





Share this Story:

Follow Webdunia malayalam