Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവസ്പന്ദനം നിലച്ചു

റിഷിദേബ് ഗസല്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ്

ദേവസ്പന്ദനം നിലച്ചു
, ചൊവ്വ, 29 ഏപ്രില്‍ 2014 (16:17 IST)
ചിത്രകാരനായ ദേവന്‍. ശില്‍പ്പിയായ ദേവന്‍. അക്ഷരങ്ങള്‍ക്ക് ആഴവും മുഴക്കവുമുണ്ടെന്ന് എഴുതിയറിയിച്ച ദേവന്‍. എം വി ദേവന്‍ മലയാളത്തിന് സമ്പൂര്‍ണനായ കലാകാരനായിരുന്നു, സാഹിത്യകാരനായിരുന്നു. നിഷേധിയായിരുന്നു എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. അതിന് കാരണമുണ്ട്. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍, അത് പറയുന്നതോ ചെയ്യുന്നതോ ആരായിരുന്നാലും തുറന്നുപറയാനുള്ള തന്‍റേടം എം വി ദേവന്‍ കാണിച്ചിരുന്നു. 
 
തന്‍റേടിയായ എം വി ദേവന്‍ ഭക്തിയുടെ പാരമ്യത്തിലേക്ക് പോകുന്നത് അപൂര്‍വം ചിലപ്പോഴൊക്കെ കാണാം. അത് ശ്രീനാരായണഗുരുവിനെ സ്മരിക്കുമ്പോഴായിരുന്നു. വലിയ നാരായണഗുരു ഭക്തനായിരുന്നു. നല്ല പ്രഭാഷകനായിരുന്നു ദേവന്‍. പ്രഭാഷണങ്ങളിലെ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദങ്ങളായി മാറാറുണ്ട്. തന്‍റെ നിലപാടുകളില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കാത്ത രീതിയായിരുന്നു ദേവന് എപ്പോഴും ഉണ്ടായിരുന്നത്.
 
ഇത്തരത്തിലുള്ള ഒരു വലിയ വിവാദം എം ടി വാസുദേവന്‍‌നായരുമായി ബന്ധപ്പെട്ടായിരുന്നു. ഒരു വ്യാഴവട്ടം മുമ്പ് നടന്ന ആ വിവാദത്തില്‍ മലയാളത്തിലെ സാഹിത്യ - സാംസ്കാരിക ലോകം രണ്ട് ചേരിയായി നിലയുറപ്പിച്ചു. എം വി ദേവന്‍ പക്ഷവും എം ടി പക്ഷവും. വലിയ വാഗ്വാദങ്ങളും വിവാദങ്ങളും നടക്കുമ്പോഴും തന്‍റെ ശത്രുപക്ഷത്തുള്ളവരെ അവിചാരിതമായെങ്ങാനും കണ്ടാല്‍ വലിയ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു ദേവന്‍.
 
മനുഷ്യസ്നേഹിയായിരുന്നു. മനുഷ്യന്‍ പൂര്‍ണനാകുന്നത് കല ഉള്ളില്‍ വിളങ്ങി നില്‍ക്കുമ്പോഴാണെന്ന് അദ്ദേഹം വിശ്വസിച്ചു. ചിത്രകലയില്ലാതെ മനുഷ്യജീവിതവും സംസ്കാരവും പൂര്‍ണമാകില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. ചിത്രകലയെക്കുറിച്ചുള്ള ബോധവത്കരണം അവസാനകാലം വരെ എം വി ദേവന്‍ തുടര്‍ന്നു. 
 
പ്രശസ്തരുടെ സാഹിത്യകൃതികള്‍ക്ക് ഒഴുച്ചുകൂടാനാകാത്തതായിരുന്നു എം വി ദേവന്‍റെ വര. ബഷീറിന്‍റെ ആനവാരിയും പൊന്‍‌കുരിശും, ഉറൂബിന്‍റെ ഉമ്മാച്ചു തുടങ്ങിയ കൃതികള്‍ക്ക് ദേവന്‍ നല്‍കിയ ഇലസ്ട്രേഷന്‍ ഓര്‍ത്തുപോകുന്നു. കഥയുടെ കരുത്തും കാമ്പും വിളിച്ചുപറയുന്നതായിരുന്നു എം വി ദേവന്‍റെ ചിത്രങ്ങള്‍.
 
ധാരാളം പെയിന്‍റിംഗുകള്‍ എം വി ദേവന്‍റേതായുണ്ട്. അമൂര്‍ത്തവും അല്ലാത്തതുമായ വര്‍ക്കുകള്‍. പുതിയ പ്രതിഭകള്‍ക്ക് ഇതെല്ലാം പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ തന്‍റെ കാലത്തെ ചിത്രകലയും അതിന്‍റെ പാരമ്പര്യവുമായിരുന്നു അദ്ദേഹം ബോധ്യപ്പെടുത്തിക്കൊടുത്തിരുന്നത്. കെ സി എസ് പണിക്കരുടെ ആദര്‍ശങ്ങളുടെ പിന്‍‌ഗാമിയായിരുന്നു ദേവന്‍. അവ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുത്തു. ഒട്ടേറെ നവപ്രതിഭകള്‍ക്ക് പുതിയ പാത തുറന്നുകൊടുത്തു.
 
മലബാറിന് ഒരു കലാബോധം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച എം വി ദേവന്‍ മികച്ച സംഘാടകനും ഭരണാധികാരിയുമായിരുന്നു. കലാപീഠം, കലാഗ്രാമം, ലളിതകലാ അക്കാദമി തുടങ്ങിയ ഇടങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം അതിന് തെളിവാണ്.
 
ആധുനികതയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ദൃശ്യഭാവുകത്വവും മൂല്യസങ്കല്പങ്ങളും കേരളീയ കലാരംഗത്ത് എം വി ദേവന്‍ പരിചയപ്പെടുത്തിക്കൊടുത്തു. കലാസാംസ്കാരിക സാഹിത്യ മേഖലയില്‍ തന്‍റേതായ വഴിയിലൂടെ മാത്രം സഞ്ചരിച്ച, ആര്‍ക്കും തളയ്ക്കാനാവാത്ത ഒരു ഒറ്റയാനെയാണ് എം വി ദേവന്‍റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട് - വെബ് ഇന്ത്യ 123

Share this Story:

Follow Webdunia malayalam