Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത 50 വര്‍ഷം ഇന്ത്യ ബി ജെ പി ഭരിക്കുമോ? അമിത് ഷായുടെ വാദത്തില്‍ കഴമ്പുണ്ടോ?

അടുത്ത 50 വര്‍ഷം ഇന്ത്യ ബി ജെ പി ഭരിക്കുമോ? അമിത് ഷായുടെ വാദത്തില്‍ കഴമ്പുണ്ടോ?

ജോണ്‍ കെ ഏലിയാസ്

, തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (17:02 IST)
വളരെ ഓര്‍ഗനൈസ്ഡ് ആയ പാര്‍ട്ടിയാണ് ബി ജെ പി. രാജ്യം മുഴുവന്‍ സുസജ്ജമായ മെഷിനറി ബി ജെ പിക്കുണ്ട്. മുകളറ്റം മുതല്‍ താഴേത്തട്ട് വരെ ഒരേരീതിയില്‍ ചലിപ്പിക്കാന്‍ ശേഷിയുള്ള നേതൃത്വവും ഉണ്ട്. 
 
ഇന്ന് രാജ്യം ഭരിക്കുന്നതും ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ ഭരിക്കുന്നതും ബി ജെ പിയാണ്. പക്ഷേ ഇതെല്ലാം അടുത്ത 50 വര്‍ഷം രാജ്യം ഭരിക്കുന്നതിന് ആവശ്യമായ ഇന്ധനം ബി ജെ പിക്ക് നല്‍കുന്നുണ്ടോ?
 
അമിത് ഷായുടെ അവകാശവാദമനുസരിച്ച്, അടുത്ത 50 വര്‍ഷം ഇന്ത്യ ഭരിക്കാന്‍ പോകുന്നത് ബി ജെ പിയാണ്. “നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിനായി അക്ഷീണം ജോലി ചെയ്യുകയാണ്. 2019ല്‍ നമ്മള്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അടുത്ത 50 വര്‍ഷം നമ്മള്‍ അധികാരത്തില്‍ തുടരുമെന്നും എനിക്കുറപ്പുണ്ട്” - അമിത് ഷാ കഴിഞ്ഞ ദിവസം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞത് ഇങ്ങനെയാണ്.
 
“രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമികവിനാണ് പ്രാധാന്യം നല്‍കുന്നത്. നാടിനായി നരേന്ദ്രമോദി നല്‍കിയ സേവനങ്ങള്‍ കാരണം 2001ന് ശേഷം ഒരു തെരഞ്ഞെടുപ്പില്‍ പോലും പോലും അദ്ദേഹം തോല്‍‌വി അറിഞ്ഞിട്ടില്ല. 2014ലെ തെരഞ്ഞെടുപ്പിന് ശേഷം മോദിജി വിശ്രമിച്ചിട്ടില്ല. പ്രധാനമന്ത്രിയായ ശേഷം ഇതുവരെ 300 ലോക്സഭാ മണ്ഡലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചുകഴിഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബാക്കിയുള്ള മണ്ഡലങ്ങളിലും അദ്ദേഹം എത്തും” - അമിത് ഷാ വ്യക്തമാക്കുന്നു.
 
2019ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി ബി ജെ പിയുടെ ഒമ്പത് കോടി പ്രവര്‍ത്തകരോട് അക്ഷീണം പ്രവര്‍ത്തിക്കാനാണ് അമിത് ഷാ ആവശ്യപ്പെടുന്നത്. അവര്‍ 22 കോടി കുടുംബങ്ങളെ സന്ദര്‍ശിച്ച് കഴിഞ്ഞ നാലര വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്ന ജനസേവനങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനാണ് അമിത് ഷാ ആവശ്യപ്പെടുന്നത്.
 
അമിത് ഷായുടെ ആത്‌മവിശ്വാസം അമിതമാണെന്നും അതിരുകടന്നതാണെന്നും സംശയം തോന്നിയാല്‍ അതില്‍ തെറ്റേതുമില്ല. കാരണം, നാലര വര്‍ഷത്തെ ജനസേവനത്തേക്കുറിച്ച് ബോധവത്കരിക്കാനായി ബി ജെ പി പ്രവര്‍ത്തകര്‍ രാജ്യത്തെ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ അവര്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങളുടെ സ്വഭാവം തന്നെ. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതിനെപ്പറ്റി ജനം ചോദിക്കും. രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ച് ചോദിക്കും. നോട്ടുനിരോധനം സമ്പൂര്‍ണ പരാജയമായതിനെപ്പറ്റി തീര്‍ച്ചയായും ചോദിക്കും.
 
ഇതിനൊന്നും ഫലപ്രദമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്കോ അമിത് ഷായ്ക്കോ പോലും കഴിയുന്നില്ല. അപ്പോള്‍ പിന്നെ സാധാരണ പ്രവര്‍ത്തകര്‍ എന്ത് മറുപടി നല്‍കും? നാടിനെ ഇത്രയും പ്രതികൂലമായി ബാധിച്ച കാര്യങ്ങളില്‍ നിശബ്ദത തുടരുന്ന ഒരു പാര്‍ട്ടിക്ക് 50 വര്‍ഷത്തെ രാജ്യഭരണം എഴുതിനല്‍കുമോ ജനങ്ങള്‍? അമിത് ഷായുടെ അവകാശവാദവും സ്വപ്നങ്ങളും പ്രവര്‍ത്തകര്‍ പോലും അതേ അര്‍ത്ഥത്തില്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ.
 
“അഛാ ദിന്‍” മുദ്രാവാക്യവുമായി ഇനി മുമ്പോട്ടുപോകാനാകില്ലെന്ന് ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. എന്തായാലും ‘അജയ്യ ഭാരതം’ ആണ് പുതിയ മുദ്രാവാക്യം. അടുത്ത 50 വര്‍ഷത്തേക്ക് എന്നൊക്കെയുള്ളത് പോകട്ടെ, 2019ലെങ്കിലും ഇത്തരം മുദ്രാവാക്യക്കസര്‍ത്തുകള്‍ വിജയം കാണുമോ? കാത്തിരിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ എസ് ആർ ടി നേരിടുന്നത് വലിയ നഷ്ടം; കൂടുതൽ സർവീസുകൾ നിർത്തലാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി