Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാളയത്തില്‍ പട, കുമാരസ്വാമിക്ക് മടുത്തു; തക്കം പാര്‍ത്ത് യെദ്യൂരപ്പ - കെ സി വേണുഗോപാല്‍ ഇനിയെന്തുചെയ്യും?!

പാളയത്തില്‍ പട, കുമാരസ്വാമിക്ക് മടുത്തു; തക്കം പാര്‍ത്ത് യെദ്യൂരപ്പ - കെ സി വേണുഗോപാല്‍ ഇനിയെന്തുചെയ്യും?!

ജോണ്‍ കെ ഏലിയാസ്

, തിങ്കള്‍, 28 ജനുവരി 2019 (14:18 IST)
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നു. എച്ച് ഡി കുമാരസ്വാമി മന്ത്രിസഭ ഏത് നിമിഷവും നിലം‌പതിക്കാമെന്ന അവസ്ഥയിലാണ്. തക്കം പാര്‍ത്ത് ബി ജെ പിയും നിലയുറപ്പിച്ചിരിക്കുന്നു.
 
കോണ്‍ഗ്രസിന്‍റെയും ജെ ഡി എസിന്‍റെയും തമ്മിലടിയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. തങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കരുതുകയും നടിക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമിയും തുറന്നടിച്ചതോടെ പരിഹാരം ദുഷ്കരമായ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
 
കര്‍ണാടകയില്‍ ബി ജെ പിയെ അകറ്റിനിര്‍ത്തി സര്‍ക്കാരുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ സി വേണുഗോപാലും ഡി കെ ശിവകുമാറുമാണ്. ഇരുവരും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ മുമ്പ് രണ്ടുതവണ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ശക്തി ഇത്തവണത്തെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പോരാതെവരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
 
കോണ്‍ഗ്രസ് - ജെ ഡി എസ് എംഎല്‍‌എമാരെ വലവീശിപ്പിടിക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസും ജെ ഡി എസും ആരോപിക്കുന്നു. പണം കൊടുത്ത് വരുതിയിലാക്കാന്‍ യെദ്യൂരപ്പയും ടീമും ശ്രമിക്കുകയാണത്രേ. രണ്ടുതവണ ഡി കെ ശിവകുമാറിന്‍റെയും കെ സി വേണുഗോപാലിന്‍റെയും സമയോചിതമായ ഇടപെടലുകളും നീക്കങ്ങളുമാണ് സര്‍ക്കാരിനെ കാത്തത്.
 
എന്നാല്‍ കോണ്‍ഗ്രസ് - ജെ ഡി എസ് ബന്ധത്തില്‍ വിള്ളല്‍ വീണതോടെ തങ്ങളുടെ നമ്പര്‍ അടുത്തെത്തിയതായി ബി ജെ പി കരുതുന്നു. തമ്മിലടിച്ച് തകരുന്ന ഭരണകക്ഷിയില്‍ നിന്ന് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് വരുമെന്നും കര്‍ണാടകയില്‍ വീണ്ടും താമര വിരിയുമെന്നും യെദ്യൂരപ്പ പ്രതീക്ഷിക്കുന്നു.
 
എന്നാല്‍ അവിടെയും കോണ്‍ഗ്രസിന് ഒരു പ്രതീക്ഷയുണ്ട്. ഏത് പ്രതിസന്ധിയിലും അവര്‍ പ്രത്യാശയോടെ നോക്കുന്ന രണ്ടുപേര്‍ കൂടിയാലോചനകളുമായി ഇപ്പോഴും സജീവമാണ്. കെ സി വേണുഗോപാലും ഡി കെ ശിവകുമാറും. കര്‍ണാടക സര്‍ക്കാരിനെ പോറല്‍ പോലുമേല്‍ക്കാതെ കാക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിയോ സിംപിളാണ്, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പത്തിലാക്കി ജിയോ റെയിൽ ആപ്പ് !