Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി - അമിത് ഷാ കൂട്ടുക്കെട്ടിന്റെ തകര്‍ച്ചയുടെ തുടക്കം ഇതോ ?; പിഴച്ചത് എവിടെ ?

മോദി - അമിത് ഷാ കൂട്ടുക്കെട്ടിന്റെ തകര്‍ച്ചയുടെ തുടക്കം ഇതോ ?; പിഴച്ചത് എവിടെ ?

മോദി - അമിത് ഷാ കൂട്ടുക്കെട്ടിന്റെ തകര്‍ച്ചയുടെ തുടക്കം ഇതോ ?; പിഴച്ചത് എവിടെ ?
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (16:28 IST)
തനിക്കൊത്ത എതിരാളി, അല്ലെങ്കില്‍ ഒരു പടി മുകളില്‍. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ നരേന്ദ്ര മോദിയെന്ന ക്രൗഡ് പുള്ളര്‍ ചിന്തിക്കുന്നത് ഇങ്ങനെയാകും. അഞ്ചു സംസ്ഥനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ നേട്ടമായപ്പോള്‍ നേതൃത്വ മികവില്‍ പൊന്‍‌തൂവല്‍ ചാര്‍ത്തിയത് രാഹുലാണ്.

ബിജെപിയെന്നാല്‍ ‘മോദി’ എന്ന അവസ്ഥയില്‍ തുടരുമ്പോഴാണ് കൈയിലിരുന്ന സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. അമിത് ഷാ എന്ന രാഷ്‌ട്രീയ ചാണക്യന് ലഭിച്ച വന്‍ തിരിച്ചടി കൂടിയാണിത്. ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ മോദിയെ നേതൃത്വം സുരക്ഷിതനാക്കി നിര്‍ത്തിയപ്പോള്‍ ആ സാഹചര്യം മുതലെടുക്കുകയായിരുന്നു രാഹുല്‍.

അഗസ്‌ത വെസ്‌റ്റ്‌ലാന്‍ഡ് അഴിമതി ഉയര്‍ത്തിക്കാട്ടി രാഹുലിനെ പ്രതിരോധിക്കാന്‍ മോദി ശ്രമിച്ചപ്പോള്‍
റഫാല്‍ കരാറില്‍ സര്‍വ്വത്ര അഴിമതിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തോട് വിളിച്ചു പറഞ്ഞു. വ്യക്തിപരമായ ആക്ഷേപങ്ങളും ആരോപണങ്ങളും ബിജെപി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പാളിപ്പോയ നോട്ട് നിരോധനവും ജി എസ് ടിയും പോലുള്ള വിഷയങ്ങള്‍ രാകിയെടുത്തു രാഹുല്‍.

നെഹ്റു – ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കുന്ന മോദിയുടെ തന്ത്രം സാധാരണക്കാര്‍ തള്ളുകയായിരുന്നു. ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭവവും നോട്ട് നിരോധനവും തിരിച്ചടിയായെന്ന് ബിജെപിക്ക് പരോക്ഷമായെങ്കിലും സമ്മതിക്കേണ്ടി വരും. ഇന്ധനവില വർദ്ധന, ജാതി രാഷ്‌ട്രീയം, കോർപ്പറേറ്റ് പ്രീണനം, സമ്പദ്‍വ്യവസ്ഥയിലെ പരീക്ഷണങ്ങള്‍ എന്നിവ കനത്ത തിരിച്ചടിയാണ് നല്‍കിയത്. ബിജെപിക്ക് ആഴത്തില്‍ വേരോട്ടമുള്ള മണ്ണില്‍ നിന്നു പോലുമേറ്റ തിരിച്ചടി അതിന്റെ ആദ്യ സൂചനയാണ്.

ലോക്‍സഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള സെമിഫൈനല്‍ പോരാട്ടമെന്ന വിശേഷണം ലഭിച്ച അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലാണ് ബിജെപിക്കും മോദിക്കും തിരിച്ചടി ലഭിച്ചത്. ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുന്നത് വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടികള്‍ ഉണ്ടാക്കും. ശക്തനായ രാഷ്‌ട്രീയ നേതാവായി രാ‍ഹുല്‍ അവതരിക്കുമെന്നതിന്റെ സൂചന കൂടിയാണിത്. 

പശു രാഷ്‌ട്രീയവും ഹിന്ദു വികാരവുമല്ല മുന്നേറ്റത്തിന്റെ തോത് നിര്‍ണയിക്കുകയെന്ന് ബിജെപി ക്യാമ്പ് വിശ്വസിക്കുക കൂടിവേണം. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയില്‍ തന്നെ മൃദുഹിന്ദുത്വ പാര്‍ട്ടിയായി സ്വയം അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് പോരാടുന്നത്. ഇത് തുടര്‍ന്നാല്‍ അധികാരം പിടിക്കാന്‍ മാത്രമല്ല, നിലനില്‍പ്പിനായും ബിജെപി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ബി ജെ പി നേരിടുന്നത് വലിയ തകർച്ച, 2019ൽ രാജ്യം കോൺഗ്രസിനൊപ്പം നിൽക്കുമോ ?