Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവംബര്‍ 8, ഇന്ത്യന്‍ ജനത മരിച്ചാലും മറക്കാത്ത ദിനം!

നവംബര്‍ 8, ഇന്ത്യന്‍ ജനത മരിച്ചാലും മറക്കാത്ത ദിനം!

ജോണ്‍ കെ ഏലിയാസ്

, വ്യാഴം, 8 നവം‌ബര്‍ 2018 (11:28 IST)
ഇന്ത്യയിലെ ജനകോടികള്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസമാണ് 2016 നവംബര്‍ എട്ട്. അന്ന് അര്‍ദ്ധരാത്രിയോടെ 500ന്‍റെയും 1000ന്‍റെയും നോട്ടുകള്‍ അസാധുവാക്കപ്പെട്ടു. ജനങ്ങള്‍ തരിച്ചുപോയ നിമിഷം. കൈയിലുള്ള പണം മാറാന്‍ നെട്ടോട്ടം. പണമെടുക്കാനായി എ ടി എമ്മുകള്‍ക്ക് മുമ്പില്‍ ക്യൂ. പണം മാറിയെടുക്കാനായി ബാങ്കുകളില്‍ ജനപ്രളയം.
 
ബാങ്കുകളില്‍ ക്യൂ നിന്ന് തളര്‍ന്ന് വീണ് മരിച്ചവര്‍ എത്ര പേര്‍! പണം നഷ്ടപ്പെട്ടതിന്‍റെ ദുഃഖത്തില്‍ ആത്മഹത്യ ചെയ്തവരും ഹൃദയാഘാതം വന്നവരും അതിലുമേറെ. പുതിയ ഇന്ത്യ നിര്‍മ്മിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട നോട്ട് അസാധുവാക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ ഞെട്ടിച്ചു. ഇപ്പോഴും ആ നടുക്കം മാറാതെയാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്.
 
നോട്ട് അസാധുവാക്കല്‍ കൊണ്ട് എന്ത് നേട്ടമാണ് ഇന്ത്യയ്ക്ക് ഉണ്ടായത് എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം നല്‍കാന്‍ ഇതുവരെയും പ്രധാനമന്ത്രിക്കോ ഭരണകൂടത്തിനോ കഴിഞ്ഞിട്ടില്ല. ഡിജിറ്റല്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള തീരുമാനം സാധാരണ ജനങ്ങള്‍ക്ക് ദുഃസ്വപ്നമാണ് സമ്മാനിച്ചതെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.
 
നിരോധിക്കപ്പെട്ട നോട്ടുകളില്‍ വലിയ ശതമാനം തിരിച്ചെത്തില്ല എന്നായിരുന്നു ഭരണനേതൃത്വത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി. 
 
രാജ്യത്തിന്‍റെ എല്ലാ മേഖലകളെയും നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചു. പല വ്യാപാരമേഖലകളും സ്തംഭിച്ചു. കയറ്റുമതിയും ഇറക്കുമതിയും പ്രതിസന്ധിയിലായി. 
 
കള്ളനോട്ട് തടയുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്‍റെ പ്രധാന ലക്ഷ്യമായി പറഞ്ഞിരുന്നത്. എന്നാല്‍ ആ ലക്ഷ്യം പൂര്‍ണ പരാജയമായി എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
 
രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു. സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായി. കാര്‍ഷിക മേഖല തൊട്ട് റിയല്‍ എസ്റ്റേറ്റ് മേഖല വരെ അനിശ്ചിതത്വം ബാധിച്ചു. പുതിയ 500 രൂപ, 2000 രൂപ നോട്ടുകള്‍ അടിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ചെലവാക്കിയത് 8000 കോടിയോളം രൂപയാണ്!
 
എന്നാല്‍ ഡിജിറ്റല്‍ ധനവിനിയോഗത്തിന്‍റെ കാര്യത്തില്‍ ഈ കാലയളവില്‍ ഏറെ മുന്നേറ്റം ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാനിവിടെ നിൽക്കുന്നില്ല, തൽക്കാലം മാറി നിൽക്കുന്നു': ഹരികുമാർ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത് എസ്‌പിയെ