Select Your Language

Notifications

webdunia
webdunia
webdunia
webdunia

സി പി ഐയെ പിണറായിയും കൈവിടുന്നു; മാണിക്ക് കളമൊരുക്കാന്‍ അണിയറ നീക്കങ്ങള്‍

സി പി ഐയെ പിണറായിയും കൈവിടുന്നു; മാണിക്ക് കളമൊരുക്കാന്‍ അണിയറ നീക്കങ്ങള്‍

ജോണ്‍ പോള്‍ മൊകേരി

, വെള്ളി, 2 മാര്‍ച്ച് 2018 (16:30 IST)
കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായി. സി പി എമ്മിന്‍റെ ഉന്നത നേതാക്കള്‍ ഈ ദൌത്യവുമായി ബന്ധപ്പെട്ട് സജീവ ചര്‍ച്ചകളിലാണ്. മാണിയുടെ മുന്നണിപ്രവേശത്തിന് ഇടങ്കോലിട്ട് നില്‍ക്കുന്ന സി പി ഐയെ മുഖ്യമന്ത്രി പിണറായി വിജയനും കൈവിടുന്നു എന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്.
 
സി പി ഐ പ്രവര്‍ത്തകര്‍ പ്രതികളായ മണ്ണാര്‍ക്കാട് സഫീര്‍ കൊലക്കേസില്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന നിലപാടാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. സഫീറിന്‍റെ വീട് പിണറായി സന്ദര്‍ശിച്ചത് അപ്രതീക്ഷിതമായി ആയിരുന്നു. ഇത് പിണറായി വിജയന്‍റെ പതിവ് ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന നടപടിയല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.
 
മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട സഫീര്‍. പ്രതികളാകട്ടെ സി പി ഐയുമായി ബന്ധമുള്ളവരും. സാധാരണഗതിയില്‍ പിണറായി വിജയന്‍ സഫീറിന്‍റെ വീട് സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി സഫീറിന്‍റെ വീട് സന്ദര്‍ശിച്ച് യു ഡി എഫിനെപ്പോലും മുഖ്യമന്ത്രി ഞെട്ടിച്ചു.
 
എന്നാല്‍ ഇപ്പോള്‍ യു ഡി എഫിനേക്കാള്‍ ഈ സന്ദര്‍ശനം കൊണ്ട് ഞെട്ടിയിരിക്കുന്നത് സി പി ഐയാണ്. സഫീറിന്‍റെ വീട് സന്ദര്‍ശിക്കാനുള്ള പിണറായിയുടെ തീരുമാനം കൃത്യമായ ഒരു സന്ദേശം നല്‍കലാണെന്ന് അവര്‍ കരുതുന്നു. പ്രതികള്‍ സി പി ഐ പ്രവര്‍ത്തകര്‍ ആണെങ്കിലും ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയുണ്ടാകുമെന്ന സന്ദേശമാണ് അത്.
 
webdunia
അതാകട്ടെ സി പി ഐയോടുള്ള പിണറായിയുടെ നിലപാട് മാറ്റത്തിന്‍റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കെ എം മാണിയെ ശക്തമായി എതിര്‍ക്കുന്ന സി പി ഐയെയും കാനം രാജേന്ദ്രനെയും കണക്കിലെടുക്കാതെ തന്നെ കെ എം മാണിയെ എല്‍ ഡി എഫിലേക്ക് ക്ഷണിക്കാന്‍ സി പി എം തയ്യാറായാല്‍ വളരെ അടുത്തുതന്നെ ഇടതുമുന്നണിയില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന് ഉറപ്പാണ്.
 
മാത്രമല്ല, സി പി ഐ സംസ്ഥാന സമ്മേളന വേദിയില്‍ വച്ച് കോണ്‍ഗ്രസ് ബന്ധത്തിന്‍റെ കാര്യത്തില്‍ സി പി ഐ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തു പിണറായി. വര്‍ഗീയ കക്ഷികളെ എതിര്‍ക്കുന്നതിന് കോണ്‍‌ഗ്രസുമായി കൈകോര്‍ക്കുന്നത് തെറ്റാണെന്നാണ് പിണറായി വ്യക്തമാക്കിയത്. വര്‍ഗീയ കക്ഷികള്‍ക്കെതിരെ മതേതര കൂട്ടായ്മയാകാമെന്ന സി പി ഐയുടെ നിലപാടിനെയാണ് പിണറായി തള്ളിക്കളഞ്ഞിരിക്കുന്നത്.
 
മാത്രമല്ല, ഇസ്മയില്‍ പക്ഷം ഇപ്പോല്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ സി പി ഐയെ ദുര്‍ബലപ്പെടുത്തുമെന്നും രാഷ്ട്രീയ കേരളം വിലയിരുത്തുന്നു. കാനം രാജേന്ദ്രനെതിരെ ഒരു ഭൂമിയിടപാടില്‍ അഴിമതിയാരോപണം ഉയര്‍ന്നതും നിലവിലുള്ള സാഹചര്യത്തിന് എരിവ് പകര്‍ന്നിട്ടുണ്ട്.
 
കെ എം മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ തന്നെയാണ് സി പി എം നേതൃത്വത്തിന്‍റെ തീരുമാനം. അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സി പി ഐക്ക് എത്രമാത്രം കെല്‍പ്പുണ്ടാകുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമരം ശക്തമാക്കാൻ നഴ്സുമാർ; ഹൈക്കോടതി വിലക്ക് മറികടക്കാന്‍ മാർച്ച് ആറ് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്