Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീധരന്‍ പിള്ളയും കുമ്മനവും ഔട്ട്; സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ?

ശ്രീധരന്‍ പിള്ളയും കുമ്മനവും ഔട്ട്; സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ?

ശ്രീധരന്‍ പിള്ളയും കുമ്മനവും ഔട്ട്; സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ?
തിരുവനന്തപുരം , വ്യാഴം, 6 ഡിസം‌ബര്‍ 2018 (15:45 IST)
ശബരിമലയെന്ന സുവര്‍ണാവസരം നഷ്‌ടപ്പെടുത്തിയതിന്റെ പേരില്‍ ബിജെപിയില്‍ ഉടലെടുത്ത ആശങ്കകള്‍ക്ക് അവസാനമില്ല. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായിരിക്കുന്നത്.

ശ്രീധരന്‍ പിള്ളയെ നീക്കി കുമ്മനം രാജശേഖരനെ തിരിച്ചെത്തിച്ച് അധ്യക്ഷനാക്കണമെന്ന ആവശ്യം കഴിഞ്ഞയാഴ്‌ചവരെ ശക്തമായിരുന്നു. എന്നാല്‍, ഈ രണ്ടു പേരെയും മറികടന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

അറസ്‌റ്റിനു പിന്നാലെ  പൊതുസമൂഹത്തിലും പ്രവര്‍ത്തകരിലും ലഭിച്ച സ്വീകാര്യതയാണ് സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കണമെന്ന ആവശ്യം ശക്തമാകാന്‍ കാരണം. ശബരിമലയില്‍ പൊലീസ് വിലക്ക് മറികടക്കാന്‍ ശ്രമിച്ച് അറസ്‌റ്റിലായ സുരേന്ദ്രനെതിരെ നിലകൊണ്ട ആര്‍ എസ് എസും ഇപ്പോള്‍ കളം മാറ്റി ചവിട്ടിയ അവസ്ഥയിലാണ്.

സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത് ആര്‍എസ്എസ് ആണ്. ഒരു വിഭാഗം  ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത് ഇതിന്‍റെ സൂചനയാണ്. ഈ നീക്കത്തിനു മുരളീധര പക്ഷത്തിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ട്.

ശ്രീധരന്‍ പിള്ള പരാജയമാണെന്നും അദ്ദേഹത്തിന്റെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിച്ചെന്നും മുരളീധരപക്ഷം ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അറിയിക്കും. ശബരിമല പ്രതിഷേധം മുതലെടുക്കാനായില്ലെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുമുണ്ട്.

പ്രവര്‍ത്തന മികവില്ല, പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടു പോകാനാകുന്നില്ല, വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നു, കൂടിയാലോചനകള്‍ നടത്തുന്നില്ല എന്നീ പരാതികളാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഒരു വിഭാഗം നേതാ‍ക്കള്‍ ഉന്നയിക്കുന്നത്.

എന്നാല്‍, സംസ്ഥാന അധ്യക്ഷനെ നീക്കിയാല്‍ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും ബിജെപിയിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരു പക്ഷത്തിനും കേടുപാടുകളില്ലാതെ വിഷയം പരിഹരിക്കാനാകും ദേശീയ നേതൃത്വം ശ്രമിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുളിമുറിയിൽ അതിവിദഗ്ധമായി ഒളിക്യാമറ വച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി; ഹോട്ടൽ ശൃംഘലക്കെതിരെ 707 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയിൽ