Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവിയുടെ കരുത്തില്‍ ഇന്ത്യ അയര്‍ലാന്റിനെ കീഴടക്കി

യുവിയുടെ കരുത്തില്‍ ഇന്ത്യ അയര്‍ലാന്റിനെ കീഴടക്കി
PRO
PRO
ആദ്യം വിറപ്പിച്ചു. പിന്നെ വിറച്ചു. ഒടുവില്‍ ജയിച്ചു- ഇതായിരുന്നു അയര്‍ലാന്റിനെതിരെയുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ അവസ്ഥ. കരുത്തരായ ഇന്ത്യയോട് അവസാനവട്ടം വരെ പൊരുതിയാണ് ഐറിഷ് പോരാളികള്‍ കീഴടങ്ങിയത്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചത് കേവലഭാഗ്യം മാത്രമായിരുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു അയര്‍ലാന്റിന്റെ പോരാട്ടം.

താരതമ്യേന ദുര്‍ബലരായ അയര്‍ലാന്റ് കുറിച്ച 207 റണ്‍സിന്റെ വിജയലക്‍ഷ്യം 45.6 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അഞ്ച് വിക്കറ്റുകളും 50 റണ്‍സും എടുത്ത് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച യുവരാജ് സിംഗ് ആണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 10 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ യുവരാജ് സിംഗിന്റെ മികവില്‍ ഇന്ത്യ അയര്‍ലാന്റിനെ കുറഞ്ഞ സ്കോറിന് പുറത്താക്കുകയായിരുന്നു. 47.5 ഓവറില്‍ 207 റണ്‍സിനാണ് അയര്‍ലാന്റ് പുറത്തായത്.

ആദ്യ ഓവറില്‍ തന്നെ അയര്‍ലാന്റിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് സഹീര്‍ നായകന്‍ ധോണിയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. സഹീര്‍ ഖാന്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ അയര്‍ലാന്റ് ഓപ്പണര്‍ സ്റ്റിര്‍ലിംഗ് ബൌള്‍ഡ് ആകുകയായിരുന്നു.

തന്റെ രണ്ടാമത്തെ ഓവറില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി സഹീര്‍ ഖാന്‍ ഇന്ത്യക്ക് മുന്‍‌തൂക്കം നല്‍കി. നാല് റണ്‍സെടുത്തിരുന്ന ജോയ്സിനെ സഹീര്‍ ധോണിയുടെ കയ്യിലെത്തിക്കുകയായിരുന്നു. പക്ഷേ മൂന്നാം വിക്കറ്റില്‍ പോര്‍ടെര്‍ഫീല്‍ഡും നില്‍ ഒബ്രയാനും ചേര്‍ന്ന് അയര്‍‌ലാന്റിന് വന്‍‌തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. 122 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇവര്‍ പിരിഞ്ഞത്. 26.5 ഓവറില്‍ നീല്‍ ഒബ്രയന്‍ റണ്‍ ഔട്ട് ആകുകയായിരുന്നു. പുറത്താകുമ്പോള്‍ 78 പന്തുകളില്‍ നിന്ന് 46 റണ്‍സായിരുന്നു ഒബ്രയാന്റെ സമ്പാദ്യം. 104 പന്തുകളില്‍ നിന്ന് 75 റണ്‍സ് എടുത്ത പോര്‍ടെര്‍ഫീല്‍ഡ് മുപ്പത്തിയേഴാം ഓവറിലാണ് പുറത്തായത്. യുവരാജിന്റെ പന്തില്‍ ഹര്‍ഭജന് ക്യാച്ച് നല്‍കുകയായിരുന്നു.

ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി കുറിച്ച് താരമായ കെവിന്‍ ഒബ്രയാന് തിളങ്ങാനായില്ല. ഒമ്പത് റണ്‍സെടുത്ത ഒബ്രയനെ യുവരാജ് സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. 24 റണ്‍സ് എടുത്ത കുസാക്കിനെയും അഞ്ച് റണ്‍സ് എടുത്ത മൂണെയും യുവരാജ് വിക്കറ്റിന് മുന്നില്‍ കുരുക്കി. വൈറ്റിന്റെ വിക്കറ്റും സ്വന്തമാക്കിയത് യുവരാജാണ്.

സഹീര്‍ഖാന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഹര്‍ഭജന് വിക്കറ്റൊന്നും നേടാനായില്ല. മുനാഫ് പട്ടേല്‍ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യക്ക് സെവാഗിനെയാണ് ആദ്യം നഷ്ടമായത്. അഞ്ച് റണ്‍സ് എടുത്തിരുന്ന സെവാഗിനെ ജോണ്‍സ്റ്റണ്‍ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. 5.2 ഓവറില്‍ ഗംഭീറിനെയും ഇന്ത്യക്ക് നഷ്ടമായി. 11 റണ്‍സെടുത്തിരുന്ന ഗംഭീര്‍ ജോണ്‍സ്റ്റണിന്റെ പന്തില്‍ കുസാക്കിന് പിടികൊടുക്കുകയായിരുന്നു. മുപ്പത്തിയെട്ട് റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറെ 20.1 ഓവറില്‍ ഡോക്റെല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. 34 റണ്‍സെടുത്ത കോഹ്‌ലി ഇരുപത്തിനാലാം ഓവറില്‍ റണ്‍ ഔട്ട് ആയി.

പിന്നീട് യുവരാജ് -ധോണി കൂട്ടുകെട്ട് കൂടുതല്‍ തകര്‍ച്ചയില്ലാതെ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. പക്ഷേ അച്ചടക്കമുള്ള ബൌളിംഗും ഫീല്‍ഡിംഗും കാഴ്ചവച്ച ഐറിഷ് പടയാ‍ളികള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തി. 41.1 ഓവറില്‍ ധോണിയെ ഡോക്റെല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. പുറത്താകുമ്പോള്‍ ധോണിയുടെ സമ്പാദ്യം 34 റണ്‍സും ഇന്ത്യയുടെ മൊത്തം സ്കോര്‍ 167ഉം ആയിരുന്നു.

പിന്നീട് യുവരാജിന് കൂട്ടായി പത്താനെത്തി. കാണികള്‍ക്ക് വിരുന്നൊരുക്കി വെടിക്കെട്ട് പ്രകടനമായിരുന്ന് പത്താന്‍ വന്നയുടനെ നടത്തിയത്. എതിരിട്ട രണ്ടാം പന്ത് പത്താന്‍ അതിര്‍ത്തി കടത്തി. തൊട്ടടുത്ത പന്ത് നിലംതൊടാതെയാണ് അതിര്‍ത്തി കടന്നത്. ഡോക്‍റെല്‍ എറിഞ്ഞ ഓവറിലെ അവസാന പന്തും പത്താന്‍ സിക്‍സറിന് പറത്തി. മൊത്തം മൂന്ന് സിക്സറുകളും രണ്ട് ബൌണ്ടറിയും ഉള്‍പ്പടെ 24 പന്തുകളില്‍ നിന്ന്, പുറത്താകാതെ പത്താന്‍ 30 റണ്‍സ് നേടി.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച യുവരാജ് സിംഗ് 75 പന്തുകളില്‍ നിന്നാണ് 50 റണ്‍സ് എടുത്തത്.

Share this Story:

Follow Webdunia malayalam