Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചുവരവിൽ കിരീടം സ്വന്തമാക്കി ധോണിപ്പട; വാട്സൺ മിന്നിച്ചു, സീസണിലെ മരണമാസ് മഹി തന്നെ!

അടിച്ചുപറത്തി വാട്സൺ

തിരിച്ചുവരവിൽ കിരീടം സ്വന്തമാക്കി ധോണിപ്പട; വാട്സൺ മിന്നിച്ചു, സീസണിലെ മരണമാസ് മഹി തന്നെ!
, തിങ്കള്‍, 28 മെയ് 2018 (08:27 IST)
ഐപിഎൽ പതിനൊന്നാം സീസണിൽ കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെ അടിപടലം തുടച്ചുനീക്കുകയാണ് ധോണിയുടെ മഞ്ഞപ്പട ചെയ്തത്. ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന പ്രകടനമായിരുന്നു മഞ്ഞപ്പട കാഴ്ച വെച്ചത്. 
 
സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 179 റൺസ് വിജയ ലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ശേഷിക്കെയാണ് ചെന്നൈ മറികടന്നത്.ഷെയ്ൻ വാട്സണിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഹൈദരാബാദിനെ തകർത്തത്. ഈ സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് വാട്സൺ‌ന്റെ. 
 
57 പന്തിൽ 11 ഫോറുകളും എട്ട് കൂറ്റൻ സിക്സറുമടിച്ച വാട്സൺ 117 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി സുരേഷ് റെയ്ന 32 റൺസെടുത്തു പുറത്തായി. വാട്സണൊപ്പം 13 റൺസെടുത്ത അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു.
 
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറുവിക്കറ്റ് നഷ്ടത്തിൽ 178 റൺസാണെടുത്തത്. ടോസ് നേടിയ ചെന്നൈ  ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. യൂസഫ് പഠാന്റെയും കെയ്ൻ വില്യംസണിന്റെയും പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്. പക്ഷേ, ചെന്നൈപ്പടയ്ക്ക് മുന്നിൽ പതറി നിൽക്കാനേ ഹൈദരാബാദിനു കഴിഞ്ഞുള്ളു.
 
webdunia
36ആം വയസിലും കുട്ടിക്രിക്കറ്റിനെ കയ്യിലിട്ട് അമ്മാനമാടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി തന്നെയാണ് ഈ സീസണിലെ മിന്നും താരം. ക്യാപറ്റൻ എന്ന നിലയിൽ ഈ സീസണിൽ നൂറിൽ നൂറ് മാർക്ക് തന്നെയാണ് ധോണിക്ക് നൽകുന്നത്. 
 
16 മത്സരങ്ങളില്‍ നിന്ന് 455 റണ്‍സെടുത്ത് തന്റെ ബാറ്റിന് ഇപ്പോഴും ചെറുപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മഹി.  ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിങ് നടത്തിയ താരമെന്ന റെക്കോർഡും ധോണി സ്വന്തം പേരിലേക്ക് ചേർത്തിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്റ്റീനോ റയലിൽ നിന്നും പടിയിറങ്ങുന്നു ?