Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ്: രേഖപ്പെടുത്താത്ത ഒരു പോരാട്ടത്തിന്റെ കഥ

ഹണി ആര്‍ കെ

ലോകകപ്പ്: രേഖപ്പെടുത്താത്ത ഒരു പോരാട്ടത്തിന്റെ കഥ
PRO
PRO
ജീവിതത്തില്‍ റീടേക്കുകളില്ല എന്നത് ഒരു പരസ്യവാചകമാണ്. ക്രിക്കറ്റിന്റെ കാര്യത്തില്‍ ഇത് അക്ഷരം‌പ്രതി ശരിയാണ്. കണക്കുകൂട്ടലുകളുടെയും റെക്കോര്‍ഡുകളുടെയും കളിയായ ക്രിക്കറ്റില്‍, പക്ഷേ റീപ്ലേകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഈ കളിയിലെ ശരിതെറ്റുകള്‍ പുനര്‍നിശ്ചയിക്കുന്നതിനും വിലയിരുത്തലുകള്‍ നടത്തുന്നതിനും അടിസ്ഥാന പ്രമാണമായി നിശ്ചയിക്കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങള്‍ തന്നെ. അപ്പോള്‍ മത്സരം റെക്കോര്‍ഡ് ചെയ്യാതെ പോയാലോ? അതും ചരിത്രപ്രധാനമായ ഒരു മത്സരം. അതു വലിയ ഒരു നഷ്ടം തന്നെയാണ്. ഇങ്ങനെ ഒരു സംഭവമുണ്ട് ലോകകപ്പ് ചരിത്രത്തില്‍.

കപിലിന്റെ ചെകുത്താന്‍‌മാരുടെ ഒരു നിര്‍ണ്ണായകമത്സരമാണ് റെക്കോര്‍ഡ് ചെയ്യാതിരുന്നത്. 1983 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ കപ്പിനോട് അടുപ്പിച്ച മത്സരം. കൈവിട്ടുവെന്ന് ഒരു ഘട്ടത്തില്‍ കരുതിയിരുന്ന മത്സരം കപിലെന്ന ഒറ്റയാന്‍ തിരിച്ചുകൊണ്ടു വരുന്നത് കാണാന്‍ ഭാഗ്യമുണ്ടായത് അന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്നവര്‍ക്ക് മാത്രമാണ്. മത്സരം പകര്‍ത്തേണ്ടിയിരുന്ന ബിബിസി ജീവനക്കാര്‍ അന്ന് സമരത്തിലായിരുന്നതാണ് ഇതിന് കാരണം. 1983 ജൂണ്‍ 18ന് നടന്ന ഇന്ത്യാ- സിംബാബ്‌വെ മത്സരം ഉള്ളിലൊതുക്കാന്‍ ബിബിസിയുടെ ക്യാമറയ്ക്ക് ഭാഗ്യമുണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. ബിബിസിയുടെ ക്യാമറാമാന്‍‌മാര്‍ അപ്രതീക്ഷിതമായി പണിമുടക്ക് നടത്തിയതിനാലാണ് ഈ മത്സരം റെക്കോര്‍ഡ് ചെയ്യപ്പെടാതിരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന് ലോകത്തിന്റെ നെറുകയിലേക്ക് വഴിതുറന്ന് കൊടുത്ത മത്സരമായിരുന്നു അത്. സിംബാബ്‌വെയുടെ റോസന്റെയും കെവിന്‍ കറന്റെയും ബൗളിങ്ങില്‍ 17 റണ്‍സിന് 5 വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ പരുങ്ങുകയായിരുന്നു. പക്ഷേ നായകന്‍ കപില്‍ദേവ് എത്തിയതോടെ കളിയാകെ മാറി. ഒരു പന്തും കപിലിന്റെ അടിയുടെ വേദനയറിയാതിരുന്നില്ലെന്ന് പറഞ്ഞാല്‍ അതിശയോതിയാകില്ല. സ്‌കോര്‍ 77 ആയപ്പോള്‍ റോജര്‍ ബിന്നിയെയും 78 ആയപ്പോള്‍ രവിശാസ്ത്രിയെയും നഷ്ടപ്പെട്ടെങ്കിലും കപില്‍ തളര്‍ന്നില്ല. 16 ബൌണ്ടറികളും ആറ് സിക്സറുകളും ഉള്‍പ്പടെ 138 പന്തില്‍ നിന്ന് കപില്‍ 175 റണ്‍സെടുത്തു. ബാക്കി എല്ലാവരും കൂടി 162 പന്തുകളില്‍നിന്ന് 91 റണ്‍സ് മാത്രമാണ് എടുത്തത്. 12 എക്‌സ്ട്രാ റണ്‍സും കൂടിയായപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 266 റണ്‍സ്. 31 റണ്‍സിനാണ് ഇന്ത്യ ഈ മത്സരത്തില്‍ സിംബാബ്‌വെയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ഏകദിനചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒറ്റയാള്‍പ്രകടനം അരങ്ങേറിയ ഈ മത്സരം നടന്നത് ഇംഗ്ലണ്ടിലെ നെവില്‍ ഗ്രൗണ്ടിലാണ്.

പിന്നീട് ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ കീഴടക്കി ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം ചൂടി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സിന് പുറത്തായിരുന്നു. പക്ഷേ വെസ്റ്റിന്‍ഡീസ് 140 റണ്‍സിന് എറിഞ്ഞൊതുക്കാന്‍ കപിലിന്റെ ചെകുത്താന്‍മാര്‍ക്കായി.

Share this Story:

Follow Webdunia malayalam