Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് ക്രിക്കറ്റ്: എറിഞ്ഞിട്ട വഴികളിലൂടെ...

ലോകകപ്പ് ക്രിക്കറ്റ്: എറിഞ്ഞിട്ട വഴികളിലൂടെ...
, തിങ്കള്‍, 7 ഫെബ്രുവരി 2011 (14:12 IST)
PRO
PRO
ക്രിക്കറ്റിന്റെ സൌന്ദര്യം എന്താണ്? അധികം‌ പേരുടെയും ഉത്തരം ഒന്നായിരിക്കും- ബാറ്റിംഗ്. ക്രിക്കറ്റില്‍ ആരാധകര്‍ ഏറെയും ബാറ്റ്സ്മാന്‍‌മാര്‍ക്ക് ആകുന്നതും ഇതുകൊണ്ട് തന്നെ. വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്നവര്‍ വീരന്‍‌മാരാകുന്നത് നിമിഷങ്ങള്‍ കൊണ്ടാണ്. പക്ഷേ കളിയില്‍ അപ്രതീക്ഷിതമായ വഴിത്തിരുവുകള്‍ സൃഷ്ടിക്കുന്നത് ഒരു ദൂസര, ഒരു ഗൂഗ്ലി അല്ലെങ്കില്‍ ഒരു യോര്‍ക്കര്‍- അങ്ങനെ പേരുള്ളതും ഇല്ലാത്തതുമായ ചില പന്തുകളാകും. ബൌളര്‍മാര്‍ അപ്രതീക്ഷിതമായി താരങ്ങളാകുകയും ചെയ്യും.

പക്ഷേ അടുത്ത കളിയില്‍ കുറച്ച് അധികം തല്ലു വാങ്ങിയാലോ? ഇവര്‍ കളിപ്രേമികളുടെ ശത്രുക്കളാകുകയും ചെയ്യും. സ്ഥിരത പുലര്‍ത്തുന്നവര്‍ ഇല്ലെന്നല്ല പറയുന്നത് പക്ഷേ അപ്രതീക്ഷതയുടെയും ഭാഗ്യത്തിന്റേയും പിച്ചിലാണ് എപ്പോഴും ബൌളര്‍മാര്‍ക്ക് സ്ഥാനം. ലോകകായിക മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ലോകകപ്പിലെ ബൌളിംഗ് റെക്കോര്‍ഡുകളിലൂടെ ഒരു കറക്കം.

webdunia
PRO
PRO
ലോകകപ്പില്‍ ആദ്യമായി ബൌള്‍ ചെയ്യാന്‍ അവസരം ലഭിച്ചത് ഇന്ത്യക്കാണ്. 1975 ജൂണ്‍ ഏഴിന് നടന്ന മത്സരത്തില്‍ ഇന്ത്യയുടെ മദന്‍ ലാല്‍ ലോകകപ്പിലെ ആദ്യ ബോള്‍ ചെയ്ത താരം എന്ന വിശേഷണത്തിന് അര്‍ഹനായി. ഇംഗ്ലണ്ടിന്റെ ഡെനീസ് അമിസ്സിനെതിരെയാണ് മദന്‍‌ലാല്‍ ആദ്യ പന്തെറിഞ്ഞത്. ലോകകപ്പിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതും ഇന്ത്യന്‍ താരമാണ്. 1987 ഒക്ടോബര്‍ 31ന് നടന്ന മത്സരത്തില്‍ ന്യൂസിലാന്റിനെ നേരെ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ചേതന്‍ ശര്‍മ്മയാണ് ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്തത് ഓസ്ട്രേലിയയുടെ ഗ്രേന്‍ മഗ്രാത്ത് ആണ്. 39 മാച്ചുകള്‍ കളിച്ച മഗ്രാത്ത് 71 വിക്കറ്റുകളാണ് എടുത്തത്. 42 മെയ്‌ഡന്‍ ഓവറുകള്‍ എറിഞ്ഞ മഗ്രാത്ത് രണ്ട് തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. ഒമ്പത് തവണ മൂന്ന് വിക്കറ്റ് നേട്ടം കൈവരിച്ച മഗ്രാത്തിന്റെ ലോകകപ്പിലെ മികച്ച ബൌളിംഗ് പ്രകടനം നമീബിയക്കെതിരെ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകളെടുത്തതാണ്.

ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനം പാകിസ്ഥാന്റെ വസിം അക്രമാണ്. 38 മാച്ചുകളില്‍ 55 വിക്കറ്റുകളാണ് അക്രമിന്റെ നേട്ടം. 17 മെയ്‌ഡന്‍ ഓവറുകള്‍ എറിഞ്ഞ അക്രം നമീബിയക്കെതിരെ 28 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ എടുത്തു. ലോകകപ്പിലെ , അക്രമിന്റെ മികച്ച പ്രകടനവും ഏക അഞ്ചു വിക്കറ്റ് നേട്ടവും ഇതാണ്. അക്രം എട്ടുതവണ മൂന്ന് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.

ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തവരില്‍ മൂന്നാംസ്ഥാനത്ത്. 31 മാച്ചുകളില്‍ നിന്നായി മുരളീധരന്‍ 53 വിക്കറ്റുകളെടുത്തു. 14 മെയ്‌ഡന്‍ ഓവറുകള്‍ എറിഞ്ഞ മുരളീധരന്റെ പ്രകടനം അയര്‍‌ലാന്റിനെതിരെ 19 റണ്‍സുകള്‍ വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ എടുത്തതാണ്. ഒമ്പത് തവണ മൂന്നു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ലോകകപ്പിലെ ഒരു മാച്ചിലെ മികച്ച പ്രകടനവും ഗ്രേന്‍ മഗ്രാത്തിന് അവകാശപ്പെട്ടതാണ്. നമീബിയക്കെതിരെ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകളെടുത്തതാണ് മികച്ച് ബൌളിംഗ് പ്രകടനം. 2003 ഫെബ്രുവരി 23 ന് നടന്ന ഈ മത്സരത്തില്‍ മഗ്രാത്ത് ഏഴു ഓവറുകള്‍ എറിഞ്ഞപ്പോള്‍ നാല് ഓവറുകളും മെയ്ഡനായിരുന്നു.

രണ്ടാമത്തെ മികച്ച ബൌളിംഗ് പ്രകടനം ഓസീസിന്റേ തന്നെ ആന്‍‌ഡ്ര്യൂ ബിച്ചലിന്റേതാണ്. 2003 മാര്‍ച്ച് രണ്ടിന് ഇംഗ്ലണ്ടിനെതിരെ 10 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആന്‍‌ഡ്ര്യൂ സ്വന്തമാക്കിയത് ഏഴ് വിക്കറ്റുകളാണ്. ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്ത് വെസ്റ്റിന്റീസിന്റെ വിന്‍സ്റ്റണ്‍ ഡേവിസിന്റെ പ്രകടനമാണ്. 1983 ജൂണ്‍ 11ന് ഓസീസിനെതിരെ നടന്ന മത്സരത്തില്‍ 10.3 ഓവറില്‍( അന്ന് 60 ഓവറായിരുന്നു മത്സരം) 51 റണ്‍സ് വിട്ടുകൊടുത്ത് ഏഴു വിക്കറ്റ് നേടിയതാണ് വിന്‍സ്റ്റണിന്റെ പ്രകടനം.

ഏറ്റവും കൂടുതല്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് നാലു പേരാണ്. ഓസീസ് താരങ്ങളായ ഗാരി ഗ്ലിമര്‍, മഗ്രാത്ത്, വെസ്റ്റിന്റീസ് താരം വാസ്ബെര്‍ട് ഡ്രാക്സ് ശ്രീലങ്കന്‍ താരം അഷാന്ത ഡി മെല്‍ എന്നീ താരങ്ങളാണ് ഈ നേട്ടത്തിന് അര്‍ഹര്‍. രണ്ട് തവണയാണ് ഇവര്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam